ഹിതപരിശോധന അനുകൂലമായാല്‍ അനന്തരഫലം വന്‍ ദുരന്തം: ഉക്രൈന്‍

Posted on: May 10, 2014 10:50 pm | Last updated: May 10, 2014 at 10:50 pm

കീവ്: ഇന്നത്തെ ഹിതപരിശോധന അനുകൂലമാണെങ്കില്‍ അനന്തരഫലം വന്‍ ദുരന്തമായിരിക്കുമെന്ന് കിഴക്കന്‍ മേഖലക്ക് ഉക്രൈനിന്റെ ഭീഷണി. റഷ്യന്‍ ഭാഷ സംസാരിക്കുന്ന കിഴക്കന്‍ മേഖലകളായ ഡൊണറ്റ്‌സ്‌കിലും ലുഹാന്‍സ്‌കിലും നടക്കുന്ന വോട്ടെടുപ്പ് നിയമവിരുദ്ധമാണെന്ന് ഉക്രൈന്‍ ഇടക്കാല പ്രസിഡന്റ് ഒലക്‌സാന്‍ഡര്‍ ടര്‍ച്ചിനോവ് പറഞ്ഞു. ചര്‍ച്ചകള്‍ക്ക് സമ്മതിക്കുകയോ വിശാല സ്വയംഭരണത്തിന് സന്നദ്ധരാകുകയോ വേണമെന്ന് കിഴക്കന്‍ മേഖലയിലെ ജനങ്ങളോട് അദ്ദേഹം ആഹ്വാനം ചെയ്തു. അതേസമയം, വോട്ടെടുപ്പിന്റെ പശ്ചാത്തലത്തില്‍ റഷ്യക്കെതിരെ കൂടുതല്‍ ഉപരോധങ്ങള്‍ ഏര്‍പ്പെടുത്താന്‍ പടിഞ്ഞാറന്‍ ശക്തികള്‍ തീരുമാനിച്ചു.
സര്‍ക്കാര്‍ മന്ദിരങ്ങളും പോലീസ് സ്റ്റേഷനുകളും പിടിച്ചെടുത്ത ‘തീവ്രവാദികളോട്’ രാജിയാകില്ലെന്നും ടര്‍ച്ചിനോവ് വ്യക്തമാക്കി. ഉക്രൈനില്‍ നിന്ന് വേര്‍പെടുന്നത് സ്വന്തം കുഴി തോണ്ടുന്നതാണ്. സമ്പദ്‌മേഖലയുടെ പൂര്‍ണ തകര്‍ച്ചയും മേഖലയിലെ ഭൂരിപക്ഷത്തിന്റെ സാമൂഹിക ജീവിതം താറുമാറാക്കുന്നതുമാണ് സ്വയംഭരണമെന്നത് മനസ്സിലാക്കാത്തവരാണ് ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് പിന്നില്‍. ടര്‍ച്ചിനോവ് കൂട്ടിച്ചേര്‍ത്തു.
കിഴക്കന്‍ നഗരങ്ങളില്‍ ഏതു നിമിഷവും സംഘര്‍ഷമുണ്ടാകുമെന്ന അവസ്ഥയാണ്. വെള്ളിയാഴ്ച മരിയോപോളില്‍ നടന്ന ഏറ്റുമുട്ടലില്‍ 20 പേര്‍ കൊല്ലപ്പെട്ടിട്ടുണ്ട്. ടയറുകളും മാലിന്യ വണ്ടികളും മറ്റും വെച്ച് തെരുവുകളില്‍ തടസ്സങ്ങള്‍ സൃഷ്ടിച്ചിരിക്കുകയാണ് ഇവിടെ വിമതര്‍. ഭരണ കാര്യാലയത്തിന് തീയിട്ടിട്ടുണ്ട്. ഉക്രൈന്‍ സൈന്യത്തിന്റെ സാന്നിധ്യം ഇവിടെയില്ല. സ്ലാവ്യന്‍സ്‌കില്‍ റോഡുകള്‍ തടസ്സപ്പെടുത്തിയിട്ടുണ്ട്. ഡൊനേറ്റ്‌സ്‌കിലും ലുഗാന്‍സ്‌കിലും ഇന്നത്തെ ഹിതപരിശോധനക്കുള്ള തയ്യാറെടുപ്പുകള്‍ സജീവമാണ്.
25 ാം തീയതി ഉക്രൈനിലെ തിരഞ്ഞെടുപ്പ് നടന്നില്ലെങ്കില്‍ രാജ്യത്തെ അസ്ഥിരമാക്കുമെന്ന് ജര്‍മന്‍ ചാന്‍സലര്‍ ആഞ്ജല മെര്‍ക്കലും ഫ്രഞ്ച് പ്രസിഡന്റ് ഫ്രാങ്കോയിസ് ഹൊളാന്‍ദെയും പറഞ്ഞു. ഈയവസ്ഥയില്‍ റഷ്യക്കെതിരെ കൂടുതല്‍ ഉപരോധങ്ങള്‍ തയ്യാറാണെന്ന് ഇരു നേതാക്കളും പറഞ്ഞു. ഇതുവരെ 48 റഷ്യക്കരുടെയും ഉക്രൈന്‍കാര്‍കാരുടെയും സ്വത്ത് യൂറോപ്യന്‍ യൂനിയന്‍ കണ്ടുകെട്ടുകയും വിസാ നിരോധം ഏര്‍പ്പെടുത്തുകയും ചെയ്തിട്ടുണ്ട്. പടിഞ്ഞാറന്‍ അനുകൂല പ്രക്ഷോഭങ്ങളെ തുടര്‍ന്ന് ഫെബ്രുവരിയില്‍ ഉക്രൈന്‍ പ്രസിഡന്റ് വിക്‌ടോര്‍ യാനുകോവിച്ച് റഷ്യയിലേക്ക് പോയതിനു ശേഷം രാജ്യത്ത് സുസ്ഥിര ഭരണം സ്ഥാപിക്കുന്നതിന് നടത്തുന്ന തിരഞ്ഞെടപ്പിനുള്ള തയ്യാറെടുപ്പുകള്‍ ത്വരിതഗതിയിലാണ്.