Connect with us

National

ഗാന്ധി കുടുംബത്തെ രക്ഷിക്കാന്‍ കൂട്ടുത്തരവാദിത്വ കവചം

Published

|

Last Updated

ന്യുഡല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് കനത്ത പരാജയം ഏറ്റുവാങ്ങാനിരിക്കെ, അതിന്റെ ഉത്തരവാദിത്വത്തില്‍ നിന്നും ഗാന്ധി കുടുംബത്തെ ഒഴിവാക്കി നിര്‍ത്താന്‍ കേന്ദ്ര മന്ത്രിമാരടക്കമുള്ള കോണ്‍ഗ്രസ് നേതാക്കള്‍ തല പുകച്ചുതുടങ്ങി. കോണ്‍ഗ്രസിന്റെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചിരുന്നില്ലെങ്കിലും മുന്നില്‍ നിന്ന് പാര്‍ട്ടിയെയും യു പി എയെയും നയിച്ചത് പാര്‍ട്ടി വൈസ് പ്രസിഡന്റായ രാഹുല്‍ ഗാന്ധിയായിരുന്നു. സ്വാഭാവികമായും പാര്‍ട്ടിയുടേയും സഖ്യകക്ഷികളുടെയും പരാജയത്തിന്റെ ഉത്തരവാദിത്വം പ്രധാനമായും രാഹുലിന് തന്നെ. പക്ഷെ അങ്ങിനെയൊരു ഉത്തരവാദിത്വം സര്‍ക്കാറിന് മേല്‍ അടിച്ചേല്‍പ്പിക്കാനാണ് ശക്തമായ നീക്കം നടക്കുന്നത്.
“തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടത് സര്‍ക്കാറാണ്, രാഹുല്‍ ഗാന്ധിയല്ല” -മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും കേന്ദ്രമന്ത്രിയുമായ കമല്‍നാഥ് പറഞ്ഞു. എക്‌സിറ്റ് പോളിലെ പ്രവചനങ്ങളോട് പ്രതികരിക്കാന്‍ ആദ്യ ദിനത്തില്‍ കോണ്‍ഗ്രസ് നേതാക്കളെല്ലാം വിമുഖരായിരുന്നു. ഒരു ദിവസത്തെ ഇടവേളക്ക് ശേഷം കമല്‍നാഥ് ആണ് വാര്‍ത്താ ചാനലുകളോട് ആദ്യമായി പ്രതികരിച്ചത്.
” മന്ത്രിസഭയില്‍ രാഹുല്‍ ഗാന്ധിയില്ല. പാര്‍ട്ടിയില്‍ രണ്ടാം സ്ഥാനക്കാരനാണ് അദ്ദേഹം. സോണിയ ഗാന്ധി പാര്‍ട്ടി പ്രസിഡന്റാണ്. പിന്നെ സ്വാഭാവികമായും പ്രാദേശിക നേതാക്കളുമുണ്ട്. ഇതെല്ലാം ഒരു കൂട്ടായ്മയാണ്” -പാര്‍ട്ടി വക്താവായ ശക്കീല്‍ അഹ്മദ് പറഞ്ഞു. സര്‍ക്കാറിന്റെ നയപരിപാടികള്‍ ജനങ്ങളിലേക്ക് എത്തിക്കുന്നതില്‍ കേന്ദ്ര സര്‍ക്കാര്‍ പരാജയപ്പെട്ടുവെന്നും അദ്ദേഹം പറഞ്ഞു.
കോണ്‍ഗ്രസിന്റെ മറ്റൊരു മുതിര്‍ന്ന നേതാവും കേന്ദ്രമന്ത്രിയുമായ ജയറാം രമേശും പരാജയത്തിനുള്ള ഉത്തരവാദിത്വത്തില്‍ നിന്നും ഗാന്ധികുടുംബത്തെ അകറ്റി നിര്‍ത്താനാണ് താത്പര്യം പ്രകടിപ്പിച്ചത്. തിരഞ്ഞെടുപ്പ് പ്രചാരണവേളയില്‍ ജനങ്ങളുമായി സംവദിക്കുന്നതില്‍ മുതിര്‍ന്ന നേതാക്കളെല്ലാം പരാജയപ്പെട്ടുവെന്നും ജയറാം രമേശ് പറഞ്ഞു.
കോണ്‍ഗ്രസിനുണ്ടായ കനത്ത പരാജയത്തിന് ഗാന്ധി കുടുംബത്തെ കുറ്റപ്പെടുത്തുന്നത് തടയാനും ഉത്തരവാദിത്വം മറ്റുള്ളവരുടെ തലയില്‍ കെട്ടിവെക്കാനും “എറാന്‍ മൂളികളായ” ഏറെപേരുണ്ട്. ജയിച്ചാല്‍ അതിനുള്ള അംഗീകാരം ഗാന്ധികുടുംബത്തിന്. തോറ്റാല്‍ പഴി ചുമക്കേണ്ടത് മറ്റുള്ളവര്‍. ഈ മനോഭാവത്തില്‍ മാറ്റം വന്നിട്ടില്ലെന്ന് നേതാക്കളുടെ പ്രതികരണങ്ങള്‍ വ്യക്തമാക്കുന്നു.
രാഹുല്‍ ഗാന്ധിക്കും സോണിയ ഗാന്ധിക്കും വേണ്ടി പ്രചാരണത്തിനിറങ്ങിയ പ്രിയങ്കാ ഗാന്ധി വാസ്തവത്തില്‍ അടിച്ച് പൊളിക്കകതന്നെ ചെയ്തു. ഇതൊരു തിരിച്ചറിവാണ്. പ്രിയങ്ക രാഷ്ട്രീയത്തിലിറങ്ങാന്‍ സമയമായെന്ന് കോണ്‍ഗ്രസിനകത്ത് തന്നെ വ്യാപകമായ തോതില്‍ ആഗ്രഹ പ്രകടനം നടക്കുമ്പോള്‍ ഫലത്തില്‍ അത് രാഹുലിലുള്ള പ്രതീക്ഷകള്‍ മങ്ങിത്തുടങ്ങിയെന്ന് വേണം മനസിലാക്കാന്‍.