ഇന്ത്യന്‍ ബഹുസ്വരതയും മോദി എന്ന നിര്‍മിതിയും

Posted on: May 14, 2014 6:01 am | Last updated: May 14, 2014 at 12:02 am

MODIഹിറ്റ്‌ലറും മുസ്സോളനിയും ഉയര്‍ത്തിയ ഫാസിസ്റ്റ് ഭീകരതക്കെതിരായ പ്രത്യയശാസ്ത്ര മുന്നണിയുടെ സൈദ്ധാന്തികനും പ്രയോക്താവുമെന്ന നിലയിലാണ് ലോക സമൂഹം മഹാനായ ദിമിത്രോവിനെ എന്നും ഓര്‍മിക്കുന്നത്. കമ്മ്യൂണിസ്റ്റ് ഇന്റര്‍നാഷനിലിന്റെ സെക്രട്ടറി എന്ന നിലയില്‍ ദിമിത്രോവ് മുന്നോട്ടുവെച്ച ഫാസിസ്റ്റ്‌വിരുദ്ധ മുന്നണി സങ്കല്‍പ്പമാണ് ഹിറ്റ്‌ലറുടെയും മുസ്സോളനിയുടെയും ശവക്കുഴി തീര്‍ത്തത്. ഫാസിസത്തിന്റെ കോണ്‍സന്‍ട്രേഷന്‍ ക്യാമ്പുകളേക്കാള്‍ ജനാധിപത്യവാദികള്‍ എന്നും ഭയപ്പെടുന്നത് അതിന് ലഭിക്കുന്ന ജനപിന്തുണയെയാണ്.
ചരിത്രത്തിലെന്നും എവിടെയും, ജനാധിപത്യ സംവിധാനങ്ങളും പ്രക്രിയകളും തങ്ങളുടെ ദുരിതങ്ങള്‍ക്ക് നിവൃത്തി ഉണ്ടാക്കുന്നില്ലെന്ന വിശ്വാസമാണ് ജനങ്ങളെ ഫാസിസ്റ്റ് ചിന്താഗതിയുടെ ചാര്‍ച്ചക്കാരാക്കുന്നത്. ജനാധിപത്യ വ്യവസ്ഥിതിയുടെ നിലനില്‍പ്പിന്റെ തന്നെ അടിസ്ഥാനം എന്നും അതിലൂടെ ജനജീവിതത്തില്‍ മാറ്റമുണ്ടാക്കാമെന്ന വിശ്വാസമാണ്. ജനാധിപത്യ പ്രക്രിയയില്‍ ഇടപെടുക വഴി തങ്ങളുടെ ജീവിതത്തില്‍ മാറ്റമുണ്ടാക്കാമെന്ന വിശ്വാസമാണ് ഫാസിസ്റ്റുകള്‍ എന്നും തല്ലിത്തകര്‍ക്കുന്നത്. ദുരിതങ്ങള്‍ക്കും അപമാനങ്ങള്‍ക്കും കാരണം ജനാധിപത്യമാണെന്ന ബോധമാണ് ഫാസിസ്റ്റുകള്‍ എവിടെയും നിര്‍മിച്ചെടുക്കുന്നത്.
മുതലാളിത്ത ചൂഷണം സൃഷ്ടിച്ച കൊടിയ ദാരിദ്ര്യവും ചൂഷണവും കൊണ്ട് വഞ്ചിക്കപ്പെട്ട, അവഹേളിക്കപ്പെട്ട ജനതയുടെ ആത്മാഭിമാനം വീണ്ടെടുക്കാന്‍ എന്ന നാട്യത്തിലാണ് ഫാസിസ്റ്റുകള്‍ വരുന്നത്. ഹിറ്റ്‌ലര്‍ അപമാനിതരായ ജര്‍മന്‍ ജനതയുടെ അഭിമാനം വീണ്ടെടുക്കാനാണ് ആര്യന്‍ മാഹാത്മ്യമുണര്‍ത്തിയത്. ചിഹ്നങ്ങളിലൂടെയും മിത്തുകളിലൂടെയും ഫാസിസം ജനമനസ്സുകളില്‍ വേരുകളാഴ്ത്തുന്നു. ഓരോ രാജ്യത്തിന്റെയും സമൂഹത്തിന്റെയും സവിശേഷതകള്‍ക്കനുസരിച്ച് ഫാസിസത്തിന് രൂപപരിണാമങ്ങളുണ്ടാകാം. എന്നിരുന്നാലും ഫാസിസ്റ്റുകള്‍ എവിടെയും എപ്പോഴും ചെയ്യുന്നത്, തങ്ങള്‍ക്കനഭിമതരായ ഒരു വംശത്തെ, വിഭാഗത്തെ, മതവിഭാഗത്തെ ശത്രുവായി ചൂണ്ടിക്കാട്ടുകയാണ്. അവരെ ഉന്മൂലനം ചെയ്യുക, ഇല്ലാതാക്കുക വഴി നിങ്ങളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാമെന്ന വിദ്വേഷബോധം പടര്‍ത്തുകയാണ്.
അനഭിമതരായ ജനസമൂഹങ്ങളെയും വിശ്വാസങ്ങളെയും ഇല്ലാതാക്കുക വഴി നിങ്ങള്‍ക്ക് വികസനത്തിന്റെ സ്വര്‍ഗം ലഭിക്കുമെന്ന നുണപ്രചാരണമാണ് ഫാസിസ്റ്റുകള്‍ നടത്തുന്നത്. അനിയന്ത്രിതമായ മൂലധനത്തിന്റെ അധിനിവേശമോഹമാണ് എല്ലാ ഫാസിസ്റ്റ് പ്രചാരണ തന്ത്രങ്ങള്‍ക്കും പിറകില്‍ പ്രവര്‍ത്തിക്കുന്നത്. പ്രതിലോമ പ്രത്യയശാസ്ത്രങ്ങളും മൂലധനവും ചേര്‍ന്ന് മനുഷ്യരെ പങ്കിട്ടെടുക്കുകയാണ് ഫാസിസ്റ്റ് രാഷ്ട്രീയ പ്രയോഗത്തിലൂടെ സംഭവിക്കുന്നത്. കോര്‍പറേറ്റ് മൂലധനാധിപത്യത്തിന് തടസ്സം നില്‍ക്കുന്ന കമ്മ്യൂണിസം ഉള്‍പ്പെടെയുള്ള എല്ലാ ചിന്താ പദ്ധതികളോടും ഫാസിസമെന്നും കടുത്ത ശത്രുതയാണ് പുലര്‍ത്തുന്നത്.
ആരെയും ആകര്‍ഷിക്കുന്ന പ്രചാരണ രീതികളും വികസന പ്രലോഭനങ്ങളും സൃഷ്ടിച്ചാണ് ഫാസിസം അധികാരത്തിലേറുന്നത്. സാമ്രാജ്യത്വ പ്രതിസന്ധിയുടെ ദശാസന്ധികളിലാണ് മൂലധനം പുതിയ രക്ഷക പരിവേഷത്തോടെ അധിനായകരെ സൃഷ്ടിക്കുന്നത്. അതായത് സാമ്രാജ്യത്വ മൂലധന വ്യാപനത്തിന് തടസ്സം നില്‍ക്കുന്ന സാഹചര്യങ്ങളെ അതിജീവിക്കാനുള്ള രാഷ്ട്രീയ പ്രയോഗമാണ് ഫാസിസമെന്നത്. ദിമിത്രോവ് നിരീക്ഷിക്കുന്നത് പോലെ ഫൈനാന്‍സ് മൂലധനത്തിന്റെ ജീര്‍ണവും സ്വേച്ഛാധിപത്യപരവുമായ അധികാരവാഴ്ചയാണ് ഫാസിസം. മുസോൡിയും ഹിറ്റ്‌ലറുമെല്ലാം ചരിത്രത്തിന്റെ സവിശേഷ ഘട്ടത്തിലെ ഫാസിസ്റ്റ് ജീര്‍ണതകളാണ്. മൂലധനത്തിന്റെ ജീര്‍ണവും സ്വേച്ഛാധിപത്യപരവുമായ വികാസഗതിയിലെ ക്രൂര സന്തതികള്‍.
നരേന്ദ്ര മോദി മൂലധനത്തിന്റെ നവ ലിബറല്‍ പ്രതിസന്ധിയുടെ കാലത്തെ ഫാസിസ്റ്റ് രാഷ്ട്രീയത്തിന്റെ ഏറെ സവിശേഷതകളുള്ള ക്രൂര സന്തതിയാണ്. മുസ്‌ലിംകളെ ഉന്മൂലനം ചെയ്ത് രസിക്കുന്ന മൂലധന വികസനത്തിന്റെ ഇന്ത്യന്‍ രൂപം. നവ ലിബറല്‍ നയങ്ങള്‍ ഏറ്റവും തീക്ഷ്ണമായ ജീവിത പ്രശ്‌നങ്ങള്‍ സൃഷ്ടിച്ച ഗുജറാത്ത് പോലൊരു പിന്നാക്ക സംസ്ഥാനത്ത് നിന്നും ഇന്ദ്രപ്രസ്ഥത്തിലെ പ്രധാനമന്ത്രി പദം ലക്ഷ്യമാക്കി നീങ്ങുന്ന മോദി കോര്‍പറേറ്റ് മൂലധനത്തിന്റെ അരുമയായ നരാധമനാണ്. ലോകത്തെ അതിദരിദ്രരുടെ രാജ്യത്തെ ആഗോള നായക പദവിയിലെത്തിക്കുമെന്നത് പോലുള്ള വഞ്ചനാപരമായ പ്രചാരണ തന്ത്രങ്ങളിലൂടെയാണ് മോദി പ്രതിഭാസം രൂപപ്പെടുത്തിയിരിക്കുന്നത്. ദാരിദ്ര്യവും തൊഴിലില്ലായ്മയും വിലക്കയറ്റവും അഴിമതിയും കൊണ്ട് പൊറുതിമുട്ടുന്ന ജനങ്ങള്‍ക്ക് മുന്നില്‍ ഒരു രക്ഷകനായിട്ടാണ് മോദി അവതരിപ്പിക്കപ്പെടുന്നത്.
‘അപ്‌കോ വേള്‍ഡ് വൈസ്’ പോലുള്ള ഇന്റര്‍നാഷനല്‍ പബ്ലിക് റിലേഷന്‍സ് കമ്പനികളാണ് മോദി പ്രതിഭാസം തരംഗമാക്കി മാറ്റാന്‍ പണിപ്പെടുന്നത്. ആയിരക്കണക്കിന് കോടികളാണ് ഇതിനായി ഒഴുക്കുന്നത്.
കുത്തകമുതലാളിത്തം അതിന്റെ തന്നെ അതിജീവനത്തിനായി ജനങ്ങളെ പാട്ടിലാക്കാന്‍ പ്രാപ്തിയുള്ള രക്ഷകരെ പ്രതിസന്ധി ഘട്ടങ്ങളില്‍ നിര്‍മിച്ചെടുത്തിട്ടുണ്ട്. മോദിയുടെ പബ്ലിക് റിലേഷന്‍സ് പ്രവര്‍ത്തനങ്ങള്‍ക്ക് പണമൊഴുക്കുന്നത് ഇന്ത്യന്‍ കോര്‍പറേറ്റുകളാണ്. യു പി എ സര്‍ക്കാറിനു വേണ്ടി നേരത്തെ തന്നെ ‘ഭാരത നിര്‍മാണ്‍’ എന്ന പേരില്‍ 1000 കോടി രൂപയുടെ പരസ്യ പ്രചാരണം ആരംഭിച്ചതാണ്. ജനങ്ങളില്‍ നിന്ന് ഒറ്റപ്പെട്ട കോണ്‍ഗ്രസിനേക്കാള്‍ തങ്ങള്‍ക്ക് തുണയാകുക ബി ജെ പിയും മോദിയുമാണെന്ന കണക്കുകൂട്ടലിലാണ് കോര്‍പറേറ്റുകള്‍.
റിലയന്‍സ് ഗ്രൂപ്പാണ് മോദിക്ക് വേണ്ടിയുള്ള പബ്ലിക് റിലേഷന്‍സ് പ്രവര്‍ത്തനങ്ങള്‍ക്ക് പ്രധാനമായും പണമൊഴുക്കുന്നത്. ഇലക്‌ട്രോണിക്, അച്ചടി മാധ്യമങ്ങളെ ഇതിനായി സമര്‍ഥമായി ഉപയോഗപ്പെടുത്തുന്നു. നവ മാധ്യമ രംഗത്തും കോര്‍പറേറ്റ് ഏജന്‍സികള്‍ മോദിക്ക് വേണ്ടി കരാര്‍ അടിസ്ഥാനത്തില്‍ ഇടപെടുന്നു. ദേശീയ, പ്രാദേശിക ചാനലുകളിലും പത്രങ്ങളിലും ഈയടുത്ത കാലത്ത് 3,000 കോടി രൂപയാണ് റിലയന്‍സ് ഗ്രൂപ്പ് നിക്ഷേപിച്ചത്. നാല് ഇംഗ്ലീഷ് ചാനലുകളും 28 പ്രാദേശിക ചാനലുകളും റിലയന്‍സിന്റെ സ്വാധീനം ഉപയോഗിച്ച് മോദി തരംഗം ഉണ്ടാക്കാനുള്ള പ്രചാരണ യുദ്ധത്തിലാണ്. ഒട്ടുമിക്ക പത്രമുതലാളിമാരും മോദിക്ക് വേണ്ടിയുള്ള കോര്‍പറേറ്റ് ദൗത്യം സ്വയം ഏറ്റെടുത്തുകഴിഞ്ഞിരിക്കയാണ്.
ഈ പ്രചാരണ തന്ത്രത്തിന്റെ രീതിശാസ്ത്രവും മോദിക്കും കോണ്‍ഗ്രസിനുമെതിരെ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന ജനസ്വാധീനമുള്ള പ്രാദേശിക പാര്‍ട്ടികളെയും മതനിരപേക്ഷ ശക്തികളെയും അവഗണിക്കുകയാണ്. മോദിയും രാഹുലും തമ്മിലാണ് മത്സരമെന്ന് വരുത്തി രാഹുലിനേക്കാള്‍ കാര്യക്ഷമതയും കഴിവും മോദിക്കാണെന്ന് വരുത്തുകയാണ്. ജൂത വംശത്തില്‍ നിന്നും ജര്‍മനിയുടെ സാമ്പത്തിക തകര്‍ച്ചക്ക് കാരണമായ ജൂത മുതലാളിമാരില്‍ നിന്നും ജര്‍മനിയുടെയും ആര്യവംശത്തിന്റെയും രക്ഷകനായിട്ടാണ് ഹിറ്റ്‌ലറെ ഗീബല്‍സ് അവതരിപ്പിച്ചത്. നരേന്ദ്ര മോദിയുടെ മുഖത്തും കൈയിലും പുരണ്ട വംശഹത്യയുടെ ചോരക്കറയെ മറച്ചുവെച്ചുകൊണ്ട് വികസനത്തിന്റെ നായക പരിവേഷമാണ് മാധ്യമങ്ങള്‍ മോദിക്ക് നിര്‍മിച്ചെടുക്കുന്നത്. മോദിയും സംഘ്പരിവാറും ഗുജറാത്തിലെ ന്യൂനപക്ഷങ്ങളോട് കാണിച്ച ക്രൂരതയെ അപലപിക്കുന്നവര്‍ പോലും മോദിയുടെ കീഴില്‍ ഗുജറാത്തില്‍ വികസന രംഗത്ത് അത്ഭുതങ്ങളുണ്ടായി എന്ന് പറയുന്നിടംവരെ ഈ പ്രചാരണ തന്ത്രം ഇളക്കമുണ്ടാക്കിയിരിക്കുന്നു.
അബ്ദുല്ലക്കുട്ടിയും കെ എം ഷാജിയും ഉമ്മന്‍ ചാണ്ടിയുമെല്ലാം മോദിയുടെ ഗുജറാത്ത് വികസനത്തെ പരസ്യമായും പരോക്ഷവുമായും പുകഴ്ത്തുകയാണ്. ദേശീയ സാമ്പിള്‍ സര്‍വേ കണക്കുകള്‍ തന്നെ ഗുജറാത്ത് വികസന സൂചകങ്ങളില്‍ ദേശീയ ശരാശരിയേക്കാള്‍ പല കാര്യത്തിലും താഴെയാണ്. ഗുജറാത്തിലെ വര്‍ഗീയ ധ്രുവീകരണത്തിന്റെ തന്ത്രം യു പിയിലും രാജസ്ഥാനിലും പരീക്ഷിച്ചാണ് മോദി വോട്ട് പിടിക്കാന്‍ ശ്രമിച്ചത്. ഈ യാഥാര്‍ഥ്യങ്ങളെല്ലാം മറച്ചുപിടിച്ചാണ് മോദിയുടെ സമ്പന്നപക്ഷപാതപരമായ ‘വികസനതന്ത്ര’ത്തെ പലരും പുകഴ്ത്തുന്നത്. യഥാര്‍ഥത്തില്‍ മോദിക്ക് കീഴില്‍ ഗുജറാത്ത് തിളങ്ങുകയല്ല, മഹാ ഭൂരിപക്ഷം ഗുജറാത്തുകാരും ഭീകരമായി ഞെരുങ്ങുകയാണ്.
67 ശതമാനം ഗുജറാത്തുകാര്‍ക്ക് വീടുകളില്ല, കക്കൂസില്ല. 65 ശതമാനം ഗുജറാത്തുകാര്‍ വെളിമ്പ്രദേശങ്ങളിലാണ് മലവിസര്‍ജനം നടത്തുന്നത്. മാലിന്യ നിര്‍മാര്‍ജനത്തിനോ മലിനജലം ഒഴുക്കിക്കളയുന്നതിനോ ഒരു സംവിധാനവുമില്ല. 44 ശതമാനം ഗ്രാമങ്ങളില്‍ മഞ്ഞപ്പിത്തം, 30 ശതമാനം ഗ്രാമങ്ങളില്‍ മലമ്പനി, 40 ശതമാനം ഗ്രാമങ്ങളില്‍ വയറിളക്കം എന്നിവ സാര്‍വത്രികമാണ്. 67 ശതമാനം ഗ്രാമങ്ങളില്‍ കുടിവെള്ള ലഭ്യതയില്ല. ഗുജറാത്തിലെ മൂന്നിലൊന്ന് കുട്ടികള്‍ ഭാരക്കുറവും പോഷകാഹാരക്കുറവും മൂലമുള്ള ദാരിദ്ര്യജന്യ രോഗങ്ങളും അനുഭവിക്കുന്നു.
ഈ വസ്തുതകളെല്ലാം മറച്ചുപിടിച്ചാണ് മോദിക്ക് വികസന നായകനെന്ന പരിവേഷം നിര്‍മിക്കുന്നത്. കോര്‍പറേറ്റ് മാധ്യമങ്ങള്‍ മോദി തരംഗം സൃഷ്ടിക്കാന്‍ നടത്തിയ ശ്രമങ്ങള്‍ മോദിയെ പ്രധാനമന്ത്രിപദത്തിലെത്തിക്കുമെന്ന് ദേശീയ തിരഞ്ഞെടുപ്പ് രംഗം നിരീക്ഷിക്കുന്ന പലരും കരുതുന്നില്ല. ഇന്ത്യയുടെ ബഹുസ്വരതയും പ്രാദേശിക സാമുദായിക സ്വത്വങ്ങളും മോദിക്കെതിരായ ഒരു പ്രതിരോധമായി പ്രവര്‍ത്തിക്കുന്നുണ്ട്. മോദിയിസത്തിന്റെ സ്തുതി പാഠകരും പ്രചാരകരും യാഥാര്‍ഥ്യത്തെയാണ് ഭയപ്പെടുന്നത്. ഇത്രയും പണമൊഴിക്കിയിട്ടും ലോബിയിംഗ് നടത്തിയിട്ടും ബി ജെ പിക്ക് 1999ല്‍ വാജ്പയിയുടെ നേതൃത്വത്തില്‍ നേടിയ 182 സീറ്റ് പോലും മോദിയുടെ നേതൃത്വത്തില്‍ കിട്ടില്ല. തിരഞ്ഞെടുപ്പ് സ്ഥിതിഗതികളും ദേശീയ രാഷ്ട്രീയ സാഹചര്യവും അതാണ് സൂചിപ്പിക്കുന്നത്. 2009ല്‍ 116 സീറ്റാണല്ലോ ബി ജെ പിക്ക് കിട്ടിയത്. പ്രാദേശിക പാര്‍ട്ടികളെ ചാക്കിട്ടു പിടിക്കാമെന്ന മോഹമാണ് മോദിക്കുള്ളത്. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ബി ജെ പിക്ക് സാധ്യത വളരെ കുറവാണ്. ആന്ധ്രപ്രദേശിലെ ടി ഡി പി സഖ്യം ബി ജെ പിക്ക് കൂടുതല്‍ സീറ്റ് നേടിക്കൊടുക്കുമെന്ന് കരുതാനാകില്ല. കര്‍ണാടകയില്‍ കഴിഞ്ഞ തവണ കിട്ടിയ 19 സീറ്റ് നിലനിര്‍ത്താനാകില്ലെന്ന അവസ്ഥയാണ്. തമിഴ്‌നാട്ടില്‍ പരിമിതമായ സാധ്യതയേ ഉള്ളൂ. മധ്യേന്ത്യയിലും പശ്ചിമേന്ത്യയിലും ഇപ്പോഴുള്ള സീറ്റില്‍ 20 സീറ്റ് കൂടുതല്‍ ലഭിച്ചേക്കാം. കടുത്ത വര്‍ഗീയവത്കരണവും ഹിന്ദുത്വ ധ്രുവീകരമവുമാണ് പശ്ചിമ യു പിയില്‍ നടന്നിരുന്നത്. കോണ്‍ഗ്രസിന്റെ ദൗര്‍ബല്യമാണ് ഇതിന് കാരണം. ഗംഗാ സമതല സംസ്ഥാനങ്ങളിലും യു പിയിലും ബീഹാറിലും 70 സീറ്റെങ്കിലും ലഭിച്ചാലേ മോദിക്ക് പ്രധാനമന്ത്രിയാകാനാകൂ. ബീഹാറില്‍ നിലവിലുള്ള 10 സീറ്റ് നിലനിര്‍ത്തിയേക്കാം. യു പിയില്‍ 60 സീറ്റ് ലഭിക്കുമെന്നത് ബി ജെ പി നേതൃത്വത്തിന്റെ അമിത പ്രതീക്ഷ മാത്രമാണ്. 200 സീറ്റില്‍ പോലും ബി ജെ പി എത്തില്ലെന്നാണ് രാഷ്ട്രീയ നിരീക്ഷകന്‍ സമകാലിക സാഹചര്യത്തെ വിലയിരുത്തി വ്യക്തമാക്കുന്നത്.
കോര്‍പറേറ്റ് പണവും മാധ്യമ പ്രചാരണവും വഴി അധികാരത്തിലെത്താമെന്ന മോദിയുടെ ആഗ്രഹത്തിന് ഇന്ത്യന്‍ ജനത മറുപടി നല്‍കുമെന്ന് തന്നെയാണ് സംഭവഗതികളെ നിഷ്പക്ഷമായി നിരീക്ഷിക്കുന്ന ആര്‍ക്കും മനസ്സിലാക്കാന്‍ കഴിയുന്നത്.