ഇവിടെ പ്രഞ്ജാള്‍ യാദവും താരമാണ്

    Posted on: May 10, 2014 11:39 pm | Last updated: May 10, 2014 at 11:39 pm

    pranjal yadavവരാണസി: ബി ജെ പിയുടെ പ്രധാനമന്ത്രിസ്ഥാനാര്‍ഥി നരേന്ദ്ര മോദിയും എ എ പി നേതാവ് അരവിന്ദ് കെജ്‌രിവാളും ഏറ്റുമുട്ടുന്ന ഉത്തര്‍പ്രദേശിലെ വാരാണസിയില്‍ ഇപ്പോള്‍ താരം പ്രഞ്ജാള്‍ യാദവാണ്. ശക്തമായ നിലപാടുകള്‍ എടുത്തതോടെയാണ് ഐ ഐ ടി ബിരുദധാരിയായ പ്രഞ്ജാള്‍ യാദവ് എന്ന വാരാണസിയുടെ ജില്ലാ മജിസ്‌ട്രേറ്റ് താരമാകുന്നത്. റൂര്‍ക്കി ഐ ഐ ടിയില്‍ നിന്ന് മെക്കാനിക്കല്‍ ബിരുദം നേടിയ പ്രഞ്ജാള്‍ 2006 ബാച്ചിലെ ഐ എ എസ് ഉദ്യോഗസ്ഥനാണ്. സമാജ്‌വാദി പാര്‍ട്ടി നേതാവ് മുലായം സിംഗ് യാദവ് മത്സരിക്കുന്ന അംസഗഢിലെ ജില്ലാ മജിസ്‌ട്രേറ്റായിരുന്ന പ്രഞ്ജാള്‍ അവിടെ നിന്നാണ് വാരാണസിയില്‍ എത്തുന്നത്.
    വാരാണസിയിലെ സ്ഥാനാര്‍ഥിയായ മോദിയുടെ പ്രചാരണം തടസ്സപ്പെടുത്താന്‍ ജില്ലാ മജിസ്‌ട്രേറ്റായ പ്രഞ്ജാള്‍ ശ്രമിക്കുന്നവെന്ന ആരോപണവുമായി ബി ജെ പി രംഗത്തെത്തുന്നതിനിടെ പ്രഞ്ജാളിന് ലഭിക്കുന്ന പൊതുജന പിന്തുണ വരാണസി തെരുവുകളില്‍ നിന്ന് ദൃശ്യമാണ്. വരാണസിയിലെ ജനങ്ങളില്‍ ഭൂരിഭാഗവും പ്രഞ്ജാളിനൊപ്പമാണ്. ഇതില്‍ പ്രാദേശിക ബി ജെ പി നേതാക്കളും ഉള്‍പ്പെടും. പ്രഞ്ജാളിന്റെ നിര്‍ദേശപ്രകാരം മോദിയുടെ റാലിക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്‍ അനുമതി നിഷേധിച്ചതോടെയാണ് കമ്മീഷനെതിരെ ബി ജെ പി പോര്‍മുഖം തുറന്നത്. സുരക്ഷാ കാരണങ്ങളാല്‍ മോദിയുടെ റാലിക്ക് അനുമതി നല്‍കരുതെന്നായിരുന്നു ജില്ലാ മജിസ്‌ട്രേറ്റിന്റെ നിര്‍ദേശം. വ്യാഴാഴ്ച മോദി റാലി നടത്തിയെങ്കിലും നേരത്തെ നിശ്ചയിച്ചിരുന്ന ഗംഗാ ആരതി ഉള്‍പ്പെടെയുള്ളവ റദ്ദാക്കുകയായിരുന്നു. ഊര്‍ജസ്വലനായ മനുഷ്യന്‍ എന്നാണ് വരാണസിയിലെ ഒരാള്‍ പ്രഞ്ജാള്‍ യാദവിനെ കുറിച്ച് പറഞ്ഞത്. ‘നുഴഞ്ഞുകയറ്റത്തെ അദ്ദേഹം ഉരുക്കുമുഷ്ടികള്‍ കൊണ്ട് നേരിട്ടു’വെന്നാണ് പ്രദേശത്ത് സൈബര്‍ കഫേ നടത്തുന്ന സുനില്‍ ചൗരസ്യയുടെ അഭിപ്രായം. വരാണസിയില്‍ നല്ല റോഡുകള്‍ ഉണ്ടായതിന്റെ അംഗീകാരവും യാദവിനാണ് നല്‍കുന്നത്. യാദവ് വരുന്നതിന് മുമ്പ് റോഡുകള്‍ മുഴുവന്‍ ശോച്യാവസ്ഥയിലായിരുന്നുവെന്ന് സുനില്‍ ചൗരസ്യ അഭിപ്രായപ്പെടുന്നു. സമാജ്‌വാദി പാര്‍ട്ടി നേതാവ് രാംഗോപാല്‍ യാദവിന്റെ ബന്ധുവാണ് ജില്ലാ മജിസ്‌ട്രേറ്റെന്നും പാര്‍ട്ടി നിലപാടാണ് അദ്ദേഹം ഇവിടെ നടപ്പാക്കുന്നതെന്നുമാണ് ബി ജെ പി ആരോപിക്കുന്നത്. ബന്ധുവാണെന്ന കാര്യം രാംഗോപാല്‍ യാദവ് നിഷേധിച്ചിട്ടുണ്ട്.
    എന്നാല്‍, ഇതിനോടൊന്നും പ്രതികരിക്കാന്‍ പ്രഞ്ജാള്‍ യാദവ് തയ്യാറായിട്ടില്ല. ഇക്കാര്യങ്ങള്‍ മാധ്യമങ്ങളോട് സംസാരിക്കാന്‍ തയ്യാറല്ലെന്നാണ് അദ്ദേഹത്തിന്റെ ഓഫീസിലെ ഉദ്യോഗസ്ഥര്‍ പറയുന്നത്.