ദക്ഷിണ സുഡാനില്‍ വെടിനിര്‍ത്തല്‍ കരാര്‍

Posted on: May 10, 2014 10:49 pm | Last updated: May 10, 2014 at 10:49 pm

അഡിസ് അബാബ: ദക്ഷിണ സുഡാനില്‍ അനുരഞ്ജനത്തിന് ഇരു വിഭാഗവും കരാറിലെത്തി. കൂട്ടക്കുരുതിയും ദാരിദ്ര്യവും ഇല്ലായ്മ ചെയ്യണമെന്ന അന്താരാഷ്ട്ര സമ്മര്‍ദത്തെ തുടര്‍ന്നാണ് ഇരുവിഭാഗവും വെടിനിര്‍ത്തല്‍ കരാറിലെത്തിയത്. എത്യോപ്യന്‍ തലസ്ഥാനമായ ആഡിസ് അബാബയില്‍ വെള്ളിയാഴ്ച ആരംഭിച്ച നേരിട്ടുള്ള ചര്‍ച്ചയെ തുടര്‍ന്നാണ് പ്രസിഡന്റ് സല്‍വാ കീറും വിമത മേധാവിയും മുന്‍ വൈസ് പ്രസിഡന്റുമായ റീക് മച്ചറും കരാറിലെത്തിയത്. ഡിസംബര്‍ മുതല്‍ ആരംഭിച്ച സംഘര്‍ഷങ്ങള്‍ക്ക് ഇതോടെ അറുതിയാകുമെന്നാണ് കുരുതുന്നത്.
തങ്ങള്‍ക്കിടയിലുണ്ടായിരുന്ന പ്രശ്‌നങ്ങള്‍ക്ക് ചര്‍ച്ച മാത്രമാണ് പോംവഴിയെന്ന ബോധ്യം ഇപ്പോഴുണ്ടായിരിക്കുന്നു. നേരായ ദിശയില്‍ നീങ്ങും. കരാറില്‍ ഒപ്പ് വെച്ചതിന് ശേഷം കീര്‍ പറഞ്ഞു. നടപടിയെ അമേരിക്കന്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് സൂസന്‍ റൈസ് പ്രശംസിച്ചു. ദക്ഷിണ സുഡാനിലെ പോരാട്ടം, രാജ്യത്തിന്റെ പ്രതീക്ഷയെ തല്ലിത്തകര്‍ക്കുകയും സമാധാനവും ഐശ്വര്യവും ജനങ്ങള്‍ക്ക് നിഷേധിക്കുകയും ചെയ്തു. കരാറിലെ ഓരോ ഘടകത്തെയും മാനിക്കാനുള്ള നടപടിയാണ് കീറിന്റെയും മച്ചറിന്റെയും ഭാഗത്ത് നിന്നുണ്ടാകേണ്ടത്. സംഘര്‍ഷം അവസാനിപ്പിച്ച് സ്ഥിരത ഉറപ്പ് വരുത്താന്‍ ശുഭാപ്തി വിശ്വാസത്തോടെ ചര്‍ച്ച നടത്തുകയും രാഷ്ട്രീയ ഉടമ്പടിയില്‍ എത്തുകയും ചെയ്യണം. വൈറ്റ് ഹൗസ് പുറപ്പെടുവിച്ച പ്രസ്താവനയില്‍ പറയുന്നു.
കൊലപാതകങ്ങള്‍ക്ക് ഉത്തരവാദികളായ കീറും മച്ചറും സ്വന്തം നിലക്ക് ജയിക്കില്ലെന്ന തിരിച്ചറിവിലെത്തിയിരിക്കുന്നു. അവരൊന്നിച്ച് പ്രവര്‍ത്തിക്കേണ്ടതുണ്ടെന്ന് രാഷ്ട്രീയ നിരീക്ഷകന്‍ ജോസഫ് ഓച്ച്യാനോ പറഞ്ഞു. ചര്‍ച്ചയില്‍ പരിഹാരമുണ്ടായില്ലെങ്കില്‍ ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തുമെന്ന് അമേരിക്ക ഭീഷണിപ്പെടുത്തിയിരുന്നു. ഒരാഴ്ച മുമ്പ് സംഘര്‍ഷത്തിലേര്‍പ്പെട്ട രണ്ട് വ്യക്തികള്‍ക്കെതിരെ യു എസ് ഉപരോധം ഏര്‍പ്പെടുത്തിയിരുന്നു. ഇവരിലൊരാള്‍ കീറിനെ പിന്തുണക്കുന്നയാളും മറ്റേയാള്‍ മച്ചര്‍ പക്ഷക്കാരനുമാണ്.