Connect with us

Malappuram

വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്ത സംഭവം: ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി തെളിവെടുപ്പില്‍ പരാതി പ്രളയം

Published

|

Last Updated

അരീക്കോട്: തുടര്‍ച്ചയായ രണ്ടാം വര്‍ഷവും ക്ലാസ് കയറ്റം നിഷേധിക്കപ്പെട്ടതില്‍ മനംനൊന്ത് വിദ്യാര്‍ഥിനി ജീവനൊടുക്കിയ സംഭവത്തില്‍ ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി പൊതു തെളിവെടെപ്പ് നടത്തി. അരീക്കോട് ടിബി യില്‍ വെച്ച് നടന്ന തെളിവെടുപ്പില്‍ നൂറുകണക്കിന് പേര്‍ പരാതി പറയാനെത്തി.
വിജയശതമാനം വര്‍ധിപ്പിക്കുന്നതിനായി കുട്ടികളെ മാനസികമായി പീഡിപ്പിക്കുന്നതായും പരാതിപ്പെട്ട് നിരവധി വിദ്യാര്‍ഥികള്‍ കമ്മിറ്റിക്ക് മുമ്പില്‍ പരാതിയുമായെത്തി. പല വിദ്യാര്‍ഥികളും കമ്മിറ്റിക്ക് മുമ്പില്‍ പൊട്ടിക്കരഞ്ഞു. പരീക്ഷാ ഫലത്തില്‍ കൃത്രിമം കാണിച്ച് പരാജയപ്പെടുത്തിയതായി നിരവധി കുട്ടികള്‍ പരാതിപ്പെട്ടു.
ഏഴാം ക്ലാസില്‍ മൂന്ന് തവണ തുടര്‍ച്ചയായി തോല്‍പ്പിച്ച കുട്ടിയെ ഒമ്പതാം ക്ലിസില്‍ വീണ്ടും തോല്‍പ്പിച്ചതായി പരാതി ലഭിച്ചിട്ടുണ്ട്. നിര്‍ബന്ധിച്ച് ടിസി നല്‍കി പുറത്താക്കപ്പെട്ടതിനാല്‍ തൊട്ടടുത്ത സ്‌കൂളില്‍ ചേര്‍ന്നു പഠിച്ച് മൂന്ന് എപ്ലസ് നേടി മികച്ച വിജയം നേടിയ കുട്ടി പരാതിയുമായി എത്തി.
ആറ്, ഏഴ്, എട്ട് ക്ലാസുകളില്‍ ഓരോ വര്‍ഷവും ഒമ്പതില്‍ രണ്ടു വര്‍ഷവും പരാജയപ്പെടുത്തിയതായി ഒരു കുട്ടി പരാതിപ്പെട്ടു. ഏഴാം ക്ലാസില്‍ രണ്ടു വര്‍ഷവും ഒമ്പതില്‍ ഒരു വര്‍ഷവും പരായപ്പെടുത്തിയെന്നാണ് മറ്റൊരു കുട്ടിയുടെ പരാതി. ആറാം ക്ലാസില്‍ ഒരു വര്‍ഷവും ഒമ്പതാം ക്ലാസില്‍ രണ്ടു വര്‍ഷവും തോല്‍പ്പിച്ചതായും പരാതിയുണ്ട്. മറ്റൊരു സ്‌കൂളില്‍ ഒമ്പതാം ക്ലാസില്‍ രണ്ടു തവണ പരാജയപ്പെടുത്തിയതില്‍ കടുത്ത മനോവിഷമം അനുഭവിക്കുന്ന ഒരു പെണ്‍കുട്ടി കമ്മീഷന് മുന്നില്‍ വിങ്ങിപ്പൊട്ടി. അമ്മയോടൊപ്പമെത്തിയ കുട്ടിയെ സമാശ്വസിപ്പിച്ച കമ്മിറ്റി തുടര്‍ നടപടികള്‍ ഉറപ്പു നല്‍കി.
വാര്‍ഡ് മെമ്പര്‍മാരായ കൊല്ലത്തൊടി മുഖ്താര്‍, അന്‍വര്‍ കാരാട്ടില്‍, മീമ്പറ്റ മുഹമ്മദ് കുഞ്ഞാന്‍, സലാം പനോളി, സാദിഖ് വാക്കാലൂര്‍, പി മുഹമ്മദലി, മുഹമ്മദ് പി പി, എസ് എഫ് ഐ സെക്രട്ടറി ശ്രീജേഷ്, സുല്ലമുസ്സലാം ഓറിയന്റല്‍ ഹൈസ്‌കൂള്‍ എം ടി എ പ്രസിഡന്റ് സുലൈഖ, ഡി വൈ എഫ് ഐ ബ്ലോക്ക് സെക്രട്ടറി അഡ്വ. കെ മുഹമ്മദ് തുടങ്ങിയവര്‍ കമ്മിറ്റി മുമ്പാകെ തെളിവു നല്‍കാന്‍ എത്തിയിരുന്നു. അരീക്കോട് സുല്ലമുസ്സലാം ഓറിയന്റല്‍ ഹൈസ്‌കൂള്‍ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിനി യായിരുന്ന ഊര്‍ങ്ങാട്ടീരി വടക്കുംമുറി കീടക്കല്ലന്‍ ഉസ്മാന്‍ മകള്‍ നിഷ്‌ല പത്താം ക്ലാസിലേക്ക് ക്ലാസ് കയറ്റം തടയപ്പെട്ടതിലുള്ള വിഷമം താങ്ങാനാവാതെ കഴിഞ്ഞ വെള്ളിയാഴ്ചയാണ് വീടിനകത്ത് ആത്മഹത്യ ചെയ്തത്. സംഭവത്തില്‍ സ്‌കൂള്‍ അധികൃതരുടെ പങ്ക് പ്രാഥമിക അന്വേഷണത്തില്‍ തന്നെ കമ്മിറ്റിക്ക് ബോധ്യപ്പട്ടതാണ്.
ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി ചെയര്‍മാന്‍ അഡ്വ. ഷരീഫ് ഉള്ളത്ത്, അംഗങ്ങളായ അഡ്വ. ഹാരിസ് പഞ്ചലി, എം മണികണ്ഡന്‍, അഡ്വ. നജ്മല്‍ ബാബു, ജില്ലാ പ്രൊബേഷന്‍ ഓഫീസര്‍ സമീര്‍ മച്ചിങ്ങല്‍, കോഴിക്കോട് മേഘല ജുവനൈല്‍ പ്രൊബേഷന്‍ ഓഫീസര്‍ ഷീബാ മുംതാസ്, ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡ് അംഗം കെ പി ഷാജി എന്നിവരടങ്ങിയ സംഘമാണ് തെളിവെടുപ്പ് നടത്തിയത്.

Latest