തായ്‌ലന്‍ഡില്‍ ഷിനാവത്രയുടെ അനുയായികളും തെരുവില്‍

Posted on: May 10, 2014 10:10 pm | Last updated: May 10, 2014 at 10:10 pm

ബാങ്കോക്ക്: കോടതി പുറത്താക്കിയ തായ്‌ലന്‍ഡ് പ്രധാനമന്ത്രി യിംഗ്‌ലക് ഷിനാവത്രയുടെ അനുയായികളും പ്രക്ഷോഭവുമായി തെരുവിലിറങ്ങി. പ്രധാനമന്ത്രി പുറത്തുപോയിട്ടും സര്‍ക്കാര്‍വിരുദ്ധ പ്രക്ഷോഭകര്‍ പിന്നാക്കം പോകാത്തതിനെ തുടര്‍ന്ന് ജനാധിപത്യം സംരക്ഷിക്കുക എന്ന മുദ്രാവാക്യവുമായാണ് ചെങ്കുപ്പായക്കാര്‍ എന്നറിയപ്പെടുന്ന ഷിനാവത്രയുടെ അനുയായികള്‍ രംഗത്തിറങ്ങിയത്.
ഷിനാവത്രയെ അധികാരഭ്രഷ്ടയാക്കിയത് നീതിന്യായ ഭരണ അട്ടിമറിയായാണ് ചെങ്കുപ്പായക്കാര്‍ വിശദീകരിക്കുന്നത്. ജനാധിപത്യമായി വേഷപ്രച്ഛന്നം നടത്തിയ ഏകാധിപത്യമാണ് ഇതെന്ന് ഇവര്‍ പറയുന്നു. ഏകദേശം അരലക്ഷം പേര്‍ പങ്കെടുത്ത റാലിയാണ് സംഘടിപ്പിച്ചത്. തിരഞ്ഞെടുപ്പ് നടത്താന്‍ സമ്മര്‍ദം ചെലുത്താന്‍ ദിവസങ്ങളോളം തെരുവില്‍ തമ്പടിക്കുമെന്ന് പ്രക്ഷോഭകര്‍ വ്യക്തമാക്കി. ഗ്രാമീണരും കര്‍ഷകരുമാണ് യിംഗ്‌ലക്കിന്റെ പാര്‍ട്ടിയുടെ കരുത്ത്. ദിവസങ്ങള്‍ക്ക് മുമ്പാണ് അധികാര ദുര്‍വിനിയോഗം നടത്തിയെന്ന കേസില്‍ യിംഗ്‌ലക്കും ഒമ്പത് മന്ത്രിമാരും കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയത്. നെല്ലിന് സബ്‌സിഡി നല്‍കാതെ അഴിമതി നടത്തിയെന്ന മറ്റൊരു കേസിലും അവര്‍ കുറ്റക്കാരിയാണെന്ന് കോടതി കണ്ടെത്തിയിട്ടുണ്ട്. യിംഗ്‌ലക്കിന്റെ പാര്‍ട്ടിയായ പ്യൂയെ തായ് പാര്‍ട്ടിയുടെ ഇടക്കാല സര്‍ക്കാറാണ് ഭരണം നടത്തുന്നത്. ജൂലൈ 20ന് തിരഞ്ഞെടുപ്പ് നടത്താന്‍ സാധിക്കുമെന്നാണ് സര്‍ക്കാറിന്റെ പ്രതീക്ഷ.
സര്‍ക്കാര്‍ പുറത്തുപോയി തക്‌സിന്‍ കുടുംബത്തിന്റെ സ്വാധീനം ഇല്ലാതാക്കാന്‍ പരിഷ്‌കരണം നടത്തണമെന്നാണ് പ്രതിപക്ഷത്തിന്റെ ആവശ്യം. മുന്‍ ഉപ പ്രധാനമന്ത്രി സുതേപ് തൗഗ്‌സുബാനാണ് പ്രക്ഷോഭക നേതാവ്. മധ്യവര്‍ഗവും നഗരവാസികളുമാണ് ഇവരുടെ ശക്തി.