പത്മനാഭ സ്വാമി ക്ഷേത്രത്തിലെ അമൂല്യവസ്തുക്കള്‍: വിവരങ്ങള്‍ ഇനിയും പുറത്തുവരും: വി എസ്

Posted on: May 10, 2014 11:29 pm | Last updated: May 10, 2014 at 11:29 pm

vs2കൊല്ലം: പത്മനാ’ സ്വാമി ക്ഷേത്രത്തിലെ സ്വര്‍ണം ഉള്‍പ്പെടെയുള്ള അമൂല്യവസ്തുക്കള്‍ കടത്തിയതുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ സുപ്രീംകോടതി മുമ്പാകെ ഇനിയും പുറത്തുവരുമെന്ന് പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്‍.

ചരിത്രപണ്ഡിതനും എഴുത്തുകാരനും പ്രഭാഷകനുമായിരുന്ന ഡോ. എം എസ് ജയപ്രകാശിന്റെ ഒന്നാം ചരമവാര്‍ഷികത്തോടനുബന്ധിച്ച് നടന്ന അനുസ്മരണസമ്മേളനം ഉദ്ഘാടനംചെയ്യുകയായിരുന്നു വി എസ്.
പത്മനാഭ സ്വാമി ക്ഷേത്രത്തില്‍ നിന്ന് പായസം കൊണ്ടുപോകുന്ന പാത്രങ്ങളില്‍ മാര്‍ത്താണ്ഡവര്‍മ ക്ഷേത്രത്തിലെ സ്വര്‍ണം കടത്തിയിരുന്നുവെന്നും ഇക്കാര്യം അവിടുത്തെ ജീവനക്കാര്‍ തന്നെ അറിയിച്ചിരുന്നുവെന്നും അച്യുതാനന്ദന്‍ പറഞ്ഞു. മുഖ്യമന്ത്രിയായിരിക്കെയാണ് തനിക്ക് ഈ വിവരം ലഭിച്ചത്.
ഇതുസംബന്ധിച്ച കേസ് കൈകാര്യം ചെയ്ത സുപ്രിംകോടതിയെ അറിയിച്ചിരുന്നു. കോടതി നിയോഗിച്ച അമിക്കസ്‌ക്യൂറിയുടെ അന്വേഷണത്തില്‍ ഇത് കണ്ടെത്തി. രാജാധിപത്യത്തിന്റെ കുടിലതകളെയും രാജാധിപത്യം മണ്‍മറഞ്ഞിട്ടും അതിന്റെ സ്വാധീനം ഹൃദയത്തില്‍ പേറുന്നവരുടെ അസംബന്ധങ്ങളെയും എഴുത്തിലൂടെയും പ്രസംഗത്തിലൂടെയും ഡോ. ജയപ്രകാശ് ചോദ്യം ചെയ്തു.
തിരുവിതാംകൂറിലെ അവസാനത്തെ രാജാവായ ചിത്തിരതിരുനാളിന്റെ ക്രൂരതകള്‍ അദ്ദേഹം പുറത്തുകൊണ്ടുവന്നു. പരന്ന വായനയിലൂടെ ആര്‍ജിച്ച വിജ്ഞാനത്തിന്റെ പുതുവെളിച്ചം സമൂഹത്തിനുകൂടി അദേഹം പ്രദാനംചെയ്തു. ഡോ. ജയപ്രകാശിന്റെ സംഭാവനകള്‍ക്ക് ജൈവസ്വഭാവം കൈവരുന്നത് ഇക്കാരണത്താലാണ്.
കേരളത്തിന്റെ ചരിത്രമുന്നേറ്റങ്ങളെയും അതിലെ ഉയര്‍ച്ച താഴ്ചകളെയും ഡോ. ജയപ്രകാശ് കീഴാള പക്ഷത്തുനിന്ന് പഠിക്കുകയും വിശകലനം നടത്തുകയും ചെയ്തുവെന്നും വി എസ് പറഞ്ഞു.
ഡോ. എം എസ് ജയപ്രകാശ് ഫൗണ്ടേഷന്‍ ഫോര്‍ സോഷ്യല്‍ ജസ്റ്റിസിന്റെ ആഭിമുഖ്യത്തിലാണ് അനുസ്മരണസമ്മേളനം നടന്നത്. ഫൗണ്ടേഷന്‍ ചെയര്‍മാന്‍ ഡോ. ബി എ രാജാകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. കേണല്‍ പി വിശ്വനാഥന്‍ പ്രബന്ധം അവതരിപ്പിച്ചു.
കെ കരുണാകരന്‍, പി രാമഭദ്രന്‍, എം എസ് ജയരാജ് എന്നിവര്‍ സംസാരിച്ചു. എസ് സുവര്‍ണകുമാര്‍ സ്വാഗതം പറഞ്ഞു.