തട്ടിക്കൊണ്ടുപോകല്‍ മുന്നറിയിപ്പ് നൈജീരിയന്‍ സൈന്യം അവഗണിച്ചു: ആംനെസ്റ്റി

Posted on: May 10, 2014 10:48 pm | Last updated: May 10, 2014 at 10:48 pm

അബൂജ: നൈജീരിയയില്‍ 270 വിദ്യാര്‍ഥിനികളെ തട്ടിക്കൊണ്ടുപോയ സ്‌കൂളില്‍ ആക്രമണമുണ്ടാകുമെന്ന മുന്നറിയിപ്പ് സൈന്യം അവഗണിച്ചുവെന്ന് ആംനസ്റ്റി. ബോക്കോഹറാമിന്റെ ആക്രമണം നടക്കുന്നതിന് നാല് മണിക്കൂര്‍ മുമ്പ് മുന്നറിയിപ്പ് നല്‍കിയിരുന്നതായി വിശ്വസനീയ കേന്ദ്രങ്ങളെ ഉദ്ധരിച്ച് മനുഷ്യാവകാശ സംഘടന പറഞ്ഞതായി ബി ബി സി റിപ്പോര്‍ട്ട് ചെയ്തു.
എന്നാല്‍ ആംനസ്റ്റി റിപ്പോര്‍ട്ടിന്റെ ആധികാരികതയില്‍ സംശയമുണ്ടെന്നും മുന്നറിയിപ്പ് ലഭിച്ചിരുന്നുവെങ്കില്‍ പ്രതിരോധ നടപടികള്‍ സ്വീകരിക്കുമായിരുന്നുവെന്നും നൈജീരിയന്‍ വാര്‍ത്താവിതരണ വകുപ്പ് മന്ത്രി ലബറാന്‍ മാകു പറഞ്ഞു. ആംനസ്റ്റിയുടെ അവകാശവാദം സംബന്ധിച്ച് അന്വേഷണം നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
അതേ സമയം തട്ടിക്കൊണ്ടുപോയ പെണ്‍കുട്ടികള്‍ ഇപ്പോഴും രാജ്യത്തുതന്നെയുണ്ടെന്നും അയല്‍രാജ്യമായ കാമറൂണിലേക്ക് കടത്തിക്കൊണ്ടുപോയിട്ടില്ലെന്നുമാണ് വിശ്വസിക്കുന്നതെന്ന് നൈജീരിയന്‍ പ്രസിഡന്റ് ഗുഡ്‌ലക്ക് ജൊനാതന്‍ പറഞ്ഞു. പെണ്‍കുട്ടികളെ കണ്ടെത്താനായി അമേരിക്കയിലേയും ബ്രിട്ടനിലേയും വിദഗ്ധ സംഘം നൈജീരിയയിലെത്തിയിട്ടുണ്ട്.