യു എ ഇക്കകത്തും പുറത്തും ജീവകാരുണ്യത്തിന് വന്‍ പദ്ധതി

Posted on: May 13, 2014 8:22 pm | Last updated: May 13, 2014 at 8:22 pm

New Imageഅബുദാബി: ലോകത്ത് അടിയന്തിര സാഹചര്യം ഉണ്ടാകുമ്പോള്‍ ജീവകാരുണ്യ പ്രവര്‍ത്തനം നടത്താന്‍ യു എ ഇ ഉന്നതാധികാര സമിതി രൂപവത്കരിച്ചു. യു എ ഇക്ക് പുറത്ത് രാജ്യത്തിന്റെ വകയായി നടത്തപ്പെടുന്ന ജീവകാരുണ്യ-മാനുഷിക സഹായങ്ങള്‍ ഇനിമുതല്‍ ഈ സമിതി യായിരിക്കും ക്രമീകരിക്കുക.

ഇന്നലെ അബുദാബിയില്‍ നടന്ന മന്ത്രിസഭാ യോഗത്തല്‍ യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂമാണ് പുതിയ സമിതി പ്രഖ്യാപിച്ചത്. യു എ ഇക്കകത്തും പുറത്തും ജീവകാരുണ്യ പ്രവര്‍ത്തനം ഏകോപിപ്പിക്കുന്നതിനും ത്വരിതപ്പെടുത്തുന്നതിനും യു എ ഇ ഭരണകൂടം ഉന്നത പരിഗണന നല്‍കുകയാണെന്ന് ശൈഖ് മുഹമ്മദ് പറഞ്ഞു.
‘ഞങ്ങളുടെ ഭരണത്തിന്റെ സമീപനം മനുഷ്യസ്‌നേഹപരമാണ്. ഇത് വര്‍ഷങ്ങളായി ഞങ്ങള്‍ സ്ഥാപിച്ചിട്ടുണ്ട്. മനുഷ്യത്വത്തിന്റെ കൊടിക്കുറ ഉയര്‍ത്തിപ്പിടിച്ചാണ് ഞങ്ങള്‍ ജീവിക്കുന്നത്. സഹായം ആവശ്യമുള്ളവര്‍, അവര്‍ ആരുതന്നെ ആയാലും അവ എത്തിക്കാന്‍ ഞങ്ങള്‍ പ്രതിജ്ഞാബദ്ധരാണ്.’ ശൈഖ് മുഹമ്മദ് പറഞ്ഞു. രാജ്യാന്തര സൗഹൃദ, വികസന മന്ത്രി ശൈഖാ ലുബ്‌ന ബിന്‍ത് ഖാലിദ് അല്‍ ഖാസിമി അധ്യക്ഷതയായാണ് സമിതി. പ്രകൃതി ദുരന്തങ്ങള്‍ സംഭവിക്കുമ്പോള്‍ സഹായമെത്തിക്കാനും രാജ്യാന്തര ഏജന്‍സികളുമായി കൈക്കോര്‍ക്കാനും സമിതിക്ക് അധികാരമുണ്ടായിരിക്കും.
പുറം രാജ്യങ്ങളില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് യു എ ഇയുടെ സഹായമെത്തിക്കുന്നതില്‍ അതാത് രാജ്യങ്ങളിലുള്ള തദ്ദേശീയമോ അന്തര്‍ദേശീയമോ ആയ സ്ഥാപനങ്ങളെയോ കമ്മിറ്റികളെയോ സൗകര്യാനുസരണം പങ്കാളികളാക്കാം. ഇത്തരം കമ്മിറ്റികളുമായി സഹകരിച്ച് പഠനം നടത്തി. നിശ്ചയിക്കുന്ന സംഖ്യയാണ് ഓരോ രാജ്യത്തേക്കും സഹായമായി എത്തിക്കുക.
ഉപ പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് സൈഫ് ബിന്‍ സായിദ് അല്‍ നഹ്‌യാന്‍, ഉപ പ്രധാനമന്ത്രയും പ്രസിഡന്‍ഷ്യല്‍ അഫയേഴ്‌സ് മന്ത്രിയുമായ ശൈഖ് മന്‍സൂര്‍ ബിന്‍ സായിദ് അല്‍ നഹ്‌യാന്‍ തുടങ്ങിയവര്‍ മന്ത്രിസഭായോഗത്തില്‍ പങ്കെടുത്തു.