Connect with us

Articles

മുല്ലപ്പെരിയാര്‍: തോറ്റ കേരളത്തിന് മുന്നില്‍ ഇനിയെന്ത് വഴി?

Published

|

Last Updated

മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലവിതാനം ഉയര്‍ത്തുന്നത് സംബന്ധിച്ച് കേരളവും തമിഴ്‌നാടും തമ്മില്‍ നിലനില്‍ക്കുന്ന പ്രശ്‌നങ്ങള്‍ക്ക് സുപ്രീം കോടതി വിധിയോടെ പുതിയ മാനം കൈവന്നിരിക്കുകയാണ്. അണക്കെട്ടിലെ ജലനിരപ്പ് 136 അടിയായി നിജപ്പെടുത്തി 1996ല്‍ കേരളം കൊണ്ടുവന്ന നിയമം ചോദ്യം ചെയ്ത് തമിഴ്‌നാട് നല്‍കിയ ഹരജിയില്‍ ഡാം സുരക്ഷാ നിയമം സുപ്രീം കോടതി റദ്ദ് ചെയ്തത് കേരളത്തിന് തിരിച്ചടിയായിരിക്കുകയാണ്. ഡാമിലെ ജലനിരപ്പ് 136 അടിയില്‍ നിന്നും 142 അടിയാക്കി ഉയര്‍ത്താമെന്ന കോടതി ഉത്തരവും കേരളത്തെ സംബന്ധിച്ചിടത്തോളം ആശങ്കാജനകമാണ്.

മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 142 അടിയായി ഉയര്‍ത്താന്‍ സുപ്രീം കോടതി നേരത്തെ തന്നെ തമിഴ്‌നാടിന് അനുമതി നല്‍കിയിരുന്നു. 2006 ഫെബ്രുവരിയിലായിരുന്നു ഇത്. എട്ട് വര്‍ഷത്തെ നിയമ പോരാട്ടത്തിനൊടുവിലാണ് തമിഴ്‌നാട് അനുകൂല വിധി സമ്പാദിച്ചിരുന്നത്. കേന്ദ ജല കമ്മീഷന്റെ റിപ്പോര്‍ട്ട് പരിഗണിച്ചാണ്, കേരളത്തിന്റെ വാദം തള്ളി സുപ്രീം കോടതി തമിഴ്‌നാടിന് അനുകൂലമായി വിധി പ്രസ്താവിച്ചിരുന്നത്. മുല്ലപ്പെരിയാര്‍ ഡാമിലെ ജലനിരപ്പ് ഉയര്‍ത്തുന്നത് സുരക്ഷാ ഭീഷണി സൃഷ്ടിക്കുമെന്ന കേരളത്തിന്റെ വാദം കോടതി നിരാകരിക്കുകയായിരുന്നു.
കാര്‍ഷികാവശ്യത്തിന് തങ്ങള്‍ക്ക് വെള്ളം ലഭ്യമാക്കാന്‍ മുല്ലപ്പെരിയാര്‍ ഡാമിന്റെ ജലനിരപ്പ് ഉയര്‍ത്തണമെന്നതായിരുന്നു തമിഴ്‌നാടിന്റെ ആവശ്യം. 116 വര്‍ഷം പഴക്കമുള്ള ലൈം സുര്‍ക്കി മിശ്രിതത്താല്‍ നിര്‍മിച്ച ഡാം അപകടാവസ്ഥയിലാണെന്നും ജലനിരപ്പ് ഉയര്‍ത്താനാകില്ലെന്നുമായിരുന്നു കേരളത്തിന്റെ നിലപാട്. 2006 ഫെബ്രുവരിയില്‍ അണക്കെട്ടിലെ ജലനിരപ്പ് 142 അടിയാക്കി ഉയര്‍ത്താന്‍ സുപ്രീം കോടതിയുടെ മൂന്നംഗ ബഞ്ച് ഉത്തരവിട്ടതോടെ, ഡാം സുരക്ഷാ നിയമ ഭേദഗതി നിയമസഭയില്‍ പാസാക്കിയ കേരളം മുല്ലപ്പെരിയാര്‍ ഡാമിനെ ഷെഡ്യൂള്‍ഡ് പട്ടികയില്‍ ഉള്‍പ്പെടുത്തി ജലനിരപ്പ് 136 അടിയായി നിജപ്പെടുത്തുകയാണുണ്ടായത്.

ജലനിരപ്പ് ഉയര്‍ത്താനുള്ള സുപ്രീം കോടതി വിധി നടപ്പാക്കാതിരിക്കാന്‍ ഡാം സുരക്ഷാ നിയമഭേദഗതി കൊണ്ടുവന്ന കേരളത്തിന്റെ നടപടി ഭരണഘടനയുടെ അനുച്ഛേദം 131 ന്റെ ലംഘനമാണെന്നായിരുന്നു തമിഴ്‌നാടിന്റെ വാദം. അണക്കെട്ടിന്റെ താഴ്‌വാരപ്രദേശങ്ങളിലെ ലക്ഷക്കണക്കിന് ജനങ്ങളുടെ ജീവന്‍ പരിഗണിച്ചുള്ള തീരുമാനമാണിതെന്ന കേരളത്തിന്റെ വാദം കോടതി മുഖവിലക്കെടുത്തില്ല. ഡാമിന് സുരക്ഷാ പ്രശ്‌നങ്ങളില്ലെന്ന് നിരീക്ഷിച്ച കോടതി തമിഴ്‌നാടിന്റെ വാദഗതി അപ്പാടെ അംഗീകരിക്കുകയായിരുന്നു. സുപ്രീം കോടതിയുടെയും ഹൈക്കോടതിയുടെയും വിധികളെ മറികടക്കാനാണ് ഡാം സുരക്ഷാ നിയമം കൊണ്ടുവന്നതെന്ന തമിഴ്‌നാടിന്റെ വാദം പരിഗണിച്ച കോടതി ഈ നിയമം ഭരണഘടനാവിരുദ്ധമാണെന്ന് വിധിയെഴുതിയിരിക്കുകയാണ്.

മുല്ലപ്പെരിയാര്‍ ജലസംഭരണിയിലെ ജലനിരപ്പ് 136 അടിയില്‍നിന്ന് 152 അടിയായി ഉയര്‍ത്തണമെന്നതാണ് തമിഴ്‌നാടിന്റെ എക്കാലത്തേയും ആവശ്യം. തമിഴ്‌നാട്ടിലെ 40,000 ഏക്കര്‍ കൃഷിഭൂമിക്ക് ഈ ഡാമിന്റെ പ്രയോജനം ലഭിക്കാനാണത്രെ ഇത്. എന്നാല്‍ ജലനിരപ്പ് 136 അടിയില്‍നിന്ന് ഒരിഞ്ച് പോലും ഉയര്‍ത്തിക്കൂടെന്നാണ് കേരളത്തിന്റെ നിലപാട്. 152 അടിയായി ജലനിരപ്പ് ഉയര്‍ത്തിയാല്‍ അത് കേരളത്തിലെ ജനങ്ങളുടെ ജീവനും സ്വത്തിനും കനത്ത നാശനഷ്ടങ്ങളായിരിക്കും വരുത്തിവെക്കുക.

പെരിയാര്‍ അന്തര്‍സംസ്ഥാന നദിയാണെന്ന് കേരളം 1958ല്‍ തന്നെ സമ്മതിച്ചിട്ടുണ്ടെന്ന് തമിഴ്‌നാട് സുപ്രീം കോടതിയില്‍ വാദിച്ചിരുന്നു. കേരളം 1958ല്‍ പുറത്തിറക്കിയ ഒരു രേഖയില്‍ പെരിയാറിനെ അന്തര്‍സംസ്ഥാന നദിയായിട്ടാണ് കണക്കാക്കിയിരിക്കുന്നതെന്നാണ് മുതിര്‍ന്ന അഭിഭാഷകന്‍ വിനോദ് ബോബ്‌ഡെ കോടതിയെ ബോധിപ്പിച്ചത്. പെരിയാറിലെ വൃഷ്ടിപ്രദേശത്ത് ലഭിക്കുന്ന ജലത്തില്‍ തമിഴ്‌നാട്ടിലെ ഒരു നദിയില്‍ നിന്നുള്ള വെള്ളവുമുണ്ട്. നദീതടത്തിലെ 140 കിലോമീറ്റര്‍ തമിഴ്‌നാട്ടിലാണ്. പ്രധാന ജലസ്രോതസ്സിലേക്ക് വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള ഉപനദികളില്‍ നിന്ന് ജലം കിട്ടുന്നുണ്ടെങ്കില്‍ അത് അന്തര്‍സംസ്ഥാന നദിയായി പരിഗണിക്കപ്പെടുമെന്നായിരുന്നു തമിഴ്‌നാടിന്റെ വാദം. പെരിയാര്‍ കേരളത്തില്‍ ഉത്ഭവിച്ച് സംസ്ഥാനത്ത് തന്നെ അവസാനിക്കുന്ന നദിയാണെന്ന് സംസ്ഥാനത്തിനു വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ ഹരീഷ് സാല്‍വെ വാദിച്ചെങ്കിലും സുപ്രീം കോടതി തമിഴ്‌നാടിന്റെ വാദം അംഗീകരിക്കുകയാണുണ്ടായത്.

മുല്ലപ്പെരിയാറിലെ ജലം സംസ്ഥാനാനന്തര നദീജലമല്ല; സംസ്ഥാനത്തിന്റെ മാത്രം നദീജലമാണ്. 227 കി.മീ. ദൈര്‍ഘ്യമുള്ള പെരിയാര്‍ നദി ദേവികുളത്തുനിന്ന് 80 കി.മീ. അകലെയുള്ള കിഴക്കന്‍ മലനിരകളിലെ ശിവഗിരി കുന്നുകളില്‍ നിന്ന് ഉത്ഭവിച്ച് പീരുമേട്, ദേവികുളം, തൊടുപുഴ, മൂവാറ്റുപുഴ, കുന്നത്തുനാട്, പറവൂര്‍ താലൂക്കുകളിലൂടെ ഒഴുകി ആലുവായില്‍ വെച്ച് രണ്ടായി പിരിഞ്ഞ് ഒരു ശാഖ ചാലക്കുടി പുഴയുമായും മറ്റൊരു ശാഖ വാരാപ്പുഴയില്‍വെച്ചു വേമ്പനാട് കായലുമായും ചേരുന്നു. മുല്ലപ്പെരിയാറിനുപുറമെ ഇടുക്കി ആര്‍ച്ച് ഡാമും ലോവര്‍ പെരിയാറും ഭൂതത്താന്‍ കെട്ടുമാണ് പെരിയാറിലെ പ്രധാന അണക്കെട്ടുകള്‍.

കാലഹരണപ്പെട്ടതും നിയമസാധുതയില്ലാത്തതുമായ ഒരു പാട്ടക്കരാറാണ് മുല്ലപ്പെരിയാറിന്റെ കാര്യത്തില്‍ നിലവിലുണ്ടായിരുന്നത്. 999 വര്‍ഷത്തേക്കുണ്ടാക്കിയ മുല്ലപ്പെരിയാര്‍ പാട്ടക്കരാര്‍ 1886 ജനുവരി ഒന്നിനാണ് തിരുവിതാംകൂറും മദ്രാസ് സംസ്ഥാനവും തമ്മില്‍ ഒപ്പ് വെച്ചത്. കരാറടിസ്ഥാനത്തില്‍ 8,000 ഏക്കര്‍ സ്ഥലം ജലസംഭരണിക്കും 100 ഏക്കര്‍ സ്ഥലം മറ്റു നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കുമായി നല്‍കി. പെരിയാര്‍ പ്രോജക്ട് എന്ന പേരില്‍ അറിയപ്പെടുന്നത് ഈ പ്രദേശമാണ്. 1895ലാണ് അണക്കെട്ടിന്റെ പണി പൂര്‍ത്തിയായത്.

പെരിയാര്‍ തടാകത്തിലെ ജലം കിഴക്കോട്ട് തിരിച്ചുവിട്ട് മദ്രാസ് സംസ്ഥാനത്തിലെ മധുര, രാമനാഥപുരം ജില്ലകളില്‍ ജലസേചനം നടത്തുക എന്നത് മാത്രമായിരുന്നു ഈ കരാര്‍ കൊണ്ട് ലക്ഷ്യമിട്ടിരുന്നത്. ഇക്കാര്യത്തില്‍ മദ്രാസിന്റെ ഭാഗത്തു നിന്ന് 1940ല്‍ ആദ്യത്തെ കരാര്‍ലംഘനമുണ്ടായി. തടാകത്തില്‍ നിന്നും ടണലിലൂടെ മധുരയില്‍ ഒഴുകിയെത്തുന്ന ജലം ഉപയോഗപ്പെടുത്തി അവര്‍ വൈദ്യുതി ഉത്പാദിപ്പിക്കാനുള്ള രൂപരേഖ തയ്യാറാക്കി. ജലസേചനത്തിനല്ലാതെ കുടിവെള്ളമായി പോലും ഈ വെള്ളം ഉപയോഗിക്കുന്നത് കരാര്‍ലംഘനമാണെന്ന് തിരു-കൊച്ചി വാദിച്ചു. തര്‍ക്കമായി. ഒടുവില്‍ തിരുകൊച്ചിയുടെ വാദം ശരിവെക്കുന്ന തീര്‍പ്പുമുണ്ടായി. എന്നാല്‍ വൈദ്യുതി ഉത്പാദിപ്പിക്കാനുള്ള ശ്രമം മദ്രാസ് സര്‍ക്കാര്‍ തുടര്‍ന്നുകൊണ്ടേയിരുന്നു. 1956-59 കാലഘട്ടത്തില്‍ മൂന്ന് പെന്‍സ് സ്റ്റോക്ക് പൈപ്പുകളുടെ പണി അവര്‍ പൂര്‍ത്തിയാക്കി. പിന്നീടങ്ങോട്ട് കരാര്‍ ലംഘിച്ചുകൊണ്ടവര്‍ വൈദ്യുതി ഉത്പാദനം ആരംഭിച്ചു. 1965ല്‍ അവര്‍ അനധികൃതമായി നാലാമതായി ഒരു പെന്‍സ് സ്റ്റോക്ക് പൈപ്പ് കൂടി സ്ഥാപിച്ചു.
1956ല്‍ കേരള രൂപവത്കരണ ശേഷം പെരിയാര്‍ പാട്ടക്കരാര്‍ പുതുക്കുന്നതിന് തമിഴ്‌നാട് സര്‍ക്കാര്‍ കൊണ്ടുപിടിച്ച ശ്രമങ്ങള്‍ നടത്തുകയുണ്ടായി. 1958ലും 1969ലും അന്നത്തെ മുഖ്യമന്ത്രിയായിരുന്ന ഇ എം എസുമായും 1960ല്‍ മുഖ്യമന്ത്രിയായിരുന്ന പട്ടം താണുപിള്ളയുമായും ഇതുസംബന്ധിച്ച് അവര്‍ ചര്‍ച്ച നടത്തി. ഇതിന്റെ തുടര്‍ച്ചയെന്നോണം 1979 മെയ് 29ന് അച്യുത മേനോന്‍ മുഖ്യമന്ത്രിയായിരിക്കെ മുല്ലപ്പെരിയാര്‍ കരാര്‍ 1954 മുതല്‍ക്കുള്ള മുന്‍കാല പ്രാബല്യത്തോടെ പുതുക്കി നിശ്ചയിക്കപ്പെടുകയും ചെയ്തു.

999 വര്‍ഷക്കാലത്തേക്കുള്ള ഒരു കരാര്‍ എന്ന നിലയിലാണ് മുല്ലപ്പെരിയാറിനു മേലുള്ള തമിഴ്‌നാടിന്റെ അവകാശവാദം ചോദ്യം ചെയ്യപ്പെടുന്നത്. 1947ലെ ഇന്ത്യന്‍ ഇന്‍ഡിപെന്‍ഡന്‍സ് ആക്ടിലെ ഏഴാം വകുപ്പ് പ്രകാരം നാട്ടുരാജ്യങ്ങളും ബ്രിട്ടീഷ് ഇന്ത്യയുമായുള്ള എല്ലാ കരാറുകളും റദ്ദാക്കപ്പെട്ടു. അഥവാ ഇത് നിലനില്‍ക്കണമായിരുന്നെങ്കില്‍ 1948 ആഗസ്റ്റ് 14നുമുമ്പ് പ്രസ്തുത നാട്ടുരാജ്യവും ഇന്ത്യന്‍ യൂനിയനും തമ്മില്‍ ഒരു പ്രത്യേക കരാര്‍ “സ്റ്റാന്‍ഡ് സ്റ്റില്‍” ഉണ്ടാക്കണമായിരുന്നു. അതേപോലെ 1956ലെ സ്റ്റേറ്റ് റീ ഓര്‍ഗനൈസേഷന്‍ (സംസ്ഥാന പുനഃസംഘടനാ) ആക്ടിന്റെ 108-ാം വകുപ്പ് പ്രകാരം ഇരു സംസ്ഥാനങ്ങള്‍ തമ്മിലുള്ള ജലം പങ്കിടല്‍ സംബന്ധിച്ചുള്ള കരാറുകളില്‍ എന്തെങ്കിലും മാറ്റം വരുത്തണമെങ്കില്‍ 1957 നവംബര്‍ ആറിനു മുമ്പ് അത് ചെയ്തിരിക്കണമായിരുന്നു. ഇത്തരം കരാറുകള്‍ക്ക് നിയമനിര്‍മാണസഭകളുടെ അംഗീകാരം ലഭിക്കേണ്ടതുമുണ്ട്. 1954 തൊട്ട് മുന്‍കാല പ്രാബല്യത്തോടെ 1970ല്‍ ഒപ്പ് വെച്ച കരാറിന് കേരള നിയമസഭ ഇതുവരെ അനുമതി നല്‍കിയിട്ടുമില്ല. എന്നു മാത്രമല്ല, സംസ്ഥാന താത്പര്യം ഒരുവിധത്തിലും പരിഗണിക്കാതെ വളരെ ദീര്‍ഘമായ ഒരു കാലയളവിലേക്ക് ഒപ്പ് വെച്ച ഈ കരാറിന് സ്വാതന്ത്ര്യ ലബ്ധി മുതല്‍ നിയമസാധുത നഷ്ടപ്പെട്ടെന്ന് നിയമസഭയുടെ അഡ്‌ഹോക്ക് കമ്മിറ്റി 1994ല്‍ അഭിപ്രായപ്പെടുകയും ഇക്കാര്യത്തില്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തിട്ടുള്ളതുമാണ്.

ഒരു നൂറ്റാണ്ടു മുമ്പ് വെറും ചെളിയും ചുണ്ണാമ്പും ചേര്‍ത്തുനിര്‍മിച്ച അണക്കെട്ട് പണിത സമയത്ത് ചെറിയ തോതിലും അതിനുശേഷം 1964, 72, 79 കാലങ്ങളില്‍ കൂടിയ തോതിലും ചോര്‍ച്ച ഉണ്ടായതായി കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ അണക്കെട്ടിന്റെ സുരക്ഷിതത്വം മുന്‍നിര്‍ത്തി മുല്ലപ്പെരിയാര്‍ ജലസംഭരണിയിലെ ജലവിതാനം + 152 അടിയില്‍ നിന്നും + 136 അടിയിലേക്ക് താഴ്ത്തി നിര്‍ത്തുവാന്‍ തീരുമാനമായി. ഡാമിന്റെ ബലക്ഷയമില്ലാതാക്കുന്നതിന് നിര്‍ദേശിച്ച പ്രത്യേക പണികള്‍ 1980 മെയ് മാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കണമെന്നായിരുന്നു മറ്റൊരു നിര്‍ദേശം. പക്ഷേ, ഡാമിന്റെ സുരക്ഷിതത്വം മുന്‍നിര്‍ത്തിയുള്ള റീഇന്‍ഫോഴ്‌സ്ഡ് കോണ്‍ക്രീറ്റ് ക്യാപ്പിംഗ്, റിസര്‍വോയര്‍ ലെവല്‍ 136 അടിയിലേക്ക് താഴ്ത്തല്‍, വേണ്ട രീതിയില്‍ സ്പില്‍വേ ഷട്ടറുകള്‍ ഉയര്‍ത്തല്‍, കൂടുതലായി സ്പില്‍വേകള്‍ പണിയല്‍ തുടങ്ങി യാതൊരു പ്രവര്‍ത്തനവും ഇതേവരെ തമിഴ്‌നാട് സര്‍ക്കാര്‍ പൂര്‍ത്തിയാക്കിയിട്ടില്ല. 1964ല്‍ ചോര്‍ച്ച കണ്ടെത്തിയ ഡാമിന്റെ സുരക്ഷക്കാവശ്യമായ യാതൊരു നടപടിയും കേരള സര്‍ക്കാറും ഇതേവരെ കൈക്കൊണ്ടിട്ടില്ല.

മുല്ലപ്പെരിയാര്‍ ഡാമിനു മുകളില്‍ തമിഴ്‌നാട് ഇതിനു മുമ്പ് അനധികൃതമായി ചെമ്പകവല്ലി ഡാം ഉയര്‍ത്തിയിരുന്നു. ഇതു കേരള വനം വ കുപ്പ് അധികൃതര്‍ നശിപ്പിക്കുകയാണുണ്ടായത്. മെയിന്‍ ഡാമിന്റെ സ്പില്‍വേയുടെ നേരെ മറുഭാഗത്ത് ഇന്നുകാണുന്ന ബേബി ഡാമും കരാര്‍ വ്യവസ്ഥ ലംഘിച്ച് തമിഴ്‌നാട് നടത്തിയ പണിയാണ്. കരാര്‍ ലംഘിച്ചു നടത്തിയ നിര്‍മാണമായതിനാല്‍ ബേബി ഡാം വേണമെങ്കില്‍ കേരള സര്‍ക്കാറിനു പൊളിച്ചുമാറ്റാം. അങ്ങനെ ചെയ്യുന്ന പക്ഷം ജലസംഭരണിയില്‍ 115 അടിയിലേറെ ജലനിരപ്പ് ഒരിക്കലും ഉയര്‍ത്തിനിര്‍ത്താന്‍ തമിഴ്‌നാടിന് സാധിക്കുകയുമില്ല. പക്ഷേ കേരളമവിടെ ഏറ്റുമുട്ടലിന്റെ പാതയല്ല; സമാധാനത്തിന്റെ മാര്‍ഗമാണ് സ്വീകരിച്ചിരിക്കുന്നത്.

മുല്ലപ്പെരിയാര്‍ പ്രശ്‌നം സങ്കീര്‍ണവും ആഴത്തില്‍ വേരുകളുള്ളതും ഇഴപിരിയാത്തവിധം കെട്ടുപിണഞ്ഞു കിടക്കുന്നതുമാണ്. ഇരു സംസ്ഥാനങ്ങളുടെയും അതിര്‍ത്തിയില്‍ സ്ഥിതി ചെയ്യുന്ന നൂറ്റാണ്ടിലേറെ പഴക്കമുള്ള മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ ഉയരത്തിന്റെ കാര്യത്തില്‍ കേരളവും തമിഴ്‌നാടും തങ്ങളുടെ നിലപാടില്‍ ഉറച്ചുനില്‍ക്കുകയും ഇരുപക്ഷവും വിട്ടുവീഴ്ചയില്ലാത്ത സമീപനം കൈക്കൊള്ളുകയും ചെയ്തതാണ് പ്രശ്‌നപരിഹാര സാധ്യത അനന്തമായി നീണ്ടുപോകാനിടയാക്കിയത്.

അണക്കെട്ടിന്റെ ഉയരം 136 അടിയില്‍നിന്ന് 152 അടിയായി വര്‍ധിപ്പിക്കണമെന്നതാണ് തമിഴ്‌നാടിന്റെ ആവശ്യം. മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ ഘടനയും ശേഷിയും ഉയരം വര്‍ധിപ്പിക്കാന്‍ പര്യാപ്തമല്ല. അണക്കെട്ടിന്റെ ഉയരം വര്‍ധിപ്പിക്കുമ്പോള്‍ ഇടുക്കി ജലസംഭരണിയുടെ സുരക്ഷിതത്വം അപകടത്തിലാകും.

മുല്ലപ്പെരിയാര്‍ ഡാമിന്റെ തകര്‍ച്ച ഇടുക്കി, ലോവര്‍ പെരിയാര്‍ ഡാമുകളുടെ കൂടി തകര്‍ച്ചക്ക് വഴിയൊരുക്കും. മാത്രമല്ല, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലെ ലക്ഷക്കണക്കിനാളുകളുടെ ജീവനും അപകടത്തിലാകും. ഈ വസ്തുത മുഖവിലക്കെടുത്തുകൊണ്ടുള്ള വിധിന്യായമായിരുന്നു സുപ്രീം കോടതിയില്‍ നിന്നുണ്ടാകേണ്ടിയിരുന്നത്. എന്നാല്‍ കേരളത്തിന്റെ താത്പര്യം ഒട്ടും പരിഗണിക്കാതെയാണ് സുപ്രീം കോടതി തമിഴ്‌നാടിന് അനുകൂലമായി വിധി പുറപ്പെടുവിച്ചിരിക്കുന്നത്.

16 വര്‍ഷം നീണ്ടുനിന്ന നിയമ പോരാട്ടത്തില്‍ കേരളത്തിനേറ്റ പരാജയം ആഴത്തില്‍ വിശകലനം ചെയ്ത് പരിഹാര ക്രിയ കണ്ടെത്തേണ്ടതുണ്ട്. രണ്ട് ഘട്ടങ്ങളിലായി നടന്ന നിയമയുദ്ധത്തില്‍ ഒന്നാം ഘട്ടത്തില്‍ പരാജയം ഏറ്റുവാങ്ങേണ്ടി വന്നപ്പോള്‍ തന്നെ ആവശ്യമായ ഗൃഹപാഠം ചെയ്ത് രണ്ടാം ഘട്ടത്തില്‍ കേരളം വിജയം ഉറപ്പാക്കേണ്ടതായിരുന്നു. പക്ഷേ, അതുണ്ടായില്ല. ഏതായാലും മുല്ലപ്പെരിയാര്‍ക്കേസില്‍ സുപ്രീം കോടതി ചീഫ് ജസ്റ്റീസ് ആര്‍ എം ലോധ അധ്യക്ഷനായ ഭരണഘടനാ ബഞ്ചിന്റെ വിധിക്കെതിരെ പുനഃപരിശോധനാ ഹരജി നല്‍കാന്‍ കേരളം തീരുമാനിച്ചിരിക്കുകയാണ്.

മുല്ലപ്പെരിയാര്‍ വിഷയത്തില്‍ തമിഴ്‌നാട് സര്‍ക്കാറും ജനങ്ങളും ഒറ്റക്കെട്ടായി നിന്നപ്പോള്‍ കോടതി വിധി അവര്‍ക്കനുകൂലമായി എന്നതാണ് നേര്. നേരത്തെ സുപ്രീം കോടതി നിയോഗിച്ച ജസ്റ്റീസ് ആനന്ദ് അധ്യക്ഷനായ ഉന്നതാധികാര സമിതി റിപ്പോര്‍ട്ടും അവര്‍ക്കനുകൂലമായിരുന്നു. തമിഴ്‌നാട്ടില്‍ നിന്നുള്ള കേന്ദ്രമന്ത്രി പി ചിദംബരവും മുഖ്യമന്ത്രി ജയലളിതയും കരുണാനിധിയടക്കമുള്ള പ്രതിപക്ഷ നേതാക്കളും ഇവ്വിഷയത്തില്‍ ഒന്നിച്ചു നിന്നു. വൈകാരിക പ്രശ്‌നമാക്കി മുല്ലപ്പെരിയാറിനെ അവര്‍ സജീവമാക്കി നിലനിര്‍ത്തി. എന്നാല്‍ കേരളത്തിലിത് വല്ലപ്പോഴും നടക്കുന്ന ചാനല്‍ ചര്‍ച്ചകളിലൊതുങ്ങി. കേരളത്തിന് കനത്ത പ്രഹരമേല്‍പ്പിച്ചുള്ള കോടതി വിധിക്കുശേഷവും കേരളം നിസ്സംഗത കൈവെടിഞ്ഞിട്ടില്ല. തിരിച്ചടികളുണ്ടാകുമ്പോള്‍ ഒരു സര്‍വകക്ഷി യോഗത്തിലൊതുങ്ങും പലപ്പോഴും കേരളത്തിന്റെ നടപടികള്‍.

ഭാവിയില്‍ ഗുരുതരമായ പ്രത്യാഘാതങ്ങളുണ്ടാക്കിയേക്കാവുന്ന മുല്ലപ്പെരിയാര്‍ പ്രശ്‌നത്തെ ഇനിയും കേരളം ലാഘവത്തോടെ നോക്കി കാണരുത്. കക്ഷി രാഷ്ട്രീയ ഭേദമന്യേ കേരളത്തിലെ മുഴുവന്‍ ജനങ്ങളും ഒറ്റക്കെട്ടായി നില്‍ക്കേണ്ട സമയമാണിത്. ഇടുക്കി ജില്ലയെ മാത്രം ബാധിക്കുന്ന ഒരു പ്രശ്‌നമായി ഇതിനെ കാണരുത്. കേരളത്തില്‍ മൊത്തം വൈദ്യുതി പ്രസരണം നടക്കുന്നത് ഇടുക്കിയില്‍ നിന്നാണെന്ന കാര്യം വിസ്മരിക്കാനാകില്ല.
സര്‍ക്കാര്‍ ഇന്നലെ വിളിച്ചുചേര്‍ത്ത സര്‍വ കക്ഷിയോഗം പ്രശ്‌നപരിഹാരത്തിന് സാധ്യമായ വഴികള്‍ ആരായുകയുണ്ടായി. ഒറ്റക്കെട്ടായി പ്രശ്‌നത്തെ സമീപിക്കാനും ആവശ്യമെങ്കില്‍ നിയമസഭാ സമ്മേളനം വിളിച്ചുചേര്‍ക്കാനുമാണ് തീരുമാനം. ഏതായാലാലും, കോടതിക്കുപുറത്ത് രഞ്ജിപ്പിനുള്ള സാധ്യത തെളിയുമെങ്കില്‍ ആ മാര്‍ഗവും അവലംബിക്കാവുന്നതാണ്. സുപ്രീം കോടതി വിധിയോടെ പ്രശ്‌നപരിഹാരത്തിനുള്ള എല്ലാ വഴികളും അടഞ്ഞിട്ടില്ലെന്നും മനസ്സ് വെച്ചാല്‍ ഇനിയും വഴികള്‍ ഉണ്ടാകുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. അതിലാണ് ഇനി നമ്മുടെ പ്രതീക്ഷ.

saleempadanilam@gmail.com

 

Latest