Connect with us

Gulf

സ്‌കൂള്‍ ബസുകള്‍ ഉപഗ്രഹ സംവിധാനം വഴി നിരീക്ഷിക്കും: ശൈഖ് സൈഫ്

Published

|

Last Updated

Flashing Lights and Sign on School Bus

അബുദാബി: യു എ ഇ യിലെ സ്‌കൂള്‍ ബസുകള്‍ ഉപഗ്രഹ സംവിധാനം വഴി നിരീക്ഷിക്കുമെന്നു ആഭ്യന്തരമന്ത്രി ശൈഖ് സൈഫ് ബിന്‍ സായിദ് അല്‍ നഹ്‌യാന്‍. വാഹനാപകടങ്ങള്‍ കുറയ്ക്കാന്‍ മഞ്ഞുവീഴ്ച മുന്‍കൂട്ടി അറിയുന്ന സംവിധാനം നടപ്പാക്കും. മഞ്ഞുവീഴ്ച സംബന്ധിച്ച മുന്നറിയിപ്പു നല്‍കുന്ന ഇലക്‌ട്രോണിക് ക്യാമറാ ടവറുകള്‍ സജ്ജീകരിക്കും.
ലോകത്തെ ഏറ്റവും സുരക്ഷിത ദേശമെന്ന പദവിയിലേക്കു രാജ്യത്തെ ഉയര്‍ത്താനാണ് പ്രയത്‌നിക്കുന്നതെന്നു മന്ത്രി ഫെഡറല്‍ നാഷനല്‍ കൗണ്‍സില്‍ നിയമനിര്‍മാണ യോഗത്തില്‍ ശൈഖ് സൈഫ് വ്യക്തമാക്കി. നീതി നടപ്പാക്കാനും മനുഷ്യാവകാശം സംരക്ഷിക്കാനും രാജ്യം കടപ്പെട്ടിരിക്കുന്നു. ഗുരുതരസ്വഭാവമുള്ള കുറ്റകൃത്യങ്ങള്‍ കുറയ്ക്കാന്‍ യു എ ഇക്ക് ഇതിനകം സാധിച്ചു.
ഒരുലക്ഷം ജനങ്ങളില്‍ 110 എന്ന തോതിലാണ് ഗുരുതര സ്വഭാവമുള്ള കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്. മുന്‍വര്‍ഷം ഇത് 118 ആയിരുന്നു. 2011ല്‍ 119 എന്ന തോതിലാണ് ഇത്തരം കേസുകള്‍ രേഖപ്പെടുത്തിയത്. എന്നാല്‍, വികസിത രാജ്യങ്ങളിലും മെട്രോപൊളിറ്റന്‍ സുരക്ഷാ സംവിധാനമുള്ള സ്ഥലങ്ങളിലും ജനസംഖ്യയിലെ ഒരുലക്ഷത്തില്‍ 1900 എന്ന തോതിലാണ് അസ്വസ്ഥജനകമായ കേസുകള്‍.
ഇതുമായി താരതമ്യം ചെയ്യുമ്പോള്‍ യു എ ഇയില്‍ കേസുകള്‍ തുലോം കുറവാണ്. വിദ്യാര്‍ഥികളുടെ യാത്രാസുരക്ഷക്കു മുഖ്യപരിഗണന നല്‍കും. സ്‌കൂളിലും റോഡിലും ബസിലും കുട്ടികള്‍ സുരക്ഷിതരായിരിക്കാനുള്ള അതിനൂതന സാങ്കേതിക സൗകര്യങ്ങള്‍ കൊണ്ടുവരും. തലസ്ഥാന എമിറേറ്റില്‍ പരീക്ഷണാര്‍ഥം നടപ്പാക്കുന്ന പദ്ധതികള്‍ വിജയകരമെന്നു ബോധ്യപ്പെട്ടാല്‍ എല്ലാ എമിറേറ്റുകളിലും സമാന സംവിധാനം കൊണ്ടുവരും.
സ്‌കൂള്‍ ബസുകള്‍ കുട്ടികളെ കയറ്റിറക്കം നടത്തുന്ന സ്ഥലങ്ങളും യാത്രാവഴികളും ഉപഗ്രഹ നിരീക്ഷണത്തിലായിരിക്കും. ബസില്‍ ദൃശ്യശ്രാവ്യ റിക്കോര്‍ഡിംഗ് സംവിധാനമുണ്ടാകും. സ്‌കൂള്‍ ബസുകളിലും പുറത്തുമുള്ള കുട്ടികളുടെ ചലനങ്ങള്‍ ആഭ്യന്തര മന്ത്രാലയത്തിന്റെ ഓപ്പറേഷന്‍ റൂമില്‍ ലഭ്യമാക്കുന്നതാണ് ഇതെന്നു മന്ത്രി പറഞ്ഞു.
ഗതാഗത കാര്യങ്ങള്‍ ക്രമീകരിക്കുന്ന “സാഅദ്” സ്വദേശിവല്‍ക്കരിക്കും. നിലവില്‍ 20 ശതമാനമുള്ള സ്വദേശികളുടെ സാന്നിധ്യം 80 ശതമാനമാക്കും. ഉദ്യോഗസ്ഥരുടെ യോഗ്യതയും പരിചയവും പരിഗണിച്ച് 8000 മുതല്‍ 35,000 ദിര്‍ഹം വരെയാണ് വേതനം നല്‍കുന്നത്. സ്വദേശികളെ പൊലീസ് തലത്തിലേക്കും ട്രാഫിക് ഡിപ്പാര്‍ട്ട്‌മെന്റുകളിലേക്കും ആകര്‍ഷിക്കുന്ന തരത്തില്‍ ശമ്പള പരിഷ്‌കരണവും കൊണ്ടുവരും.
യു എ ഇയില്‍ വാഹനങ്ങള്‍ വര്‍ധിച്ചതായി ആഭ്യന്തര മന്ത്രാലയത്തിലെ ട്രാഫിക് കോ-ഓര്‍ഡിനേറ്റര്‍ ബ്രി. ഗയ്‌സ് അല്‍സആബി അറിയിച്ചു. 20.674 ലക്ഷം വാഹനങ്ങളാണ് ഇപ്പോള്‍ യു എ ഇയിലുള്ളത്. നേരത്തെ ഇത് 10.974 ലക്ഷമായിരുന്നു.
കഴിഞ്ഞ അഞ്ചു വര്‍ഷത്തിനുള്ളില്‍ 7.27 ലക്ഷം വാഹനങ്ങളാണ് എമിറേറ്റുകളിലെ റോഡുകളില്‍ അധികമായി ഓടുന്നത്.
ഇതേ കാലയളവിനുള്ളില്‍ നല്‍കിയ ഡ്രൈവിങ് ലൈസന്‍സുകളുടെ തോതില്‍ 72 ശതമാനമാണു പെരുപ്പം. മുപ്പത്തൊന്‍പതര ലക്ഷം ലൈസന്‍സുകളാണ് ജനങ്ങള്‍ കൈപ്പറ്റിയത്. ഇരുപത്തിരണ്ടര ലക്ഷത്തില്‍ നിന്നാണ് ഈ കുതിപ്പുണ്ടായത്. എന്നാല്‍ വാഹനാപകടങ്ങളില്‍പെട്ടു മരണപ്പെടുന്നവരുടെ എണ്ണത്തില്‍ കുറവുണ്ടാക്കാനായതു നേട്ടമായി ബ്രി. ഗയ്‌സ് ചൂണ്ടിക്കാട്ടി.

Latest