കൊലപാതകങ്ങളെ മാധ്യമങ്ങള്‍ വ്യാഖ്യാനിക്കുന്ന വിധം

Posted on: May 11, 2014 6:00 am | Last updated: May 10, 2014 at 11:09 pm

mediaടി പി ചന്ദ്രശേഖരന്‍ മലയാളിക്ക് സുപരിചിതനാണ്. ടി പി എന്ന രണ്ടക്ഷരം കേള്‍ക്കുമ്പോള്‍ തന്നെ ചന്ദ്രശേഖരന്‍ എന്ന് ഒരോ മലയാളിയുടെയും നാവിലൂടെ അറിയാതെ പുറത്തുവരും. അത്രമേല്‍ ഉയര്‍ന്നുകേട്ട പേരായിരുന്നു അത്. ഇന്നും ആ പേര് അന്തരീക്ഷത്തില്‍ അലയടിച്ചുകൊണ്ടിരിക്കുന്നു. ചിലര്‍ക്ക് അത് ഗുണകരവും മറ്റു ചിലര്‍ക്ക് അത് ദോഷകരവുമായിട്ടാണെന്ന് മാത്രം. പറഞ്ഞു വരുന്നത് ടി പി ചന്ദ്രശേഖരന്‍ വധത്തെക്കുറിച്ച് തന്നെയാണ്. എന്തുകൊണ്ടാണ് ടി പി ചന്ദ്രശേഖരന്‍ വധിക്കപ്പെട്ട് രണ്ട് വര്‍ഷം പിന്നിട്ടിട്ടും ആ പേര് ഇന്നും സജീവമായി ഉയര്‍ന്ന് കേള്‍ക്കുന്നത്. നമ്മുടെ നാട്ടിലെ രാഷ്ട്രിയ പാര്‍ട്ടികളും സാംസ്‌കാരിക നായകന്‍മാരും സാമൂഹിക പ്രവര്‍ത്തകരും വേദികളായ വേദികളിലെല്ലാം ഇന്നും മടിയില്ലാതെ പ്രതികരിക്കുന്ന വിഷയങ്ങളില്‍ ഒന്ന് ടി പി വധക്കേസ് മാത്രമാണെന്ന് പറഞ്ഞാല്‍ അതില്‍ അതിശയോക്തി ഉണ്ടെന്ന് തോന്നുന്നില്ല. 2012 മെയ് നാലിനായിരുന്നു ടി പി ചന്ദ്രശേഖരന്‍ വെട്ടേറ്റ് പിടഞ്ഞു വീണു മരിക്കുന്നത്. കമ്മ്യൂണിസ്റ്റ് മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയിലൂടെ വളര്‍ന്ന് വരുകയും പിന്നീട് സ്വന്തം പാര്‍ട്ടിയുമായി തെറ്റി പുതിയ പാര്‍ട്ടി ഉണ്ടാക്കി പ്രവര്‍ത്തിച്ചു വരികയുമായിരുന്നു ടി പി. ഇതിനിടയിലാണ് ടി പിയെ വെട്ടിക്കൊലപ്പെടുത്തുന്നത്. രാഷ്ട്രീയ വിരോധമാണ് ടി പിയെ വെട്ടി കൊലപ്പെടുത്തിയതിന് പിന്നില്‍ എന്ന ആരോപണം ശക്തമായിരുന്നു. പിന്നീട് നടന്ന സംഭവവികാസങ്ങളെല്ലാം തന്നെ അത് തെളിയിക്കുകയും ചെയ്യുന്ന കാഴ്ചകളായിരുന്നു. ടി പി വധക്കേസിന്റെ പേരില്‍ ഏറ്റവും കൂടുതല്‍ പഴി കേട്ടതും പ്രതിക്കൂട്ടില്‍ നിന്നതും അദ്ദേഹത്തെ രാഷ്ട്രീയ ബാലപാഠം പഠിപ്പിച്ച സി പി എം തന്നെയായിരുന്നു. ആരോപണങ്ങളുടെ മുന സി പി എം സംസ്ഥാന നേതാക്കള്‍ക്ക് നേരെ വരെ തിരിഞ്ഞു. അതില്‍ സത്യമുണ്ടോ അസത്യമുണ്ടോ എന്ന കാര്യം ഇന്നും കൃത്യമായി വ്യക്തമാക്കപ്പെട്ടിട്ടില്ല. എങ്കിലും ഒരിക്കലും സംഭവിക്കാന്‍ പാടില്ലാത്തതായിരുന്നു രണ്ട് വര്‍ഷങ്ങള്‍ക്കു മുമ്പുള്ള ആ മെയ് മാസത്തില്‍ സംഭവിച്ചതെന്ന കാര്യത്തില്‍ ആര്‍ക്കും തര്‍ക്കമില്ല. ഒരു മനുഷ്യനെ നിഷ്ഠൂരമായി കൊലപ്പെടുത്തുക. കൊന്നിട്ടും പക തീരാത്തവര്‍ വീണ്ടും വീണ്ടും വെട്ടി ടി പിയുടെ ശരീരത്തില്‍ അരിശം തീര്‍ത്തു. ചോരയില്‍ കുതിര്‍ന്ന ടി പിയുെട ഭൗതിക ശരീരം കണ്ട മലയാളികള്‍ക്ക് അത് മറക്കാന്‍ കഴിയില്ല. അവര്‍ ഒരു പ്രതിജ്ഞയെടുത്തു. ഇനിയൊരിക്കലും നമ്മുടെ നാട്ടില്‍ ഇത്തരത്തില്‍ ഒന്ന് സംഭവിക്കാന്‍ പാടില്ല. കെ കെ രമയെ പോലെയുള്ള വിധവകള്‍ ഇനി ഉണ്ടാകാന്‍ പാടില്ല. ഇതിനുപിന്നില്‍ ആരായാലും അവരെ ഒറ്റപ്പെടുത്തണം. കൊലപാതക രാഷ്ട്രീയത്തിനെതിരെ അണി നിരക്കണം. മലയാളികള്‍ ഒറ്റക്കെട്ടായി തീരുമാനിച്ചു. ടി പിയിലൂടെ അവസാനത്തെ രക്തസാക്ഷിയുടെ ചരിത്രമെഴുതണമെന്ന്. ഇനി ഇത്തരത്തില്‍ ഒരു രക്തസാക്ഷിയും ദൈവത്തിന്റെ സ്വന്തം നാട്ടില്‍ നിന്ന് ഉണ്ടാകാന്‍ പാടില്ല. ജനങ്ങളുടെ പൊതു വികാരം മനസ്സിലാക്കിയ മാധ്യമങ്ങള്‍ അക്രമത്തിനും ടി പിയുടെ കൊലപാതകത്തിനുമെതിരെ ശക്തവും ധീരവുമായ നിലപാടുകളെടുത്തു.
എന്നാല്‍ മലയാളികളുടെ എല്ലാ കണക്ക് കൂട്ടലുകളും തെറ്റിക്കുന്നതായിരുന്നു പിന്നീട് വന്നുകൊണ്ടിരുന്ന വാര്‍ത്തകള്‍. ടി പി ചന്ദ്രശേഖരന്‍ വധം രാഷ്ട്രീയ പകപോക്കലിന് വലതുപക്ഷ ചായ്‌വുള്ള മുഖ്യധാരാ മാധ്യമങ്ങള്‍ ഉപയോഗിച്ചു. അവര്‍ക്ക് സി പി എം വിരോധം മത്രമായിരുന്നു ലക്ഷ്യമെന്ന് തെളിയിക്കുന്നതായിരുന്നു ഓരോ ചാനല്‍ ചര്‍ച്ചയും പത്രങ്ങളുടെ മുഖ പ്രസംഗവും. ടി പി കൊല്ലപ്പെട്ടതിന് ശേഷം പലരും കൊല്ലപ്പെട്ടു. അതൊന്നും മാധ്യമങ്ങള്‍ കണ്ടില്ല. അവര്‍ ടി പിക്ക് പുറമെ മാത്രമായിരുന്നു സഞ്ചരിച്ചത്. ഏറ്റവും ഒടുവില്‍ രണ്ടാഴ്ചക്ക് മുമ്പ് കൊല്ലത്ത് നടന്ന സമാനമായ കൊലപാതകം പോലും മാധ്യമങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ തയ്യാറായില്ല.
കൊട്ടാരക്കര കരീപ്ര സ്വദേശി ശ്രീരാജെന്ന 31കാരനായിരുന്നു സ്വന്തം പിതാവിന് മുന്നില്‍ വെച്ച് ദാരുണമായി കൊല്ലപ്പെട്ടത്. ഏപ്രില്‍ 15 ന് വൈകിട്ട് നാലിനായിരുന്നു നാടിനെ നടുക്കിയ ആ കൊലപാതകം. തടിപ്പണിക്കാരനായിരുന്ന ശ്രീരാജ് പിതാവ് രാജേന്ദ്രന്‍ ആചാരിക്കൊപ്പം സമീപത്തുള്ള ഒരു വീട്ടില്‍ തടിപ്പണിയിലേര്‍പ്പെട്ടുകൊണ്ടിരിക്കെ അക്രമികള്‍ കടന്നുവന്നു ജീവനപഹരിച്ച് കടന്നുപോയി. സംഘടിച്ചെത്തിയ ആര്‍ എസ് എസ് ഗുണ്ടകള്‍ ഇരുമ്പ് ദണ്ഡു കൊണ്ട് അച്ഛന് മുന്നിലിട്ട് ശ്രീരാജെന്ന മകനെ അടിച്ച് കൊലപ്പെടുത്തുകയായിരുന്നു. ജീവരക്ഷക്കായി ഓടാന്‍ ശ്രമിച്ചിട്ടും ശ്രീരാജിനെ അവര്‍ വെറുതെ വിട്ടില്ല. മകന്റെ ജീവനു വേണ്ടിയുള്ള ആ പിതാവിന്റെ യാചനയും ആര്‍ എസ് എസുകാര്‍ ചെവിക്കൊണ്ടില്ല. പകരം ആ പിതാവിനെയും അവര്‍ ആക്രമിക്കുകയായിരുന്നു. എന്നാല്‍ എല്ലാ അനീതികള്‍ക്കുമെതിരെ ശബ്ദിക്കുന്നുവെന്ന് മേനി പറയുന്ന നമ്മുടെ മാധ്യമങ്ങള്‍ ഇവിടെ മൗനം നടിച്ചു. തന്റെ ഏക മകന്റെ ചേതനയറ്റ ശരീരമാണ് കൈയിലിരിക്കുന്നതെന്നറിയാതെ ശ്രീരാജിന്റെ മൃതശരീരവുമായി ജില്ലാ ആശുപത്രിയിലെത്തിയ രാജേന്ദ്രനാചാരിയെന്ന നിസ്സഹായനായ അച്ഛനെക്കുറിച്ച് ഒരു പത്രത്തിന്റെയും മുന്‍ പേജില്‍ വാര്‍ത്ത വന്നില്ല.
കെ കെ രമയുടെ വാക്കുകള്‍ക്ക് അവര്‍ വരുന്നിടെത്തെല്ലാം കാത്തുനില്‍ക്കുന്ന ഒരു ചാനലുകാരനെയും തന്റെ മൂന്ന് വയസ്സുകാരന്‍ മകനെയുമെടുത്ത് ഇനിയെന്ത് ചെയ്യണമെന്നറിയാതെ പകച്ചുനിന്ന ശ്രീരാജിന്റെ ഭാര്യ ശാരിയുടെ മുന്നില്‍ കണ്ടില്ല. ഒരു പക്ഷെ കെ കെ രമയെപ്പോലെ വാക്ചാതുരിയോ പ്രസംഗപാടവമോ സംഘടനാപരിചയമോ സാധാരണക്കാരിയായ ശാരിക്ക് ഉണ്ടായെന്ന് വരില്ല. എങ്കിലും അവര്‍ക്കും എന്തെങ്കിലും പറയാനുണ്ടാകില്ലേ? തന്റെ ഭര്‍ത്താവിന്റെ നല്ല ഗുണങ്ങളെ കുറിച്ചെങ്കിലും. ജനസേവകര്‍ക്ക് പരസ്പരം തെറി പറയാന്‍ വരെ മൈക്ക് നീട്ടികൊടുക്കുന്നവര്‍ എന്തേ ശാരിക്ക് വേണ്ടി ഒരു മിനിറ്റ് നീക്കിവെക്കാന്‍ തയ്യാറായില്ല. സി പി എം പ്രവര്‍ത്തകനായതുകൊണ്ട് ശ്രീരാജിന്റെ ജീവനു വിലയില്ലേ? അതോ ഇപ്പുറത്ത് കുറ്റവാളികള്‍ സംഘ്പരിവാര്‍ ആയത് കൊണ്ടുള്ള മൗനമാണോ? സംശയിക്കേണ്ടിയിരിക്കുന്നു നിഷ്പക്ഷമതികള്‍.
ടി പി ചന്ദ്രശേഖരനെക്കുറിച്ച് ഇനിയും ചര്‍ച്ചകള്‍ നടക്കണം. അതില്‍ ആര്‍ക്കെങ്കിലും അസ്വസ്ഥതയുണ്ടെങ്കില്‍ അവര്‍ അസ്വസ്ഥരാകട്ടെ. അതോര്‍ത്ത് നമ്മെളെന്തിന് വിഷമിക്കണം? പക്ഷേ അത് ഒരു പാര്‍ട്ടിയോടുള്ള വിരോധമാക്കി മാറ്റരുത്. രണ്ട് വര്‍ഷം പിന്നിട്ടിട്ടും അറിഞ്ഞോ അറിയാതെയോ കെ കെ രമയെന്ന ടി പി ചന്ദ്രശേഖരന്റെ അറിയപ്പെടുന്ന വിധവ രാഷ്ട്രീയ പാര്‍ട്ടികളുടെയും മാധ്യമങ്ങളുടെയും കൈയിലെ പാവയായി മാറിയിട്ടുണ്ടോയെന്ന് ആലോചിക്കേണ്ടതുണ്ട്. ടി പിയെ കുറിച്ച് എല്ലാവര്‍ക്കും നല്ലത് മാത്രമേ പറയാനുള്ളൂ. പ്രത്യേകിച്ച് അദ്ദേഹത്തിന്റെ നാട്ടുകാര്‍ക്ക്. പക്ഷേ ടി പിയെ ഇന്നും വില്‍പ്പനച്ചരക്കാക്കുന്നവരും വിവാദവിഷയമായി ചര്‍ച്ചക്ക് എടുക്കുന്നവരോടും അദ്ദേഹത്തിന്റെ ആത്മാവ് പൊറുക്കുമോ എന്നത് അതിന് മുതിരുന്നവര്‍ ചിന്തിക്കേണ്ടതാണ്. പഞ്ചായത്ത് മുതല്‍ പാര്‍ലിമെന്റ് തിരഞ്ഞെടുപ്പ് വരെ ടി പി വധം ചര്‍ച്ചയാക്കപ്പെടുമ്പോള്‍ മലയാളി മറന്നു പോകുന്ന ചില കാര്യങ്ങളുണ്ട്. കേവലം രാഷ്ട്രീയ വിഷയമാക്കി ടി പി കേസ് മാറ്റുന്നതില്‍ വിജയിച്ച രാഷ്ട്രീയ പാര്‍ട്ടികള്‍ ഇനിയൊരാളുടെയും രക്തക്കറകൊണ്ട് ചരിത്രമെഴുതേണ്ടെന്ന നമ്മുടെ ചിന്താധാരയെയാണ് വെല്ലുവിളിക്കുന്നത്. നമ്മുടെ ചര്‍ച്ചകളും നിയമ നടപടികളും കേവല രാഷ്ട്രീയ ലാഭങ്ങള്‍ക്ക് വേണ്ടി വഴിമാറിയതാണ് ശ്രീരാജിനെ പോലെ ഒരു കുടുംബത്തിന്റെ പ്രതീക്ഷയായിരുന്ന യുവാവിനെ അടിച്ച് കൊലപ്പെടുത്താനെത്തിവരുടെ കൈകള്‍ക്ക് ശക്തി പകരുന്നത്. ശ്രീരാജ് കൊല്ലപ്പെട്ടപ്പോള്‍ ദണ്ഡുകൊണ്ടേറ്റ അടിയുടെ കണക്കെടുപ്പിന് ഒരു സാംസ്‌കാരിക പ്രവര്‍ത്തകനെയും അവിടേക്ക് കാണാതിരുന്നത് ആദര്‍ശം എതിരാളിയെ നോക്കി രൂപപ്പെടുത്തുന്നതായതുകൊണ്ടാണ്. ശ്രീരാജ് കൊല്ലപ്പെട്ടപ്പോള്‍ ജനപ്രതിനിധികൂടിയായ ഒരു കേന്ദ്ര മന്ത്രി അവന്റെ നാട്ടിലെത്തി പ്രസംഗിച്ചപ്പോള്‍ കൊലപാതകത്തെ അപലപിക്കാന്‍ പോലും തയ്യാറായില്ലെന്നതല്ല ഖേദകരം. മറിച്ച് അതില്‍ രാഷ്ട്രീയം കലര്‍ത്താനായിരുന്നു മന്ത്രിയുടെ ശ്രമം. ഇത്തരത്തില്‍ ഉത്തരവാദപ്പെട്ടവര്‍ തന്നെ കുറ്റവാളികള്‍ക്ക് വളം വെച്ച് നല്‍കുന്ന കാലത്ത് കൊലപാതകങ്ങള്‍ ആവര്‍ത്തിച്ചാല്‍ അതില്‍ എങ്ങനെ അത്ഭുതപ്പെടാനാകും?
തൃശൂരിലെ നവാസ് കൊല്ലപ്പെട്ടതും മണ്ണാര്‍ക്കാട്ടെ ഹംസയും നൂറുദ്ദീനും കൊല്ലപ്പെട്ടതും ഉള്‍പ്പെടെ നിരവധി ജീവനുകള്‍ ടി പി വധത്തിന് ശേഷം സാക്ഷര കേരളത്തില്‍ പിടഞ്ഞ് വീണ് മരിച്ചു. പക്ഷേ ഇതൊന്നും മാധ്യമങ്ങള്‍ ഇന്നാട്ടില്‍ നടന്നത് പോലെയായിരുന്നില്ല അവതരിപ്പിച്ചത്. എല്ലാം ചെറു കോളങ്ങളിലും പാതിരാ ന്യൂസുകളിലുമായി ഒതുങ്ങി. ടി പിയുടെ രമയെപ്പോലെ ഇവര്‍ക്കൊക്കെയും ഭാര്യമാരും കുടുംബങ്ങളുമുണ്ട.് പക്ഷേ അവരെയൊന്നും വാര്‍ത്തയിലേക്ക് കൊണ്ടുവന്നാല്‍ ഏറ്റുപിടിക്കാനും നിരന്തരം പ്രസ്താവനകളിറക്കാനും നമ്മുടെ നാട്ടിലാളുകളുണ്ടാകില്ലല്ലോ? അതിലുപരി ഇതിലൊക്കയെന്ത് സെന്‍സേഷനലിസം. ഇതാണ് നമ്മുടെ നാട്ടില്‍ ഇന്ന് നടക്കുന്ന മാധ്യമ പ്രവര്‍ത്തനമെന്ന സേവന വാണിജ്യം. ഈ കേസുകളിലൊക്കെയുള്ള പ്രതികളെ നിയമനടപടിക്ക് മുന്നില്‍ എതിര്‍പ്പില്ലാതെയെത്തിക്കാന്‍ ഇനിയും നമുക്ക് കഴിഞ്ഞിട്ടില്ലെന്നതാണ് വാസ്തവം.
മണ്ണാര്‍ക്കാട്ടെ ഇരട്ട കൊലപാതകക്കേസില്‍ സഹോദരങ്ങളായ ഹംസയെയും നൂറുദ്ദീനെയും വധിച്ചതിന് പിന്നില്‍ മതത്തിന്റെ പേരില്‍ രാഷ്ട്രീയ കച്ചവടം നടത്തുന്നവരും അതിന് ഓശാന പാടുന്ന മത സംഘടകളുമാണെന്ന വാര്‍ത്ത സാംസ്‌കാരിക കേരളത്തിന് ലജ്ജാകരമായിരുന്നു. ഇങ്ങനെ മത സംഘടനകളും രാഷ്ട്രീയ സംഘടനകളും മുന്‍ വൈരാഗ്യത്തിന്റെയും രാഷ്ട്രീയ, സംഘടനാ വിരോധത്തിന്റെയും പേരില്‍ മനുഷ്യ ജീവനുകളെ കശാപ്പുകാരനെ പോലെ കവര്‍ന്നെടുക്കുമ്പോള്‍ മലയാളി മുഖം തിരിച്ച് നടക്കുന്നത് ആപത്കരമാണ്. കാരണം എന്തിനും മടിക്കാത്ത ഇവര്‍ നാളെ നമ്മുടെ വീട്ട് മുറ്റത്തേക്കും കഠാരയുമായി കയറി വരികയില്ലെന്ന് ആര് കണ്ടു? അതുകൊണ്ട് മൗനം വെടിഞ്ഞ് പ്രതികരിച്ചേ മതിയാകൂ. ഇനിയൊരു ടി പിയും മറ്റൊരു ശ്രീരാജും ആവര്‍ത്തിക്കപ്പെടരുത്.
അത് സാധ്യമാകണമെങ്കില്‍ ഈ രാജ്യത്തിന്റെ നാലാം തൂണായ മാധ്യമങ്ങള്‍ ജാഗരൂകരാകേണ്ടതുണ്ട്. നിഷ്പക്ഷതയായിരിക്കണം നിലപാടുകള്‍. ജാതിയോ മതമോ രാഷ്ട്രീയമോ ആയിരിക്കരുത് ചോരകൊണ്ടെഴുതുന്ന ഇത്തരം വാര്‍ത്തകളെ സ്വാധീനിക്കേണ്ടത്. വാര്‍ത്തകളെ രാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്കായി ഉപയോഗിക്കുന്ന രാഷ്ട്രീയ പാര്‍ട്ടികളെയും കരുതിയിരിക്കണം.
കൊലപാതക രാഷ്ട്രീയങ്ങള്‍ക്കും വര്‍ഗീയ രാഷ്ട്രീയങ്ങള്‍ക്കുമെതിരെ ഏല്ലാം മറന്ന് ഒറ്റക്കെട്ടായി ശബ്ദിക്കാന്‍ ഇനിയും നമ്മള്‍ മടിച്ചാല്‍ പിന്നെ നമുക്കെന്ത് പ്രബുദ്ധതയാണ് അവകാശപ്പെടാനുള്ളത്?