എക്‌സ്‌പോ 2020: ഷാര്‍ജയിലും വന്‍ വികസനം

Posted on: May 10, 2014 6:54 pm | Last updated: May 10, 2014 at 6:54 pm

world expo

ഷാര്‍ജ: ദുബൈയില്‍ വേള്‍ഡ് എക്‌സ്‌പോ 2020ക്ക് മുന്നോടിയായി ഷാര്‍ജ നഗരത്തില്‍ സമഗ്ര വികസനം നടപ്പിലാക്കുമെന്ന് ഷാര്‍ജ ഇന്‍വെസ്‌മെന്റ് ആന്റ് ഡവലപ്പ്‌മെന്റ് അതോറിറ്റി (ഷുറൂഖ്) സി ഇ ഒ മര്‍വാന്‍ ബിന്‍ ജാസിം അല്‍ സര്‍ക്കല്‍ അറിയിച്ചു. എക്‌സ്‌പോയില്‍ 30 ലക്ഷം സന്ദര്‍ശകരെയാണ് ഷാര്‍ജയില്‍ പ്രതീക്ഷിക്കുന്നത്. പുതുതായി 3,000 പുതിയ ഹോട്ടല്‍ റൂമുകള്‍ വേണ്ടിവരും. ഗതാഗത മേഖലയില്‍ മെട്രോ, ട്രാം പാതകള്‍, ആധുനിക രീതിയിലുള്ള റോഡുകള്‍ എന്നിവയാണ് നിര്‍മിക്കുക.
ഇക്കോ ടൂറിസത്തിന് മുന്‍തൂക്കം നല്‍കും. ഷാര്‍ജ എമിറേറ്റിന്റെ പരിധിയിലെ ബീച്ചുകളും തടാകങ്ങളും ആധുനീക രീതിയില്‍ നിര്‍മിക്കും. 2016 ഓടെ പുതുതായി മുവായിരം ഹോട്ടല്‍ റൂമുകള്‍ പണിയും. സര്‍ബു നുഐര്‍ എന്ന പേരില്‍ സന്ദര്‍ശകരെ ആകര്‍ശിക്കുവാന്‍ പുതുതായി ദ്വീപു നിര്‍മിക്കും. കല്‍ബയില്‍ 200 റൂമുകളുള്ള ഹോട്ടല്‍ നിര്‍മിക്കും.
നഗരത്തിലെ വര്‍ഷങ്ങള്‍ പഴക്കമുള്ള ഗതാഗതകുരുക്ക് ഇല്ലാതാക്കുവാന്‍ ആധുനീക രീതിയില്‍ നിര്‍മിക്കുന്ന റോഡുകളുടെ നിര്‍മാണം ഉടന്‍ ആരംഭിക്കും. ഗള്‍ഫ് റെയില്‍, ഇത്തിഹാദ് റെയില്‍ എന്നിവയെ ബന്ധിപ്പിച്ചാണ് മെട്രോ, ട്രാം എന്നിവ നിര്‍മിക്കുന്നത്. ഇതിന്റെ സാധ്യത പഠനം ഷുറൂഖും ഷാര്‍ജ ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റിയും സംയുക്തമായാണ് നടത്തുന്നത്. സാധ്യത പഠനം ആരംഭിച്ചു കഴിഞ്ഞതായും അദ്ദേഹം അറിയിച്ചു.
ഖോര്‍ഫുകാനിലെ തുറമുഖം ആധുനീക രീതിയിലുള്ള താക്കും. ആഴം കൂടുതലുള്ള മേഖല ആയത് കൊണ്ട് ഇതുവഴി വലിയ യാത്രക്കപ്പലുകള്‍ എത്തിച്ചേരുമെന്നാണ് ഷുറൂഖിന്റെ പ്രതീക്ഷ. ഖബല്‍ബയിലാണ് ഇക്കോ റൂറിസം പദ്ധതി നടപ്പിലാക്കുന്നത്. 50 കോടി ദിര്‍ഹം ഉപയോഗിച്ചാണ് ഷുറൂഖ്. സര്‍ബുനെയര്‍ ദ്വീപ് നിര്‍മിക്കുന്നത്. 2017ല്‍ ദ്വീപിന്റെ നിര്‍മാണം പൂര്‍ത്തീകരിക്കാന്‍ കഴിയുമെന്ന് അധികൃതര്‍ പറഞ്ഞു. ദ്വീപില്‍ അധുനിക രീതിയിലുള്ള റിസോര്‍ട്ട്, ഹോട്ടലുകള്‍, അപ്പാര്‍ട്ട്‌മെന്റുകള്‍, വില്ലകള്‍, മ്യൂസിയം, പള്ളികള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, തുറമുഖം, എയര്‍പോര്‍ട്ട് എന്നിവ ഉണ്ടാകും.
എക്‌സ്‌പോയെ വരവേല്‍ക്കുന്നതിന് ഷാര്‍ജ നഗരത്തിലെ കെട്ടിടങ്ങള്‍ക്ക് മോഡികൂട്ടല്‍ ആരംഭിച്ചു കഴിഞ്ഞു. സന്ദര്‍ശകരെ നഗരത്തിലേക്ക് വരവേല്‍ക്കുന്നതിനാണ് മോഡികൂട്ടുന്നത്. പഴയ കെട്ടിട ഉടമകള്‍ക്കും നഗരത്തില്‍ കാലാവധി കഴിഞ്ഞ കെട്ടിടങ്ങള്‍ പൊളിക്കുന്നതിനും നഗരസഭ അധികൃതര്‍ നോട്ടീസ് നല്‍കി. നോട്ടീസ് ലഭിച്ച കെട്ടിടങ്ങളില്‍ പലതും പൊളിച്ചു കഴിഞ്ഞു.
ഗതാഗത മേഖലയില്‍ ട്രാം, മെട്രോ എന്നിവ തുടങ്ങുമെന്ന വാര്‍ത്ത നഗരവാസികള്‍ സന്തോഷത്തോടെയാണ് വരവേറ്റത്. വര്‍ഷങ്ങളുടെ പഴക്കമുണ്ട് നഗരത്തിലെ ഗതാഗതക്കുരുക്കിന്. എക്‌സ്‌പോ വരുന്നതോടെ ഗതാഗത കുരുക്ക് രൂക്ഷമാകുമെന്ന കണ്ടെത്തലാണ് ഗതാഗത മേഖലയില്‍ പുതിയ പദ്ധതികള്‍ ആരംഭിക്കുവാനുള്ള പ്രധാന കാരണം. എക്‌സ്‌പോക്ക് മുന്നോടിയായി മില്യന്‍ ദിര്‍ഹമിന്റെ പുതിയ പദ്ധതികളാണ് ഷാര്‍ജയില്‍ നടപ്പിലാക്കുന്നത്. ഇത്തിഹാദ് റയിലിന്റെയും ഗള്‍ഫ് റയിലിന്റെയും പിന്നാലെ മെട്രോയും ട്രാമും വരുന്നതോടെ രാജ്യത്തിന്റെ വടക്കന്‍ ഭാഗങ്ങളിലെ ഗതാഗത കുരുക്കിന് ശാശ്വത പരിഹാരമാകും. 2020 ലക്ഷ്യമിട്ട് നടപ്പാക്കുന്ന നയ പരിപാടികളില്‍ ആരോഗ്യം, പരിസ്ഥിതി, ഗതാഗതം, ചരക്കു കടത്ത് എന്നീ നാല് പ്രധാന മേഖലകളിലെ വികസനമാണ് ലക്ഷ്യമിടുന്നത്.
എക്‌സ്‌പോ പ്രദര്‍ശന വേളയില്‍ ഷാര്‍ജയിലെത്തുന്ന സന്ദര്‍ശകരുടെ എണ്ണത്തില്‍ വന്‍ വര്‍ധന പ്രതീക്ഷിക്കുന്നുണ്ട്. നിലവില്‍ എമിറേറ്റിലെ സന്ദര്‍ശകരുടെ എണ്ണം 19 ലക്ഷമാണ്. 2020 ആകുമ്പോഴേക്കും ഇത് 27 ലക്ഷമായി ഉയരുമെന്നാണ് പ്രതീക്ഷ. കൂടാതെ 2016 ആകുമ്പോഴേക്കും പുതിയ ഹോട്ടല്‍ മുറികള്‍ ആവശ്യമായിവരുന്നതിനാല്‍ പുതിയ ഹോട്ടലുകള്‍ നിര്‍മിക്കുന്നത്. 2017ല്‍ സര്‍ബു നുഐര്‍ ദ്വീപ് പദ്ധതി പൂര്‍ത്തിയാകുന്നതോടെ കൂടുതല്‍ സന്ദര്‍ശകര്‍ എമിറേറ്റിലെത്തുമെന്ന പ്രതീക്ഷയിലാണ് ഷുറൂഖ്. ഇതിനാണ് പുതിയ പദ്ധതികള്‍ ആവിഷ്‌കരിക്കുന്നത്.