ഹോട്ടല്‍ ചുവരുകളെ അലങ്കരിക്കാന്‍ ലാല്‍ ചിത്രങ്ങള്‍

Posted on: May 13, 2014 8:14 pm | Last updated: May 13, 2014 at 8:14 pm

New Imageഫുജൈറയിലെ സാമൂഹിക പ്രവര്‍ത്തകനായ സി കെ ലാല്‍ വരച്ച ചിത്രങ്ങള്‍ രാജ്യാന്തര തലത്തില്‍ ശ്രദ്ധിക്കപ്പെടുകയാണ്. ഫുജൈറയിലെ പഞ്ചനക്ഷത്ര ഹോട്ടലായ ഐബിസ് നൊവോട്ടലിന്റെ ചുവരുകളെ അലങ്കരിക്കാന്‍ ലാലിന്റെ 300 ഓളം ചിത്രങ്ങള്‍ തിരഞ്ഞെടുത്തിട്ടുണ്ട്. രാജ്യാന്തര ഗ്രൂപ്പായ നൊവോട്ടല്‍ ലോകത്തെ മറ്റിടങ്ങളിലെ ഹോട്ടലുകളിലേക്കും ലാലിന്റെ ചിത്രങ്ങള്‍ എത്തിച്ചേക്കും.
തൃശൂര്‍ ഇരിഞ്ഞാലക്കുട സ്വദേശിയായ ലാല്‍ നാട്ടില്‍ ചിത്രകല അഭ്യസിച്ചതിനു ശേഷം ജോലി ആവശ്യാര്‍ഥം മുംബൈയില്‍ എത്തി. അവിടെ എം എസ് ആന്റ് കോ കമ്പനിയില്‍ അറബ് അതിഥികളുടെ ഛായാ ചിത്രങ്ങള്‍ വരക്കുന്ന ജോലി ലഭിച്ചു. അവിടെ നിന്ന് 1989ല്‍ ദുബൈയില്‍ എത്തി. ദുബൈയില്‍ ഒരു പ്രിന്റിംഗ് സ്ഥാപനത്തില്‍ ആര്‍ടിസ്റ്റായി.
ഇതിനിടയില്‍ ദുബൈ ആര്‍ട് ലവേഴ്‌സ് അസോസിയേഷനുമായി സഹകരിച്ചു പ്രവര്‍ത്തിച്ചു. ഒഴിവുസമയങ്ങളില്‍ എണ്ണച്ഛായാ ചിത്രങ്ങള്‍ വരക്കും. ദുബൈ ഇന്ത്യന്‍ കോണ്‍സുലേറ്റിന്റെ ആഭിമുഖ്യത്തില്‍ ചിത്ര പ്രദര്‍ശനം തുടങ്ങുന്നതിലും ലാല്‍ നിര്‍ണായക പങ്കുവഹിച്ചു. ദുബൈയില്‍ ലോകോത്തര ചിത്രകാരന്‍മാരായ എം എഫ് ഹുസൈന്‍, സതീഷ് ഗുജ്‌റാള്‍ എന്നിവരെ പരിചയപ്പെടാന്‍ കഴിഞ്ഞത് വലിയ അനുഭവമാണെന്ന് ലാല്‍ പറയുന്നു.
ഇപ്പോള്‍ ഫുജൈറ നാഷനല്‍ ഗ്രൂപ്പിന്റെ കീഴിലുള്ള ഇന്റീരിയര്‍ ഡിസൈനിംഗ് സ്ഥാപനമായ ഡി ആര്‍ യു വില്‍ ഗ്രാഫിക് ഡിസൈനറാണ്. ലാലിന്റെ ചിത്രരചനാ വൈഭവം തിരിച്ചറിഞ്ഞ സ്ഥാപനമേധാവി, ലാലിന്റെ ചിത്രങ്ങളെക്കൂടി ഇന്റീരിയല്‍ ഡിസൈനിംഗില്‍ ഉള്‍പ്പെടുത്തുകയായിരുന്നു.
എണ്ണച്ഛായാ ചിത്രങ്ങളുടെ കോപ്പിയാണ് ഹോട്ടല്‍ ചുവരുകളെ അലങ്കരിക്കുകയെന്നും ലാല്‍ പറഞ്ഞു.
സാധാരണ, ലോക പ്രശസ്ത ചിത്രകാരന്‍മാരായ വാന്‍ഗോഗ്, പിക്കാസോ, ദാലി തുടങ്ങിയവരുടെ ചിത്രങ്ങളുടെ പകര്‍പ്പുകളാണ് ഹോട്ടലുകള്‍ ഉപയോഗിക്കുക. ഗള്‍ഫിലെ ഹോട്ടലുകള്‍ ഗള്‍ഫ് പശ്ചാത്തലത്തിലുള്ള ചിത്രങ്ങള്‍ ആഗ്രഹിക്കന്നത് ലാലിന് ഗുണകരമായി.