ഇസ്‌റാഈല്‍ മുന്‍ പ്രധാനമന്ത്രി യഹൂദ് ഒല്‍മര്‍ട്ടിന് തടവുശിക്ഷ

Posted on: May 13, 2014 4:50 pm | Last updated: May 13, 2014 at 4:50 pm

yahood olmert
ജറുസലേം: ഇസ്‌റാഈല്‍ മുന്‍ പ്രധാനമന്ത്രി യഹൂദ് ഒല്‍മെര്‍ട്ടിനെ കൈക്കൂലിക്കേസില്‍ ആറ് വര്‍ഷം തടവിന് ശിക്ഷിച്ചു. ഒരു മില്യന്‍ ഷെക്കല്‍സ് (ഏകദേശം 17295205.00 ഇന്ത്യന്‍ രൂപ) പിഴയുമടക്കണം. ഈ വര്‍ഷം സെപ്തംബര്‍ ഒന്നിന് ജയിലില്‍ ഹാജരാകാനാണ് ഉത്തരവ്. ഇതിന് മുമ്പായി ഒല്‍മെര്‍ട്ടിന്റെ അഭിഭാഷകര്‍ക്ക് സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കാം. ഇതോടെ ജയില്‍ ശിക്ഷ വിധിക്കപ്പെടുന്ന ആദ്യ മുന്‍ പ്രധാനമന്ത്രിയായി ഒല്‍മെര്‍ട്ട്.

ജെറുസലേം മേയറായിരുന്ന കാലത്ത് നടന്ന റിയല്‍ എസ്‌റ്റേറ്റ് ഇടപാടുമായി ബന്ധപ്പെട്ട കേസില്‍ ഇക്കഴിഞ്ഞ മാര്‍ച്ചിലാണ് ഒല്‍മെര്‍ട്ടിനെ കുറ്റക്കാരാനായി കണ്ടെത്തിയത്. റിയല്‍ എസ്‌റ്റേറ്റ് കമ്പനിയായ ഹോളി ലാന്‍ഡില്‍ നിന്ന് 5,00,000 ഷെക്കേല്‍ കൈക്കൂലി വാങ്ങി പ്ലാനിംഗ് നിയമത്തില്‍ ഭേദഗതി വരുത്തിയതായി കോടതി കണ്ടെത്തിയിരുന്നു. മറ്റൊരു പ്രൊജക്ടിനായി 60,000 ഷെക്കേലും െൈകക്കൂലിയായി ഒല്‍മെര്‍ട്ട് സ്വീകരിച്ചിരുന്നു.

ഒല്‍മെര്‍ട്ടിനെ കൂടാതെ മറ്റു പത്ത് ഉന്നത ഗവണ്‍മെന്റ് ഉദ്യേഗാസ്ഥരും കേസില്‍ കുറ്റക്കാരാണ്. ഇവരില്‍ ആറ് പേര്‍ക്ക് മൂന്ന് മുതല്‍ 7 വര്‍ഷം വരെയാണ് ശിക്ഷ വിധിച്ചത്.