ടൂത്ത് പേസ്റ്റില്‍ അടങ്ങിയ രാസവസ്തുക്കള്‍ പുരുഷ വന്ധ്യതക്ക് കാരണമാകുന്നു

Posted on: May 12, 2014 4:22 pm | Last updated: May 12, 2014 at 5:50 pm

spermവാഷിംഗ്ടണ്‍: നാം നിത്യജീവിതത്തില്‍ ഉപയോഗിക്കുന്ന പല വസ്തുക്കളും പുരുഷ വന്ധ്യതക്ക് കാരണമാകുന്നതായി പഠനം. ടൂത്ത്‌പേസ്റ്റ്, സോപ്പ്, സണ്‍സ്‌ക്രീന്‍, പ്ലാസ്റ്റിക് കളിപ്പാട്ടങ്ങള്‍ തുടങ്ങിയവയില്‍ ഉപയോഗിക്കുന്ന വിഷരഹിത രാസവസ്തുക്കള്‍ക്ക് പുരുഷബീജത്തിന്റെ ശക്തി കുറക്കാന്‍ സാധിക്കുമെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ഇതാദ്യമായാണ് ഇത്തരത്തിലൊരു പഠന റിപ്പോര്‍ട്ട് പുറത്തുവരുന്നത്. ജര്‍മന്‍ – ഡാനിഷ് ശാസ്ത്രജ്ഞരടങ്ങിയ ടീമാണ് ഇതുസംബന്ധമായി പഠനം നടത്തിയത്.

എന്‍ഡോക്രൈന്‍- ഡിസ്‌റപ്റ്റിംഗ് (Endocrine disruptors) കെമിക്കല്‍സ് എന്നറിയപ്പെടുന്ന രാസവസ്തുക്കള്‍ സംബന്ധിച്ച് നടത്തിയ പഠനമാണ് സുപ്രധാന കണ്ടെത്തലിലേക്ക് നയിച്ചതെന്ന് ശാസ്ത്രജഞര്‍ വിശദീകരിക്കുന്നു. ചില ഭക്ഷ്യവസ്തുക്കളിലും, വസ്ത്രങ്ങളിലും, മരുന്നുകളിലും, പ്ലാസ്റ്റിക്കിലും, കളിപ്പാട്ടങ്ങളിലും, സൗന്ദര്യ വര്‍ധക വസ്തുക്കളിലുമെല്ലാം ഈ രാസവസ്തുക്കള്‍ അടങ്ങിയിട്ടുണ്ട്. മരുഷ്യശരീരത്തിലെ ഹോര്‍മോണുകളുടെ പ്രവര്‍ത്തനത്തെ പ്രതികൂലാമായി ബാധിക്കാന്‍ സഹായിക്കുന്നതാണ് ഈ രാസ പദാര്‍ഥങ്ങളെന്നും ശാസ്ത്ര ലോകം ചൂണ്ടിക്കാട്ടുന്നു.

ചില കേസുകളില്‍ ഈ രാസവസ്തുക്കള്‍ സ്ത്രീ ലൈംഗിക ഹോര്‍മോണായ ഈസ്ട്രജനേയും മറ്റു ചില കേസുകളില്‍ പുരുഷ ഹോര്‍മോണുകളെയും പ്രതികൂലമായി ബാധിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. എന്‍ഡോക്രൈന്‍ .ഡിസ്‌റപ്റ്റിഗ് കെമിക്കലുകള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തുന്നതിന് തങ്ങളുടെ ഗവേഷണ ഫലം സഹായിക്കുമെന്ന് പഠന സംഘത്തിന്റെ തലവന്‍ ജര്‍മനിയിലെ സെന്റര്‍ ഓഫ് അഡ്വാന്‍സ്ഡ് യൂറോപ്യന്‍ സ്റ്റഡീസ് ആന്‍ഡ് റിസര്‍ച്ചിലെ ടിമോ സ്ട്രങ്കര്‍ പറഞ്ഞു.