മാഞ്ചസ്റ്റര്‍ സിറ്റിയുടെ വിജയം അബുദാബിയില്‍ ആഹ്ലാദം പരത്തി

Posted on: May 13, 2014 8:17 pm | Last updated: May 13, 2014 at 8:17 pm

New Imageഅബുദാബി: ഇത്തിഹാദ് എയര്‍വേസ് സ്‌പോണ്‌സര്‍ ചെയ്ത ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ സിറ്റി കിരീടം ചൂടിയത് അബുദാബിയില്‍ ആഹ്ലാദം പരത്തി. മാഞ്ചസ്റ്റര്‍ സിറ്റിയുടെ വിജയത്തില്‍ ആഹ്ലാദം പ്രകടിപ്പിച്ച് യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂമും ഉപപ്രധാനമന്ത്രിയും മാഞ്ചസ്റ്റര്‍ സിറ്റി ഉടമയുമായ ശൈഖ് മന്‍സൂര്‍ ബിന്‍ സായിദ് അല്‍ നഹ്‌യാനും മറ്റു മന്ത്രിമാരും കേക്ക് മുറിച്ച് സന്തോഷം പ്രകടിപ്പിച്ചു. ശൈഖ് സായിദ് സ്റ്റേഡിയത്തില്‍ കൂറ്റന്‍ ടെലിവിഷനില്‍ മത്സരം ത്സമയം സംപ്രേഷണം ചെയ്തിരുന്നു. അബുദാബിയാണ് സിറ്റിയുടെ ഉടമസ്ഥര്‍. സിറ്റിയുടെ വിജയം അബുദാബിയുടെ വിജയമായി കണക്കാക്കുന്നുവെന്ന് കളികണ്ടവര്‍ പറഞ്ഞു. അവസാന ലീഗ് മത്സരത്തില്‍ വെസ്റ്റ്ഹാമിനെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് തകര്‍ത്ത് രണ്ടാം സ്ഥാനക്കാരായ ലിവര്‍പൂളിനേക്കാള്‍ രണ്ട് പോയിന്റ് വ്യത്യാസത്തിലാണ് മാനുവല്‍ പെല്ലിഗ്രീനിയുടെ കുട്ടികള്‍ കിരീടം നേടിയത്. 39ാമത് മിനിറ്റില്‍ സമീര്‍ നാസിരിയിലൂടെ ലീഡ് നേടിയ സിറ്റി രണ്ടാം പകുതിയുടെ തുടക്കത്തിലെ വിന്‍സന്റ് കൊംപനിയിലൂടെ ലീഡുയര്‍ത്തി. 49ാം മിനിറ്റിലാണ് കൊംപനി ഗോളടിച്ചത്.
കളിയിലുടനീളം സിറ്റിയാണ് നിറഞ്ഞു നിന്നത്. എഴുപത് ശതമാനവും പന്ത് കൈവശം വച്ചത് അവരാണ്. മികച്ച അവസരങ്ങള്‍ സൃഷ്ടിച്ച് മുന്നേറാനും സിറ്റിക്ക് കഴിഞ്ഞു. മുപ്പതോളം ഷോട്ടുകള്‍ വെസ്റ്റ് ഹാമിന്റെഗോള്‍ ലക്ഷ്യംവെച്ച് സിറ്റി തൊടുത്തു. എന്നാല്‍ വെസ്റ്റ്ഹാമിന് അഞ്ചില്‍ താഴെ തവണ മാത്രമാണ് ആ ഭാഗ്യം കിട്ടിയത്.
സമനില മാത്രം മതിയായിരുന്നു സിറ്റിക്ക് കിരീടത്തിന്. എന്നാല്‍ ജയത്തില്‍ കുറഞ്ഞതൊന്നും ലക്ഷ്യമിടുന്നില്ല എന്ന് പറഞ്ഞ പെല്ലിഗ്രീനിയുടെ വാക്കുകള്‍ യാഥാര്‍ത്ഥ്യമായി. അതേസമയം സിറ്റി തോറ്റാല്‍ വിജയസാധ്യത ഉണ്ടായിരുന്ന ലിവര്‍പൂള്‍ അവസാന മത്സരത്തില്‍ ജയിച്ചുകയറി. ന്യൂകാസിലിനെയാണ് ലിവര്‍പൂള്‍ തോല്‍പ്പിച്ചത്. ആദ്യപകുതിയില്‍ പിന്നിട്ടുനിന്ന ലിവര്‍പൂള്‍ രണ്ടാം പകുതിയില്‍ നേടിയ രണ്ട് ഗോളുകളുടെ സഹായത്തിലാണ് 21ന്റെ വിജയം നേടിയത്.
മുപ്പത്തിയെട്ട് മത്സരങ്ങളും അവസാനിച്ചപ്പോള്‍ 86 പോയിന്റ് നേടിയാണ് സിറ്റി കിരീടം ഉയര്‍ത്തിയത്. രണ്ടാം സ്ഥാനത്തുള്ള ലിവര്‍പൂളിന് 84 പോയിന്റ് കിട്ടി. കഴിഞ്ഞ വര്‍ഷം നഷ്ടമായ കിരീടമാണ് സിറ്റി ഇപ്പോള്‍ തിരിച്ചുപിടിച്ചത്.
അല്‍ ഐന്‍ ഹസ്സാ ബിന്‍ സായിദ് സ്റ്റേഡിയത്തില്‍ പ്രദര്‍ശന മത്സരത്തില്‍ മാഞ്ചസ്റ്റര്‍ സിറ്റി പങ്കെടുക്കും. അബുദാബി അല്‍ ജസീറ സ്റ്റേഡിയത്തില്‍ ബുധനാഴ്ച വൈകിട്ട് 6.30നാണ് പരിശീലനം നടത്തും. പൊതുജനങ്ങള്‍ക്ക് കാണാന്‍ സൗകര്യമുണ്ട്.