പശ്ചിമ ബംഗാളിലും ബീഹാറിലും കനത്ത പോളിംഗ്, യു പിയില്‍ മന്ദഗതി

Posted on: May 12, 2014 5:13 pm | Last updated: May 12, 2014 at 5:13 pm

voteന്യൂഡല്‍ഹി: അവസാന ഘട്ടത്തില്‍ വോട്ടെടുപ്പ് നടക്കുന്ന ബീഹാറിലും പശ്ചിമ ബംഗാളിലും കനത്ത പോളിംഗ്. ബീഹാറില്‍ നാല് മണി വരെ 50.85 ശതമാനം പോളിംഗ് രേഖപ്പെടുത്തി. പശ്ചിമ ബംഗാളില്‍ മൂന്ന് മണി വരെ 67.34 ശതമാനാണ് പോളിംഗ്.

ഉത്തര്‍പ്രദേശില്‍ മൂന്ന് മണി വരെ 45 ശതമാനം മാത്രമാണ് പോളിംഗ് രേഖപ്പെടുത്തിയത്. അതേസമയം, നരേന്ദ്ര മോഡിയും അരവിന്ദ് കേജരിവാളും തമ്മില്‍ ശക്തമായ മത്സരം നടക്കുന്ന ഉത്തര്‍പ്രദേശിലെ വരാണസിയില്‍ കനത്ത പോളിംഗ് രേഖപ്പെടുത്തി. ഉച്ചയോടെ തന്നെ പോളിംഗ് ശതമാനം കഴിഞ്ഞ വര്‍ഷത്തേക്കാള്‍ ഉയര്‍ന്നു. 2009ല്‍ 42 ശതമാനം പോളിംഗ് രേഖപ്പെടുത്തിയ ഇവിടെ ഇന്ന് മൂന്ന് മണിയായപ്പോഴേക്കും 44 ശതമാനം പേര്‍ സമ്മതിദാനാവകാശം വിനിയോഗിച്ചിട്ടുണ്ട്.

മൂന്ന് സംസ്ഥാനങ്ങളിലെ 41 മണ്ഡലങ്ങളിലാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്. ഉത്തര്‍പ്രദേശിലെ 18ഉം പശ്ചിമ ബംഗാളിലെ 17ഉം ബീഹാറിലെ ആറും ലോക്‌സഭാ മണ്ഡലങ്ങളിലാണ് വിധിയെഴുത്ത്. ഒന്‍പത് കോടിയിലേറെ വോട്ടര്‍മാര്‍ ഉള്ള ഇവിടെ 606 സ്ഥാനാര്‍ഥികളാണ് ജനവിധി തേടുന്നത്.