Connect with us

Editorial

പലിശ തന്നെയാണ് പ്രശ്‌നം

Published

|

Last Updated

കൊള്ളപ്പലിശക്കാര്‍ക്കെതിരെ ശക്തമായ നടപടികള്‍ കൈക്കൊള്ളുമെന്നാണ് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പറയുന്നത്. ബ്ലേഡ് മാഫിയയെ അടിച്ചമര്‍ത്താന്‍ ആവശ്യമെങ്കില്‍ ഗുണ്ടാ നിയമത്തില്‍ ഭേദഗതി വരുത്തുമെന്നും കരുതല്‍ തടങ്കല്‍ കാലാവധി ആറ് മാസത്തില്‍ നിന്ന് ഒരു വര്‍ഷമാക്കി വര്‍ധിപ്പിക്കുന്നത് പരിശോധിക്കുമെന്നും അദ്ദേഹം വാഗ്ദാനം ചെയ്യുന്നു. കേരള മണി ലെന്‍ഡേഴ്‌സ് ആക്ടിന് പുറത്ത് പ്രവര്‍ത്തിക്കുന്ന എല്ലാ പണമിടപാടുകാര്‍ക്കും ഇനി കാരാഗ്രഹവാസമായിരിക്കും സര്‍ക്കാര്‍ വിധിക്കുകയെന്നും അദ്ദേഹം പ്രഖ്യാപിച്ചിരിക്കുന്നു. മാത്രമല്ല, “ബ്ലേഡ് കച്ചവടം” നടത്തുന്നതോ ഇത്തരക്കാരെ സഹായിക്കുന്നവരോ ആയ ഒരു പോലീസുകാരനെയും സേനയില്‍ വെച്ച് പൊറുപ്പിക്കില്ലെന്നും ചെന്നിത്തല വ്യക്തമാക്കിയിട്ടുണ്ട്. ആഭ്യന്തര മന്ത്രിയുടെ ഈ വാക്കുകള്‍ ഏറെ ആശ്വാസകരം തന്നെയാണ്. പറഞ്ഞപോലെ പ്രവര്‍ത്തിക്കാന്‍ അദ്ദേഹത്തിന്റെ വകുപ്പിനും സര്‍ക്കാറിനും സാധിക്കുന്നുവെങ്കില്‍ വലിയ മുന്നേറ്റമാകും ഉണ്ടാകുകയെന്ന കാര്യത്തില്‍ സംശയമില്ല. യഥാര്‍ഥ ജനപക്ഷ നിലപാടുകള്‍ ഉയര്‍ത്തിപ്പിടിക്കുന്ന ഒരു ഭരണകൂടത്തിനും കഴുത്തറപ്പന്‍ പലിശക്കാരെ ഇങ്ങനെ മേയാന്‍ വിടാനാകില്ല.
പക്ഷേ, ആഭ്യന്തര മന്ത്രിക്ക് ഇങ്ങനെ പ്രഖ്യാപനം നടത്താനും “”ഓപറേഷന്‍ കുബേര”യെന്ന പേരില്‍ ആവിഷ്‌കരിച്ച ബ്ലേഡ് മാഫിയാവിരുദ്ധ നടപടികള്‍ പൊടി തട്ടിയെടുക്കാനും അഞ്ച് മൃതശരീരങ്ങള്‍ വേണ്ടി വന്നുവെന്നത് ലജ്ജാകരമാണ്. ഈ പ്രഖ്യാപനങ്ങളും റെയ്ഡ് അടക്കമുള്ള കോലാഹലങ്ങളും വെറും കാട്ടിക്കൂട്ടലാണെന്ന നിഗമനത്തിലെത്തിച്ചേരാനാണ് മുന്നനുഭവങ്ങള്‍ നമ്മെ നിര്‍ബന്ധിക്കുന്നത്. മദ്യദുരന്തമുണ്ടായാല്‍ കള്ള് ഷാപ്പുകളില്‍ റെയ്ഡ് തകൃതിയായി നടക്കാറുണ്ട്. കുറേ കേസെടുക്കും. ചില അറസ്റ്റുകള്‍. പിന്നെ അവരൊക്കെ പുറത്തു വരും. ഈ നടപടികള്‍ക്ക് ഒരു തുടര്‍ച്ചയും ഉണ്ടാകാറില്ല. ദാരുണമായ വാഹന അപകടങ്ങള്‍ നടക്കുമ്പോഴും ഇത്തരം പുരപ്പുറമടിക്കലുകള്‍ കാണാം. മണി ചെയിനുകള്‍ പൊട്ടിയപ്പോള്‍ എടുത്ത നടപടികള്‍ നാം കണ്ടതല്ലേ? എന്നിട്ടിപ്പോഴും ഇത്തരം എത്രയെത്ര സംവിധാനങ്ങളാണ് നാട്ടില്‍ നിര്‍ബാധം പണം തട്ടുന്നത്? സാമ്പത്തിക തട്ടപ്പിന്റെ സ്വന്തം നാടായി കേരളം മാറുന്നതിന്റെ അടിസ്ഥാനപരമായ കാരണം നടപടികള്‍ വെറും ഓങ്ങല്‍ മാത്രമാകുന്നതാണ്. ഓങ്ങിയാല്‍ പോരാ, അടിക്കാന്‍ തയ്യാറാണോ എന്നാണ് സര്‍ക്കാറിനോട് ചോദിക്കാനുള്ളത്. ഓപറേഷന്‍ കുബേരയില്‍ ഇതിനകം 90 പേരെ അറസ്റ്റ് ചെയ്തുവെന്നാണ് വാര്‍ത്ത. ചെറു മീനുകളില്‍ നിന്ന് വന്‍ സ്രാവുകളിലേക്ക് നടപടി നീങ്ങുമെന്ന് പ്രതീക്ഷിക്കാം.
തിരുവനന്തപുരം പേരൂര്‍ക്കടയിലെ കിഴക്കേ മുക്കോലയില്‍ മനോഹരന്‍ ആശാരിയും കുടുംബത്തിലെ നാല് പേരുമാണ് കഴിഞ്ഞ ദിവസം ജീവനൊടുക്കിയത്. ആത്മഹത്യ പരിഹാരമല്ല. ഒളിച്ചോട്ടമാണ്. അത് വിവേകമല്ല, വിഡ്ഢിത്തമാണ്. സാമ്പത്തിക പ്രതിസന്ധിക്ക് മുന്നില്‍ പകച്ചു പോകുമ്പോള്‍ ഈ കുറുക്കു വഴി തേടുന്നവരില്‍ മുന്നില്‍ കേരളീയരാണന്നത് നമ്മെ ഇരുത്തിച്ചിന്തിപ്പിക്കേണ്ടതാണ്. ബിസിനസ്സുകാരായ മനോഹരന്‍ ആശാരിയും മക്കളും വീടും പറമ്പും പണയപ്പെടുത്തി കൊള്ളപ്പലിശക്കാരില്‍ നിന്ന് വായ്പ വാങ്ങുകയായിരുന്നു. ആയിരത്തിന് നൂറും ഇരുന്നൂറുമാണ് ബ്ലേഡുകാരുടെ പലിശ. വായ്പ അവര്‍ വീട്ടില്‍ കൊണ്ടു തരും. ചോദിക്കാതെയും നല്‍കും. വാങ്ങിക്കഴിഞ്ഞാല്‍ മട്ട് മാറും. മാസാമാസം പലിശ അടക്കണം. ചിലര്‍ക്ക് ആഴ്ചയിലാണ് പലിശ. തെറ്റിയാല്‍ പലിശക്ക് പലിശ നല്‍കണം. വെള്ളക്കടലാസിലും മുദ്രക്കടലാസിലും ബ്ലാങ്ക് ചെക്കിലും അവര്‍ ഇരകളെ കുടുക്കിയിട്ടുണ്ടാകും. അടവ് തെറ്റുമ്പോള്‍ ഇവ ഉയര്‍ത്തിക്കാട്ടി ഭീഷണി തുടങ്ങും. അത് ഫലിച്ചില്ലെങ്കില്‍ നാണം കെടുത്തും. കവലയില്‍ തടഞ്ഞു നിര്‍ത്തി സീന്‍ സൃഷ്ടിക്കും. അതും കഴിഞ്ഞാല്‍ വീട്ടില്‍ കയറി നിരങ്ങാന്‍ തുടങ്ങും. സ്ത്രീകളെ അപമാനിക്കും. സ്ഥിരം ക്രിമിനലുകളാണ് പിരിവുകാരായി എത്താറുള്ളത്. പണപ്പിരിവ് അവര്‍ക്ക് നല്‍കിയ ക്വട്ടേഷനുകളാണ്. സഹികെട്ട് ഇര പോലീസില്‍ പരാതി പറയാന്‍ ചെന്നാലാണ് ഏറ്റവും വലിയ ക്രൂരത അരങ്ങേറുക. പോലീസ് സ്റ്റേഷനില്‍ ബ്ലേഡുകാരന്റെ സ്വാധീനം ശരിക്കും വ്യക്തമാകും. ഏമാന്‍മാരും പിരിവുകാരാണ്. വലിയ ഉദ്യോഗസ്ഥന്‍മാരുടെ ബിനാമിയായിരിക്കും ബ്ലേഡ് സ്ഥാപനം.
സ്വകാര്യ പണമിടപാട് സ്ഥാപനങ്ങള്‍ നാടിന്റെ മുക്കിലും മൂലയിലും നിറയുകയാണ്. കള്ളപ്പണവും നിയമവിരുദ്ധ ഇടപാടുകളും സമാന്തര സമ്പദ്‌വ്യവസ്ഥയായി മാറിയിരിക്കുന്നു. സാമ്പത്തിക ആസൂത്രകര്‍ക്കോ റിസര്‍വ് ബേങ്കിന്റെ നേതൃത്വത്തിലുള്ള പണ അധികാരികള്‍ക്കോ ഈ സമ്പദ്‌വ്യവസ്ഥയില്‍ ഒരു നിയന്ത്രണവും ഇല്ല. ഈ ദുഃസ്ഥിതിക്ക് സര്‍ക്കാറിനെ മാത്രം പഴിക്കുന്നത് ശരിയല്ല. വാങ്ങലുകാര്‍ ക്യൂ നില്‍ക്കുന്നതു കൊണ്ടാണ് ബ്ലേഡുകാര്‍ കൊഴുക്കുന്നത്. വരവുമായി ഒരു നിലക്കും ഒത്തുപോകാത്ത ചെലവും ഒരിക്കലും അടങ്ങാത്ത ഉപഭോഗതൃഷ്ണയും മനുഷ്യരെ ഇവരുടെ വലയില്‍ എത്തിക്കുകയാണ്. മറ്റുള്ളവരെ അനുകരിക്കാനായി മാത്രം ആഡംബരത്തിന്റെ പിറകേ പോകുന്നവരുണ്ട്. അവര്‍ കഴുത്തറപ്പന്‍ പലിശക്ക് പണം വാങ്ങിയാണ് പൊങ്ങച്ചം കാണിക്കുന്നത്. വ്യവസ്ഥാപിത സ്ഥാപനങ്ങളില്‍ വായ്പ ലഭിക്കാനുള്ള കാലതാമസവും കുപ്പിക്കഴുത്തുകളും ഇരകളെ ബ്ലേഡുകാരന്റെ വാതില്‍ക്കലെത്തിക്കുന്നു. മനോഹരന്‍ ആശാരിയുടെ കാര്യം തന്നെ നോക്കൂ. പലിശക്ക് പണമെടുത്ത് ഓഹരി വിപണിയില്‍ ഭാഗ്യപരീക്ഷണം നടത്തുകയായിരുന്നു അവര്‍. കുറുക്കുവഴിയിലൂടെ സഞ്ചരിച്ച് അഗാധ ഗര്‍ത്തത്തില്‍ പതിച്ചവര്‍.
ബ്ലേഡ് സംഘങ്ങള്‍ മാത്രമാണോ കുഴപ്പം? അങ്ങനെ നിഗമനത്തില്‍ എത്തുന്നത് പ്രശ്‌നത്തിന്റെ സമഗ്രതയില്‍ നിന്നുള്ള ഒളിച്ചോട്ടമായിരിക്കും. വയനാട്ടില്‍ ജീവനൊടുക്കിയ കര്‍ഷകര്‍ മുഴുവന്‍ കടമെടുത്തത് അംഗീകൃത ബേങ്കിംഗ് സ്ഥാപനത്തില്‍ നിന്നായിരുന്നുവെന്ന് ഓര്‍ക്കണം. പലിശയധിഷ്ഠിത സാമ്പത്തിക ക്രമം ഏത് നിമിഷവും നിലംപൊത്തുമെന്ന് അമേരിക്ക പോലുള്ള വന്‍ ശക്തികളുടെ അനുഭവങ്ങള്‍ പലവട്ടം തെളിയിച്ചതാണല്ലോ. മുതലാളിത്തത്തിന്റെ പ്രധാന ഉപകരണമായ പലിശയെ നിരാകരിക്കുന്ന ബദല്‍ സാമ്പത്തിക ക്രമം മാത്രമാണ് യഥാര്‍ഥ പരിഹാരം.

 

Latest