Connect with us

Ongoing News

രണ്ടാം ദിനം ജനവിധി അറിയാം

Published

|

Last Updated

തിരുവനന്തപുരം: ജനവിധിയറിയുന്നതിലേക്കുള്ള അകലം മണിക്കൂറുകളായി ചുരുങ്ങുന്നു. രണ്ടാം ദിനം അറിയാം ഇന്ദ്രപ്രസ്ഥത്തിലേക്ക് കേരളം തിരഞ്ഞെടുത്ത ഇരുപത് പേര്‍ ആരെന്ന്. ഇരു മുന്നണികളുടെയും മേല്‍ക്കൈ ചൂണ്ടിക്കാട്ടുന്ന പോസ്റ്റ്‌പോള്‍ സര്‍വേ ഫലങ്ങളും പുറത്തു വന്നതോടെ വോട്ടര്‍മാര്‍ക്കിടയിലെ ആകാംക്ഷയും വര്‍ധിക്കുകയാണ്. പതിനെട്ട് വരെ സീറ്റുകള്‍ യു ഡി എഫ് നേടുമെന്ന് ദേശീയ ചാനലായ ടൈംസ് നൗ പ്രവചിച്ചപ്പോള്‍ എല്‍ ഡി എഫ് പന്ത്രണ്ട് സീറ്റ് നേടുമെന്നാണ് റിപ്പോര്‍ട്ടര്‍ ടി വിയുടെ പ്രവചനം.
വോട്ടെണ്ണലിനുള്ള ക്രമീകരണങ്ങളെല്ലാം പൂര്‍ത്തിയായിട്ടുണ്ട്. ത്രിതല സുരക്ഷാ സംവിധാനത്തില്‍ മെയ് പതിനാറിന് രാവിലെ എട്ട് മണിക്ക് വോട്ടെണ്ണല്‍ തുടങ്ങും. പോസ്റ്റല്‍ ബാലറ്റ് എണ്ണുന്നതിനുള്ള ഇരുപത് ഹാളുകള്‍ ഉള്‍പ്പെടെ 36 കേന്ദ്രങ്ങളിലായി 160 കൗണ്ടിംഗ് ഹാളുകളാണ് സജ്ജീകരിക്കുന്നതെന്ന് സംസ്ഥാന മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ നളിനി നെറ്റൊ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. സംസ്ഥാനത്തെ 29 ക്യാമ്പസുകളില്‍ 36 കെട്ടിടങ്ങളിലായി വോട്ടെണ്ണല്‍ നടക്കും. വയനാട് ഒഴികെ മറ്റെല്ലാ ജില്ലകളിലും വോട്ടെണ്ണല്‍ കേന്ദ്രത്തിലായിരിക്കും പോസ്റ്റല്‍ ബാലറ്റ് എണ്ണുക. വയനാട്ടില്‍ കലക്ടറേറ്റിലാണ് പോസ്റ്റല്‍ ബാലറ്റ് എണ്ണുന്നത്. ആദ്യം എണ്ണിത്തുടങ്ങുന്നതും പോസ്റ്റല്‍ ബാലറ്റുകളായിരിക്കും. സമാന്തരമായി വോട്ടിംഗ് മെഷീന്‍ വോട്ടുകള്‍ എണ്ണും. അവസാനത്തെ ഇ വി എം എണ്ണും മുമ്പ് പോസ്റ്റല്‍ ബാലറ്റ് എണ്ണി കഴിഞ്ഞിട്ടില്ലെങ്കില്‍ പോസ്റ്റല്‍ വോട്ട് എണ്ണി തീരും വരെ ഇ വി എം വോട്ട് എണ്ണുന്നത് നിര്‍ത്തിവെക്കും.
തിരഞ്ഞെടുപ്പ് കമ്മീഷന്റെ 56 നിരീക്ഷകര്‍ വോട്ടെണ്ണല്‍ നിരീക്ഷിക്കാനെത്തും. ഒരു കൗണ്ടിംഗ് ഹാളില്‍ പരമാവധി പതിനാല് ടേബിളുകളുണ്ടാകും. പോസ്റ്റല്‍ ബാലറ്റ് എണ്ണുന്ന ഹാളില്‍ നാല് ടേബിളുകള്‍ വരെയുണ്ടാകും. ഒരു ഹാളില്‍ ഏകദേശം അമ്പത് ഉദ്യോഗസ്ഥരുണ്ടാകും. 7500 ഉദ്യോഗസ്ഥരെയാണ് കൗണ്ടിംഗിനായി നിയോഗിക്കുന്നത്.
സംസ്ഥാനത്ത് കള്ള വോട്ട് നടന്നുവെന്നതിന് തെളിവില്ലെന്ന് നളിനി നെറ്റോ പറഞ്ഞു. പരാതിയുണ്ടായ പോളിംഗ് ബൂത്തുകളില്‍ കേന്ദ്ര സേനയും ക്യാമറയുമുണ്ടായിരുന്നു. പരാതിയുള്ളവര്‍ക്ക് കോടതിയെ സമീപിക്കാമെന്നും നളിനി നെറ്റോ പറഞ്ഞു.

Latest