ഹരിഹര വര്‍മ കൊലക്കേസ്: അഞ്ച് പ്രതികള്‍ക്കും ഇരട്ട ജീവപര്യന്തം

Posted on: May 13, 2014 3:10 pm | Last updated: May 14, 2014 at 12:34 am

harihara varma murder accusedതിരുവനന്തപുരം: രത്‌നവ്യാപാരിയായിരുന്ന ഹരിഹര വര്‍മയെ കൊലപ്പെടുത്തിയ കേസില്‍ അഞ്ച് പ്രതികള്‍ക്കും കോടതി ഇരട്ട ജീവപര്യന്തം തടവും മൂന്ന് ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. പ്രതികളായ തലശ്ശേരി എരഞ്ഞോളി മൂര്‍ക്കോത്ത് ഹൗസില്‍ എം.ജിതേഷ് (33), കുറ്റിയാടി കോവുമ്മള്‍ ഹൗസില്‍ അജീഷ് (27), തലശ്ശേരി നിര്‍മലഗിരി കൈതേരി സൂര്യഭവനില്‍ രഖില്‍(24), ചാലക്കുടി കുട്ടിക്കട കൈനിക്കര വീട്ടില്‍ രാഗേഷ് (21), കൂര്‍ഗ് സിദ്ധാപൂരില്‍ നെല്ലതിക്കേരി കോട്ടയ്ക്കല്‍ ഹൗസില്‍ ജോസഫ് (20) എന്നിവര്‍ക്കാണ് ശിക്ഷ വിധിച്ചത്. ഇവര്‍ കുറ്റക്കാരാണെന്ന് തിരുവനന്തപുരം അതിവേഗ കോടതി ഇന്നലെ കണ്ടെത്തിയിരുന്നു.

പ്രതികള്‍ക്ക് വധശിക്ഷ നല്‍കേണ്ടതില്ലെന്ന് പ്രോസിക്യൂഷന്‍ വാദിച്ചിരുന്നു. കേസ് അപൂര്‍വങ്ങളില്‍ അപൂര്‍വമായി കണക്കാക്കാനാകില്ലെന്നും പ്രോസിക്യൂഷന്‍ കോടതിയില്‍ ബോധിപ്പിച്ചു. എന്നാല്‍ പ്രതികളുടെ പ്രായം കണക്കിലെടുത്തും ഇവര്‍ മുമ്പ് കുറ്റകൃത്യങ്ങളില്‍ പ്രതിയല്ലാത്തതിനാലും വധശിക്ഷ വിധിക്കേണ്ടതില്ലെന്ന് കോടതി വ്യക്തമാക്കുകയായിരുന്നു.

harihara varma

2012 ഡിസംബര്‍ 24നാണ് ഹരിഹര വര്‍മ കൊല്ലപ്പെട്ടത്. വട്ടിയൂര്‍ക്കാവ് കേരള നഗറിലുള്ള അഡ്വ. ഹരിദാസിന്റെ മകളുടെ വിട്ടില്‍ വെച്ചായിരുന്നു കൊലപാതകം. രത്‌നങ്ങള്‍ വാങ്ങാനെന്ന വ്യാജേന ഇവിടെ എത്തിയ പ്രതകള്‍ ഇടപാട് സംബന്ധിച്ച സംസാരത്തിനിടെ ഹരിഹര വര്‍മയെ ക്ലോറോഫോം മണപ്പിച്ച് അബോധാവസ്ഥയിലാക്കി. ഹരിദാസിന് മയക്ക് മരുന്ന് കലര്‍ത്തിയ ജ്യൂസ് നല്‍കുകയും ചെയ്തു. തുടര്‍ന്ന് ഇരുവരുടെയും കഴുത്ത് പിരിടിച്ച് ഞെരിച്ചു.

ഇരുവര്‍ക്കും ബോധം നഷ്ടപ്പെട്ടുവെന്ന് ഉറപ്പാക്കിയ പ്രതികള്‍ രത്‌നങ്ങളുമായി വാഹനത്തില്‍ രക്ഷപ്പെടുകയായിരുന്നു. അമിതമായ അളവില്‍ ക്ലോറോഫോം മണപ്പിച്ചതാണ് ഹരിഹരവര്‍മയുടെ മരണത്തിന് കാരണമായത്.

ഹരിദാസ് കൊലപാതകത്തിന് കൂട്ടുനിന്നുവെന്നായിരുന്നു പ്രോസിക്യൂഷന്‍ വാദമെങ്കിലും ഇതിന് തെളിവ് ഹാജരാക്കാനായില്ല. തുടര്‍ന്നാണ് അദ്ദേഹത്തെ കോടതി വെറുതെ വിട്ടത്.