ആയിരങ്ങളെ അണിനിരത്തി വാരാണസിയില്‍ രാഹുലിന്റെ റാലി

Posted on: May 10, 2014 11:12 pm | Last updated: May 11, 2014 at 11:14 am

RahulGandhi_Reuters_NEW

വാരണാസി: ക്ഷേത്ര നഗരമെന്ന് വിശേഷിപ്പിക്കുന്ന വാരാണസിയില്‍ നരേന്ദ്രമോദിക്കെതിരെ രൂക്ഷ വിമര്‍ശമുന്നയിച്ച് രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ കൂറ്റന്‍ റാലി. റാലിയില്‍ ആയിരക്കണക്കിന് ആളുകളാണ് അണിനിരന്നത്. രണ്ട് ദിവസം മുമ്പ് നടന്ന മോദിയുടെ റോഡ് ഷോക്കും തുടര്‍ന്ന് എ എ പി നേതാവ് അരവിന്ദ് കെജ്‌രിവാളിന്റെ റോഡ് ഷോക്കും പിന്നാലെ കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധി നേതൃത്വം നല്‍കിയ റാലി കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ആവേശം കൊള്ളിച്ചു. മുസ്‌ലിം ഭൂരിപക്ഷ പ്രദേശമായ ഗോല്‍ഗൊദ്ധയില്‍ നിന്നായിരുന്നു റാലിയുടെ തുടക്കം. ഷെഹനായ് വിദഗ്ധന്‍ ബിസ്മില്ലാ ഖാന്റെ കുടുംബവും പിന്തുണയര്‍പ്പിച്ച് എത്തിയിരുന്നു. റാലിയിലുടനീളം മോദിക്കെതിരെ രൂക്ഷവിമര്‍ശമാണ് രാഹുല്‍ ഉന്നയിച്ചത്.
ഗുജറാത്തിലെ കര്‍ഷകരുടെ 40,000 കോടിയുടെ ഭൂമി മോദി വെറും ചവറു വിലക്ക് വ്യവസായികള്‍ക്ക് വിറ്റു തുലക്കുകയാണെന്ന് രാഹുല്‍ ആരോപിച്ചു. വാരാണാസിയില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി അജയ് റായിക്കു വേണ്ടി നടത്തിയ റോഡ് ഷോക്കിടെയായിരുന്നു രാഹുലിന്റെ വിമര്‍ശം.
സ്ത്രീകളെ ശക്തിപ്പെടുത്തേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് മോദി വാതോരാതെ സംസാരിക്കുകയാണ്. എന്നാല്‍ സ്ത്രീകളെ ബഹുമാനിക്കാനാണ് മോദി ആദ്യം ശീലിക്കേണ്ടത്. ഗുജറാത്തില്‍ യുവതിയെ നിരീക്ഷിച്ച സംഭവത്തെ പരോക്ഷമായി സൂചിപ്പിച്ച് രാഹുല്‍ പറഞ്ഞു.
കഴിഞ്ഞ അറുപത് വര്‍ഷം കൊണ്ട് രാജ്യം ഒന്നും നേടിയില്ലെന്ന് പറഞ്ഞ മോദി ജനങ്ങളെ അപമാനിച്ചിരിക്കുകയാണ്. 45,000 ഏക്കര്‍ ഭൂമി ചതുരശ്ര മീറ്ററിന് ഒരു രൂപ വെച്ച് മോദി വ്യവസായികള്‍ക്ക് നല്‍കി. എന്നാല്‍, അതേ ഭൂമി വ്യോമസേനക്ക് നല്‍കാന്‍ വന്‍തുകയാണ് മോദി ആവശ്യപ്പെട്ടതെന്നും രാഹുല്‍ ചൂണ്ടിക്കാട്ടി.
അദാനി ഗ്രൂപ്പിനു 40,000 കോടിക്ക് കൃഷിഭൂമി വിട്ടുകൊടുത്ത മോദി സര്‍ക്കാര്‍ ഗുജറാത്തിലെ കുട്ടികളുടെ വിദ്യാഭ്യാസത്തിനും ആരോഗ്യ സംരക്ഷണത്തിനും വേണ്ടി വെറും 8000 കോടി മാത്രമാണ് ചെലവഴിക്കുന്നതെന്ന് രാഹുല്‍ ചൂണ്ടിക്കാട്ടി.
ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി അഖിലേഷ് യാദവിനു നേരെയും രാഹുല്‍ വിമര്‍ശം ഉന്നയിച്ചു. മുസാഫര്‍ നഗര്‍ കലാപം തടയുന്നതില്‍ സര്‍ക്കാറിന് വീഴ്ച സംഭവിച്ചുവെന്നും ന്യൂനപക്ഷങ്ങളെ സംരക്ഷിക്കാന്‍ സമാജ് വാദി പാര്‍ട്ടി സര്‍ക്കാറിന് കഴിഞ്ഞില്ലെന്നും രാഹുല്‍ കുറ്റപ്പെടുത്തി.
മോദിയുടെ ഗുജറാത്ത് മൊഡല്‍ ഒരു വ്യക്തിയില്‍ മാത്രം കേന്ദ്രീകരിച്ചുള്ളതാണ്. എന്നാല്‍ തങ്ങള്‍, യു പി എ സര്‍ക്കാര്‍ ലക്ഷ്യം വെക്കുന്നത് ദാരിദ്ര്യരേഖക്ക് താഴെയും മധ്യവര്‍ത്തികളുമായ 70 കോടിയോളം ജനങ്ങളുടെ ഉന്നതിയാണെന്നും രാഹുല്‍ അവകാശപ്പെട്ടു.