Connect with us

Malappuram

മലപ്പുറം കോര്‍പറേഷന്‍; ലീഗിന്റെ രാഷ്ട്രീയ അജന്‍ഡയെന്ന് സി പി എം

Published

|

Last Updated

മലപ്പുറം: നഗരസഭയുടെ വികസനത്തിനെന്ന വ്യാജേന മലപ്പുറം കോര്‍പറേഷന്‍ രൂപീകരിക്കാനുള്ള നീക്കം മുസ്ലിംലീഗിന്റെ സങ്കുചിത രാഷ്ട്രീയവും അധിക്കാരക്കൊതിയും മാത്രമാണെന്ന് സി പി എം ജില്ലാ സെക്രട്ടറിയറ്റ് പ്രസ്താവനയില്‍ അറിയിച്ചു.
ജില്ലയുടെ പകുതിയിലധികംവരുന്ന പ്രദേശം ചേര്‍ത്ത് കോര്‍പറേഷന്‍ രൂപീകരിക്കാമെന്നത് നഗരകാര്യ മന്ത്രിയുടെ അപക്വമായ രാഷ്ട്രീയ മോഹമാണ്. അത് അംഗീകരിക്കില്ല.
മലപ്പുറം, മഞ്ചേരി, പെരിന്തല്‍മണ്ണ, കോട്ടക്കല്‍ നഗരസഭകള്‍ക്കു പുറമെ ഒട്ടനവധി പഞ്ചായത്തുകളും ചേര്‍ത്ത് കോര്‍പറേഷന്‍ രൂപീകരിക്കാനാണ് നീക്കമെന്നറിയുന്നു. ലീഗിന് മറ്റൊരു അധികാര സ്ഥാപനം കൈയടക്കുകമാത്രമാണ് ഇതിനുപിന്നിലെ ലക്ഷ്യം. ഭൂമിശാസ്ത്രപരമായി ഒട്ടും ബന്ധമില്ലാതെ വേറിട്ട് കിടക്കുന്ന സ്ഥലങ്ങള്‍ ഒറ്റ കോര്‍പറേഷനാക്കി മാറ്റുന്നതിന് പിന്നില്‍ ഗൂഢ താത്പര്യമാണുള്ളത്.
നഗരവത്കരണം ദ്രുതഗതിയില്‍ നടക്കുന്ന, കര്‍ഷകപ്രധാനമല്ലാത്ത, നഗരകേന്ദ്രീകൃതമായ തൊഴില്‍ മേഖലയുള്ള, പത്ത് ലക്ഷത്തിലധികം ജനസംഖ്യയുള്ള നഗരങ്ങളാണ് കോര്‍പറേഷനായി പരിഗണിക്കപ്പെടുക. 70,000 ജനസംഖ്യയുള്ള മലപ്പുറം നഗരസഭയുടെ വളര്‍ച്ചയാണ് ലക്ഷ്യമെങ്കില്‍ ചെറുകിട- ഇടത്തരം നഗരങ്ങള്‍ക്കുള്ള നിരവധി കേന്ദ്രപദ്ധതി നിലവിലുണ്ട്. ഇവ ലഭ്യമാക്കാന്‍ പരിശ്രമിക്കുന്നതിന് പകരം മാനദണ്ഡം കാറ്റില്‍ പറത്തി കോര്‍പറേഷന്‍ സ്ഥാപിക്കാനുള്ള നീക്കം അംഗീകരിക്കാനാവില്ല.
നഗരസഭകളോടും വളര്‍ന്നുവരുന്ന ചെറുകിട നഗരങ്ങളോടുമുള്ള നഗരകാര്യ മന്ത്രിയുടെ സമീപനം സ്വാര്‍ഥതാത്പര്യം മുന്‍നിര്‍ത്തിയുള്ളതാണ്.
അധികാര വികേന്ദ്രീകരണമല്ല, കേന്ദ്രീകരണമാണ് മന്ത്രിയുടെ ലക്ഷ്യം. അനധികൃത കെട്ടിടങ്ങള്‍ക്ക് ചട്ടങ്ങളില്‍ ഇളവ് നല്‍കിയും നഗരസഭകള്‍ക്ക് പലതരത്തിലുള്ള നിയന്ത്രണം അടിച്ചേല്‍പ്പിച്ചും മന്ത്രി സ്വന്തം വകുപ്പുകള്‍ക്ക് കീഴിലെ നഗരസഭകളുടെ ഭരണം അവതാളത്തിലാക്കുകയാണ്. പെരിന്തല്‍മണ്ണ നഗരസഭയെ നോക്കുകുത്തിയാക്കി രൂപവത്കരിച്ച വള്ളുവനാട് വികസന അതോറിറ്റി കടലാസില്‍ ഒതുങ്ങുകയാണുണ്ടായത്. പെരിന്തല്‍മണ്ണ നഗരത്തിലെ ഗതാഗതക്കുരുക്ക് പരിഹരിക്കാന്‍ നേരത്തെ അംഗീകരിച്ച ബൈപാസ് പദ്ധതി അട്ടിമറിച്ചാണ് മന്ത്രി മേല്‍പ്പാല പരീക്ഷണവുമായി മുന്നോട്ടുപോയത്. ഇവ രണ്ടും മന്ത്രിയുടെ പരാജയപ്പെട്ട തുഗ്ലക്ക് പരിഷ്‌കാരങ്ങള്‍ക്ക് ഉദാഹരണമാണ്. ഇവകൊണ്ട് ആര്‍ക്കാണ് നേട്ടമുണ്ടായതെന്ന് മന്ത്രിയും ലീഗ് നേതൃത്വവും വ്യക്തമാക്കണം.
പഞ്ചായത്തുകള്‍ ശക്തിപ്പെടുത്തി ഗ്രാമസ്വരാജ് സ്ഥാപിക്കലാണ് പഞ്ചായത്ത് രാജിന്റെ ലക്ഷ്യം. ഇത് രൂപവത്കരിക്കുന്നത് ഭരണഘടനാ തത്വങ്ങള്‍ക്കുതന്നെ വിരുദ്ധമാണെന്നും സെക്രട്ടറിയറ്റ് പ്രസ്താവനയില്‍ അറിയിച്ചു.

 

Latest