തിരിച്ചുവരാന്‍ ഭയം അനുവദിക്കാതെ അസം കലാപബാധിതര്‍

Posted on: May 12, 2014 9:38 pm | Last updated: May 12, 2014 at 9:38 pm

assamviolenceനാരായണ്‍ഗുരി(അസാം): തീവ്രവാദികളുടെ ആക്രമണത്തെ തുടര്‍ന്ന് അസമിലെ കലാപബാധിത പ്രദേശങ്ങളില്‍ നിന്ന് കുടിയൊഴിഞ്ഞുപോയവര്‍ ഇപ്പോഴും തിരിച്ചുവരാന്‍ കഴിയാതെ ദുരിതമനുഭവിക്കുന്നു. ഈ പ്രദേശങ്ങളിലെ ജില്ലാ ഭരണകൂടങ്ങള്‍ സുരക്ഷക്ക് വേണ്ടതെല്ലാം ചെയ്തിട്ടുണ്ടെന്ന് അവകാശപ്പെടുന്നുണ്ടെങ്കിലും ആശങ്ക വിട്ടൊഴിയാതെ കഴിയുകയാണ് ഇപ്പോഴും ന്യൂനപക്ഷ വിഭാഗങ്ങളില്‍പ്പെട്ട കലാപബാധിതര്‍. സ്ഥിതിഗതികള്‍ സാധാരണ നിലയിലായാല്‍ ഭരണകൂടം ഇവിടെ ഏര്‍പ്പെടുത്തിയിരിക്കുന്ന സുരക്ഷാ സജ്ജീകരണങ്ങള്‍ പിന്‍വലിക്കുമെന്ന ഭയമാണ് ഇപ്പോഴും ഇവിടെ നിന്ന് കുടിയൊഴിഞ്ഞുപോയവരെ തിരികെ വരുന്നതില്‍ വിമുഖരാക്കുന്നത്.

കൂട്ടക്കുരുതിക്ക് സാക്ഷിയായ നിരവധി കുടുംബങ്ങള്‍ ഇപ്പോഴും ഞെട്ടലില്‍ നിന്ന് മുക്തമായിട്ടില്ല. ബംഗാര്‍പൂര്‍ അഭയാര്‍ഥി ക്യാമ്പില്‍ കഴിയുന്ന ശഫീഖുല്‍ ഇസ്‌ലാമിന് സ്വന്തം ഗ്രാമത്തിലേക്ക് തിരിച്ചുപോകണമെന്നുണ്ടെങ്കിലും കൂട്ടക്കുരുതിക്ക് നേര്‍സാക്ഷ്യം വഹിച്ച അദ്ദേഹത്തിന്റെ ഭാര്യയും മക്കളും ഇതിന് അനുവദിക്കുന്നില്ല. ‘എനിക്ക് എന്റെ ഗ്രാമത്തിലേക്ക് തിരിച്ചുപോകാനാണ് ആഗ്രഹം. കാര്യങ്ങളൊക്കെ സാധാരണ ഗതിയിലായാല്‍ വീണ്ടും പഴയതുപോലെ ജീവിക്കണം. പക്ഷേ എന്റെ ഭാര്യയും കുട്ടികളും അനുവദിക്കുന്നില്ല. കാരണം എങ്ങനെയാണ് പച്ചയായ മനുഷ്യരെ ക്രൂരമായി കൊലപ്പെടുത്തിയതെന്ന് അവര്‍ നേരിട്ട് കണ്ടതാണ്. കുട്ടികളെ പോലും അവര്‍ ഈ ക്രൂരകൃത്യത്തില്‍ നിന്ന് ഒഴിവാക്കിയില്ല. തെമ്മാടികളാണ് ഞങ്ങളുടെ നേരെ ആക്രമണം നടത്തിയത്. രക്ഷ തേടി ഇവിടുത്തെ ജനങ്ങള്‍ ഫോറസ്റ്റ് ഗാര്‍ഡുകളോട് സഹായം അഭ്യര്‍ഥിച്ചപ്പോള്‍ അവരും വെടിവെക്കുകയാണ് ചെയ്തത്. ഞങ്ങളോടൊപ്പം ജീവിക്കുന്ന, ഞങ്ങള്‍ക്കുള്ളതെല്ലാം അവരുമായി പങ്കുവെക്കുന്ന ഫോറസ്റ്റ് ഉദ്യോഗസ്ഥരാണ് ഇത് ചെയ്യുന്നതെന്നോര്‍ക്കുമ്പോള്‍ വല്ലാത്ത വേദന തോന്നുന്നു. എല്ലാ വിശേഷ ദിവസങ്ങളും ഞങ്ങളൊരുമിച്ചാണ് ആഘോഷിച്ചിരുന്നത്. ഞങ്ങളുടെ വീടുകളില്‍ വെച്ച് അവരെ പലപ്പോഴും ഞങ്ങള്‍ സല്‍ക്കരിച്ചിരുന്നു’. ഇരുപത്തിയാറുകാരനായ ശഫീഖുല്‍ ഇസ്‌ലാം വേദനയോടെ അനുഭവം പങ്കുവെച്ചു.
ഭാര്യ, രണ്ട് മക്കള്‍, മാതാവ് അടങ്ങുന്നതാണ് ഇദ്ദേഹത്തിന്റെ കുടുംബം. ഇവര്‍ക്ക് കലാപത്തിനിടെ ഒരു വിധത്തിലുള്ള അത്യാഹിതവും സംഭവിച്ചിരുന്നില്ല.

സര്‍ക്കാര്‍ തയ്യാറാണെങ്കില്‍ പുതിയ ഒരു ദേശത്തേക്ക് കുടിയേറിപ്പാര്‍ക്കാനാണ് ഇപ്പോള്‍ ശഫീഖിന്റെ താത്പര്യം. എന്നാല്‍ ഇതുവരെയുള്ള റിപോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ സര്‍ക്കാറിന് അത്തരത്തിലുള്ള തീരുമാനങ്ങളൊന്നുമില്ല. ഇതുപോലെ നിരവധി അനുഭവങ്ങളാണ് വിവിധ ക്യാമ്പുകളില്‍ കഴിയുന്നവര്‍ പങ്ക് വെക്കുന്നത്. കുറച്ചു ദിവസമെങ്കിലും സ്ത്രീകളില്ലാതെ കുറച്ച് പുരുഷന്‍മാര്‍ മാത്രം അവിടെ പോയി താമസിക്കാനുള്ള തയ്യാറെടുപ്പിലാണ് ഇവര്‍.

ആക്രമികള്‍ ക്രൂരതകള്‍ അഴിച്ചുവിടുന്ന സമയത്ത് പ്രദേശങ്ങളിലെ പുരുഷന്‍മാര്‍ മുഴുവന്‍ സമീപത്തെ ബംഗാര്‍പര്‍ അങ്ങാടിയിലായിരുന്നു. അതുകൊണ്ടു തന്നെ ആക്രമണങ്ങളുടെ മുഴുവന്‍ ദുരിതങ്ങളും ഏറ്റുവാങ്ങേണ്ടി വന്നവര്‍ സ്ത്രീകളും കുട്ടികളുമാണ്. ബേക്കിയുടെ പടിഞ്ഞാറന്‍ ഭാഗത്തുള്ള ഖഗ്രബാരി, നാരായണ്‍ഗുരി എന്നിവിടങ്ങളിലുള്ള ജനങ്ങള്‍ ആശ്രയിക്കുന്നത് നദിക്കപ്പുറത്തുള്ള മാര്‍ക്കറ്റുകളെയാണ്. നദി കടക്കാന്‍ ഏക ആശ്രയം ദിവസത്തില്‍ രണ്ട് പ്രാവശ്യം സര്‍വീസ് നടത്തുന്ന ബോട്ട് മാത്രമാണ്. ഇതിലൂടെ നദിയുടെ മറുകരയെത്താന്‍ ഏകദേശം 45 മിനിറ്റ് സമയമെടുക്കും. ഇവരെത്തുമ്പോഴേക്കും നദിക്കിപ്പുറത്ത് ആക്രമണകാരികള്‍ അവരുടെ ക്രൂരമായ അഴിഞ്ഞാട്ടം നടത്തിക്കഴിഞ്ഞിരുന്നു.

സുരക്ഷാക്രമീകരണങ്ങള്‍ പരമാവധി ചെയ്യുന്നുണ്ടെന്നാണ് ജില്ലാ ഭരണകൂടത്തിന്റെ അവകാശവാദം. ബേക്കി നദിയുടെ പടിഞ്ഞാറ് വശത്ത് ദ്രുതകര്‍മ സേനയെ സ്ഥിരമായി ഇതിനോടകം തന്നെ നിയമിച്ചതായി ബക്‌സ അഡീഷണല്‍ ഡെപ്യൂട്ടി കമ്മീഷ്ണര്‍ ഭവാനി പ്രസാദ് ശര്‍മ പറഞ്ഞു. ഇത് ജനങ്ങളുടെ ആത്മവിശ്വാസം തിരിച്ചുകൊണ്ടുവരാന്‍ സഹായിക്കുമെന്നും അദ്ദേഹം വിശ്വാസം പ്രകടിപ്പിച്ചു.
അസമിലെ ബക്‌സ, കൊക്രജാര്‍ ജില്ലകളില്‍ തീവ്രവാദികള്‍ നടത്തിയ ആക്രമണങ്ങളില്‍ മൊത്തം 43 നിരപരാധികളാണ് ക്രൂരമായി വധിക്കപ്പെട്ടിരുന്നത്.