വിദ്യാര്‍ഥിനിയുടെ മരണം: ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തു

Posted on: May 11, 2014 12:19 am | Last updated: May 11, 2014 at 12:19 am

nasla-deathഅരീക്കോട്:’മാഷോട് കാലു പിടിച്ചു പറഞ്ഞു. ഒന്നു ജയിപ്പിച്ചു വിടാന്‍, ഇനി ആ സ്‌കൂളിലേക്ക് ഞാന്‍ പോകൂലാ… എന്നെ നിങ്ങള്‍ക്ക് വേറെ എവിടെയെങ്കിലും കൊണ്ടാക്കിക്കൂടെ…? ഉമ്മക്ക് അപമാനം മാത്രം തന്ന് ജീവിക്കാന്‍ എനിക്ക് കഴിയില്ല’……
തുടര്‍ച്ചയായി രണ്ട് വര്‍ഷം ക്ലാസ് കയറ്റം നിഷേധിക്കപ്പെട്ടതില്‍ മനം നൊന്ത് ആത്മഹത്യ ചെയ്ത സുല്ലമുസ്സലാം ഓറിയന്റല്‍ ഹൈസ്‌കൂള്‍ വിദ്യാര്‍ഥിനി നിസ്‌ലയുടെ ആത്മഹത്യാ കുറിപ്പിലെ വാക്കുകളാണിവ.
കടുത്ത നിരാശയും അപമാനവും സഹിക്കാന്‍ കഴിയാത്തതിലുള്ള മനോവിഷമമാണ് ആത്മഹത്യക്ക് കാരണമെന്ന് കുറിപ്പില്‍ നിന്നും വ്യക്തമാണ്. കൂട്ടുകാര്‍ ഇനി ആ സ്‌കൂളിലേക്ക് പോകില്ലെന്നും തനിക്ക് ഈ സ്‌കൂളിലേക്ക് തന്നെ പോകേണ്ടി വരുമെന്നുള്ള നിരാശ നിറഞ്ഞ വാക്കുകളും കുറിപ്പിലുണ്ട്. പത്താം ക്ലാസിലേക്ക് വിജയം ഉറപ്പിച്ച നിസ്‌ല ട്യൂഷന്‍ ക്ലാസില്‍ പോയിത്തുടങ്ങിയിരുന്നു.
ഈ മാസം രണ്ടാം തീയതി സ്‌കൂളിലെത്തി ഫലമറിഞ്ഞ് തിരിച്ച് വീട്ടിലെത്തിയ നിസ്‌ല മാതാവിനെ വിളിച്ച് വിഷമം പറഞ്ഞിരുന്നു. ഈ സ്‌കൂളില്‍ പഠിച്ചാല്‍ താന്‍ പത്താം ക്ലാസിലേക്ക് ജയിക്കില്ലെന്ന്. വേറെ സ്‌കൂളിലേക്ക് മാറാം എന്ന് മാതാവ് സമാശ്വസിപ്പിച്ചെങ്കിലും അതുള്‍ക്കൊള്ളാതെ ജീവിതം അവസാനിപ്പിക്കാന്‍ തീരുമാനിച്ചതിനുള്ള കാരണത്തിലേക്കും കുറിപ്പില്‍ സൂചനകളുണ്ട്.
കൂട്ടുകാരിയെന്നു കരുതുന്ന കുട്ടിയുടെ ഉപ്പയോട് ജയിക്കാതെ ടി സി തരാന്‍ പറ്റില്ലെന്ന് ഹെഡ് മാസ്റ്റര്‍ പറഞ്ഞതായി കുറിപ്പിലുണ്ട്. ഈ സ്‌കൂളില്‍ പഠിച്ചാല്‍ ജയിക്കില്ലെന്ന ധാരണയുള്ള കുട്ടി വേറെ സ്‌കൂളിലേക്ക് മാറാന്‍ കഴിയില്ലെന്ന കടുത്ത നിരാശയും അപമാനബോധവും കൊണ്ടാണ് ജീവിതം അവസാനിപ്പിക്കുന്നതെന്ന് കത്തില്‍ സൂചനയുണ്ട്.
പോലീസ് അന്വേഷണം നടന്നു വരുന്നതിനിടെയാണ് ഇന്നലെ കുട്ടിയുടെ റൂമില്‍ കാശിത്തൊണ്ടില്‍ നിക്ഷേപിക്കപ്പെട്ട നിലയില്‍ കുറിപ്പ് കണ്ടെത്തിയത്. നിസ്‌ല സൂക്ഷിച്ചു വെച്ച കാശ് പള്ളിയിലേക്ക് സംഭാവന നല്‍കാം എന്ന മാതാവിന്റെ നിര്‍ദേശ പ്രകാരം സഹോദരിയാണ് തൊണ്ട് പൊട്ടിച്ചത്. സ്ഥലത്തെത്തിയ ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി ചെയര്‍മാന്‍ അഡ്വ. ഷരീഫ് ഉള്ളത്തിന്റെ പക്കല്‍ നിന്നും കുറിപ്പ് പോലീസ് കൈപ്പറ്റി.
പ്രാഥമിക പരിശോധനയില്‍ കുറിപ്പ് നിസ്‌ലയുടെ കൈയ്യക്ഷരം തന്നെയാണെന്ന് പോലീസ് പറഞ്ഞു.