മദ്യവിപത്തിനെക്കുറിച്ച് വീണ്ടുമൊരു പഠനം

Posted on: May 11, 2014 6:00 am | Last updated: May 10, 2014 at 11:10 pm

മദ്യപാനം വ്യക്തിയിലും കുടുംബത്തിലും സമൂഹത്തിലും സൃഷ്ടിക്കുന്ന ഭവിഷ്യത്തുകളെക്കുറിച്ചു സമഗ്രമായി പഠിക്കാന്‍ തീരുമാനിച്ചിരിക്കയാണുപോല്‍ യു ഡി എഫ് സര്‍ക്കാര്‍. ഇതിനായി തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ കമ്യൂണിറ്റി മെഡിസിന്‍ വകുപ്പ് മേധാവി ഡോ വിജയകുമാറിന്റെ നേതൃത്വത്തില്‍ വിദ്ഗ്ധ സമിതിയെ നിയമിച്ചിരിക്കയാണ്. മദ്യപാനം സമൂഹത്തിലുണ്ടാക്കുന്ന ശാരീരിക മാനസിക പ്രശ്‌നങ്ങള്‍, രോഗങ്ങള്‍, സാമ്പത്തിക മേഖലകളില്‍ സൃഷ്ടിക്കുന്ന പ്രത്യാഘാതങ്ങള്‍ തുടങ്ങിയ വിഷയങ്ങളെക്കുറിച്ചാണ് സമിതി ഗവേഷണം നടത്തുന്നത്.
സമൂഹത്തെ കാര്‍ന്നു തിന്നുന്ന മാരക വിപത്തായി വളര്‍ന്നു കഴിഞ്ഞ മദ്യപാനത്തിന്റെ ദൂഷ്യങ്ങളെക്കുറിച്ചു ഒട്ടേറെ പഠനങ്ങള്‍ മുമ്പ് നടന്നിട്ടുണ്ട്. കരള്‍രോഗം, വദനാര്‍ബുദം, മസ്തിഷ്‌ക വീക്കം, മഹോദരം, മഞ്ഞപ്പിത്തം, പേശികള്‍ക്കു ബലക്ഷയം, ആമാശയ ഭിത്തികളില്‍ വ്രണവും വീക്കവും തുടങ്ങി ഒട്ടനവധി രോഗങ്ങള്‍ക്ക് മദ്യപാനം കാരണമാകുന്നതായി പ്രസ്തുത പഠനങ്ങള്‍ കണ്ടെത്തിയതുമാണ്. കേരളത്തിലെ കരള്‍രോഗികളില്‍ എട്ട് ലക്ഷം പേര്‍ക്കും മനോരോഗികളില്‍ 17.6% പേര്‍ക്കും രോഗം ബാധിക്കാനിടയായത് മദ്യപാനമാണെന്ന് പഠനങ്ങള്‍ കാണിക്കുന്നു.
ആത്മഹത്യയില്‍ ദേശീയാടിസ്ഥാനത്തില്‍ മുന്നാം സ്ഥാനത്താണ് കേരളം. 24.3 ശതമാനമാണ് സംസ്ഥാനത്തെ ആത്മഹത്യാ നിരക്ക്. ഇവരില്‍ നാല്‍പ്പത് ശതമാനത്തെയും അതിലേക്ക് നയിച്ചത് ആത്മഹത്യയാണ്. ഭാര്യമാരെ ഉപദ്രവിക്കുന്നവരില്‍ 85 ശതമാനം പേരും തലക്ക് പരുക്കേറ്റ് ആശുപത്രികളിലെത്തുന്നവരില്‍ 37 ശതമാനവും മദ്യപാനികളെന്ന കണ്ടെത്തലും മദ്യപാനത്തിന്റെ സാമൂഹിക വിപത്ത് വിളിച്ചോതുന്നു. ഭര്‍ത്താവ് മദ്യപാനികളായതു മൂലം കണ്ണീര്‍ കുടിക്കുന്ന സ്ത്രീകളുടെ എണ്ണം സംസ്ഥാനത്ത് ലക്ഷക്കണക്കിന് വരും. പീഡിപ്പിക്കപ്പെടുന്ന സ്ത്രീകളുടെ പരാതികളില്‍ നടത്തിയ അന്വേഷണത്തില്‍ കുറ്റവാളികള്‍ മദ്യപരായിരുന്നുവെന്നാണ് കണ്ടെത്തിയത്. പല കുടുംബങ്ങളിലും വരുമാനത്തിന്റെ ഗണ്യമായൊരു ഭാഗം മദ്യപാനം അപഹരിക്കുകയും ഇതുമൂലം സ്ത്രീകളും കുട്ടികളും അര്‍ധ പട്ടിണിയും മുഴുപ്പട്ടിണിയും അനുഭവിക്കേണ്ടി വരികയും ചെയ്യുന്നുണ്ട്.
ഈ ഭവിഷ്യത്തുകളെക്കുറിച്ചെല്ലാം നന്നായി ബോധ്യമുള്ളത് കൊണ്ടാണ് രാഷ്ട്രപിതാവ് മഹത്മാ ഗാന്ധി സമ്പൂണ മദ്യ നിരോധത്തിന് ഉപദേശിച്ചതും ഭരണഘടനയുടെ നിര്‍ദേശക തത്വങ്ങളില്‍ മദ്യനിരോധം ഉള്‍പ്പെടുത്തിയതും. ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസും ഇത് നയമായി അംഗീകരിച്ചിട്ടുണ്ട്. മാത്രമല്ല, മദ്യം ഹാനികരമാണെന്ന് മദ്യക്കുപ്പികളിലും പരസ്യങ്ങളിലും എഴുതിക്കാണിക്കണമെന്ന് സര്‍ക്കാര്‍ വ്യവസ്ഥ ചെയ്തിട്ടുമുണ്ട്. എന്നിട്ടും ഉമ്മന്‍ ചാണ്ടിക്കും സഹമന്ത്രിമാര്‍ക്കും മദ്യവിപത്തിനെക്കുറിച്ച് കൂടുതല്‍ പഠിക്കാന്‍ ഇനിയുമെന്താണുള്ളത്?
നിലവാരമില്ലാത്ത ബാറുകള്‍ക്ക് ലൈസന്‍സ് നല്‍കുന്നതിനെച്ചൊല്ലിയുണ്ടായ വിവാദത്തിന്റെ പശ്ചാത്തലത്തിലാണ് വീണ്ടുമൊരു വിദഗ്ധ പഠനത്തിനുള്ള ഉള്‍വിളിയുണ്ടായതെന്നത് ശ്രദ്ധേയമാണ്. പ്രശ്‌നത്തില്‍ സുധീരന്‍ ഒരു വശത്തും മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ മറ്റുള്ളവര്‍ എതിര്‍ വശത്തുമായി പാര്‍ട്ടിയില്‍ നടന്ന ഏറ്റുമുട്ടല്‍ സുധീരന് മൂല്യങ്ങള്‍ മുറുകെ പിടിക്കുന്ന ശുദ്ധനായ ആദര്‍ശവാദിയുടെ പ്രതിച്ഛായയും മറ്റുള്ളവര്‍ക്ക് മദ്യലോബിയുടെ ആളുകളെന്ന മോശമായ പ്രതിച്ഛായയും സൃഷ്ടിക്കുകയുണ്ടയി. വംഗ്യേനയെങ്കിലും മുഖ്യമന്ത്രി തന്നെ ഇക്കാര്യം സൂചിപ്പിച്ചതാണ്. സമ്പൂര്‍ണ മദ്യനിരോധമെന്ന ആശയത്തിന് സമൂഹത്തില്‍ ശക്തി പകരാനും ഈ വിവാദം വഴിവെച്ചു. മദ്യനിരോധത്തിനനുകൂലമായി മുസ്‌ലിം ലീഗ് ശക്തമായി രംഗത്ത് വന്നതിന്റെ കാരണവുമിതാണ്. ഈ സാഹചര്യങ്ങളെ അതിജീവക്കുകയും സര്‍ക്കാറിന്റെ മുഖം മിനുക്കുകയുമായിരിക്കണം വിദഗ്ധ പഠന പ്രഖ്യാപനത്തിന്റെ ലക്ഷ്യം.
കോണ്‍ഗ്രസും മുസ്‌ലിം ലീഗും മാത്രമല്ല, താത്വികമായി യു ഡി എഫിലെ മറ്റു കക്ഷികളും മദ്യവിരുദ്ധ പ്രസ്ഥാനക്കാരാണ്. മദ്യവ്യവസായം മൂലം സര്‍ക്കാറിന് ലഭ്യമാകുന്ന വരുമാനവും അബ്കാരി മേഖലയിലെ ഏതാനും തൊഴിലാളികളുടെ പ്രശ്‌നവുമാണ് ഇതിന് വിലങ്ങുതടി. എന്നാല്‍ മദ്യവ്യവസായത്തിലൂടെ സര്‍ക്കാറിന് ലഭ്യമാകുന്ന വരുമാനത്തേക്കാളുപരിയാണ്, സാമൂഹിക രംഗത്ത് അത് സൃഷ്ടിക്കുന്ന വിപത്തുകള്‍ പൊതുഖജനാവിനുണ്ടാക്കുന്ന നഷ്ടമെന്ന് പഠനങ്ങള്‍ വ്യക്തമാക്കിയിട്ടുണ്ട്. അബ്കാരി മേഖലയിലെ തൊഴിലാളികളെ മറ്റു മേഖലകളിലേക്ക് പുനര്‍വിന്യസിച്ച് അവരുടെ തൊഴില്‍ പ്രശ്‌നം പരിഹരിക്കാവുന്നതുമാണ്. പുതിയ പഠനങ്ങളുടെ പേരില്‍ വിഷയം ഇനിയും നീട്ടിക്കൊണ്ടുപോകാതെ എത്രയും പെട്ടെന്ന് സമ്പൂര്‍ണ മദ്യനിരോധം നടപ്പാക്കുകയാണ് ജനനന്മ ആഗ്രഹിക്കുന്നുവെങ്കില്‍ സര്‍ക്കാര്‍ ചേയ്യേണ്ടത്.