പദ്ധതി രണ്ടാം ഘട്ടത്തില്‍: ജൈവ വൈവിധ്യ രജിസ്‌ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കാന്‍ പഞ്ചായത്തുകള്‍ക്ക് മടി

Posted on: May 10, 2014 11:09 am | Last updated: May 10, 2014 at 11:09 am

കോട്ടക്കല്‍: ജില്ലയിലെ ജൈവ വൈവിധ്യ രജിസ്‌ട്രേഷന്‍ നടപടികള്‍ പഞ്ചായത്തുകളില്‍ ഇനിയും പൂര്‍ത്തിയായില്ല.
രജിസ്‌ട്രേഷന്‍ നടപടികള്‍ തുടങ്ങി അഞ്ച് വര്‍ഷം പൂര്‍ത്തിയാക്കി രണ്ടാം ഘട്ട പുതുക്കല്‍ നടപടികള്‍ ആരംഭിച്ചിരിക്കെയാണ് ഇത്. 25 പഞ്ചായത്തുകള്‍ ഇനിയും സംഭവത്തില്‍ കൈവെക്കാത്തതുണ്ടെന്നാണ് കണക്ക്. 2009ലാണ് പദ്ധതി തുടങ്ങിയത്. നൂറ് പഞ്ചായത്തുകളില്‍ 75 എണ്ണംമാത്രമാണ് പദ്ധതി കഷ്ടിച്ച് പൂര്‍ത്തിയാക്കിയത്.
കോട്ടക്കല്‍ മുനിസിപ്പാലിറ്റിയും, പാണ്ടിക്കാട് ഗ്രാമ പഞ്ചായത്തുമാണ് ഇത് ആദ്യമായി തുടങ്ങി വെച്ചത്. ഒരു വര്‍ഷം കൊണ്ട് രജിസ്‌ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കണമെന്നായിരുന്നു അറിയിപ്പ്. എന്നാല്‍ പദ്ധതി തുടങ്ങി അഞ്ച് വര്‍ഷം കഴിഞ്ഞിട്ടും ഇവയിലേക്ക് എത്തി നോക്കാന്‍ പോലും 25 പഞ്ചായത്തുകള്‍ മനസ്സ് വെച്ചില്ല. നാല് ഇനമായി തിരിച്ചാണ് ജൈവ വൈവിധ്യ രജിസ്‌ട്രേഷന്‍ നടപടികള്‍ തുടങ്ങിയത്.
ഓരോ പഞ്ചായത്തിലേയും കാര്‍ഷിക വൈവിധ്യം, വീടുകളിലെ വൈവിധ്യങ്ങള്‍, വന്യ ജീവി വൈവിധ്യങ്ങള്‍, തണ്ണീര്‍തട വൈവിധ്യങ്ങള്‍ എന്നിവയാണ് രജിസ്റ്ററില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്.
ഇതിനായി ജില്ലയില്‍ അഞ്ച് പേരെ നിയമിച്ചിരുന്നു. ഓരോരുത്തര്‍ക്കും 20 പഞ്ചായത്തുകളുടെ ചുമതലകളാണ് നല്‍കിയത്. പഞ്ചായത്തുകള്‍ ഇവരെ ബന്ധപ്പെട്ട് രജിസ്‌ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കണമെന്നായിരുന്നു നിര്‍ദേശം. എന്നാല്‍ ഇത് പാലിക്കാത്തതിനെ തുടര്‍ന്ന് പ്രോജക്ട് ഫെലോകള്‍ നേരിട്ടെത്തിയാണ് പഞ്ചായത്തുകളില്‍ ഇവക്കുള്ള നടപടികള്‍ സ്വീകരിച്ചത്. ഇവക്കായി സര്‍ക്കാര്‍ 1,2500 രൂപയും അനുവദിച്ചു.
നടപടികള്‍ വൈകിയതോടെ സര്‍ക്കാര്‍ കര്‍ശനം നിര്‍ദേശം നല്‍കി. പദ്ധതി നിര്‍വഹണ വിഹിതം അനുവദിക്കില്ലെന്നും അറിയിപ്പുണ്ടായി. ഇതെ തുടര്‍ന്നാണ് പഞ്ചായത്തുകള്‍ ഉണര്‍ന്നത്. 43 ഫോമുകളാണ് ഇതിനായുള്ളത്. പഞ്ചായത്ത് വാര്‍ഡുകളില്‍ നിന്നും ഇതിലെ വിവരങ്ങള്‍ എടുത്ത് പൂരിപ്പിക്കാനാണ് നിര്‍ദേശം . ഇതിനായി മൂന്ന് പേരെ വാര്‍ഡുകളിലും ചുമതല പെടുത്തി. പഞ്ചായത്തുളിലെ ചരിത്രം, അപൂര്‍വ വ്യക്തികള്‍, ആഘോഷം, ആചാരം തുടങ്ങിയ കാര്യങ്ങളാണ് ഇവയില്‍ രേഖപ്പെടുത്തുന്നത്.
നാട്ടുനടപ്പുകളും മറ്റും കാലാഹരണപ്പെട്ടുപോകുന്നത് സംരക്ഷിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിട്ടിരിക്കുന്നത്. അഞ്ച് വര്‍ഷം കഴിഞ്ഞാല്‍ ഇവ പുതുക്കണമെന്നും നിര്‍ദേശമുണ്ട്. നേരത്തെ ഇവ നല്‍കിയ പഞ്ചായത്തുകളില്‍ അഞ്ചെണ്ണം പുതുക്കല്‍ നടപടികള്‍ ആരംഭിച്ചിരിക്കെയാണ് ഇവയില്‍ ഒരു നീക്കവും നടത്താത 25 പഞ്ചായത്തുകള്‍ ജില്ലയില്‍ അവശേഷിക്കുന്നത്.