Connect with us

International

ദക്ഷിണ സുഡാന്‍ പ്രതിസന്ധി: പ്രസിഡന്റും വിമത നേതാവും ചര്‍ച്ച ആരംഭിച്ചു

Published

|

Last Updated

ആഡിസ് അബാബ: ദക്ഷിണ സുഡാനിലെ സംഘര്‍ഷാവസ്ഥക്ക് പരിഹാരം കാണുന്നതിന് പ്രസിഡന്റ് സാല്‍വാ കീറും മുന്‍ വൈസ് പ്രസിഡന്റും വിമത നേതാവുമായ റീക് മച്ചറും നേരിട്ടുള്ള ചര്‍ച്ച തുടങ്ങി. എത്യോപ്യന്‍ തലസ്ഥാനമായ ആഡിസ് അബാബയിലാണ് ചര്‍ച്ച.
അവര്‍ എത്രയും പെട്ടെന്ന് കരാറിലെത്തുമെന്ന് പ്രതീക്ഷയില്ലെന്ന് ദക്ഷിണ സുഡാനിലെ യു എസ് അംബാസഡര്‍ സൂസന്‍ പേജ് പറഞ്ഞു. എന്നാല്‍ പോരാട്ടം എങ്ങനെ അവസാനിപ്പിക്കാം എന്നതില്‍ തീരുമാനമുണ്ടായാല്‍ തന്നെ വന്‍ മുന്നേറ്റമായിരിക്കും. സമാധാനമാണ് ജനങ്ങള്‍ കാംക്ഷിക്കുന്നത്. സ്വതന്ത്ര രാഷ്ട്രമായി മൂന്ന് വര്‍ഷം പോലും തികയാത്ത സാഹചര്യത്തില്‍ യുദ്ധത്തിലേക്ക് എങ്ങനെ പോകുന്നുവെന്ന് ജനങ്ങള്‍ മനസ്സിലാക്കുന്നില്ല.” സൂസന്‍ കൂട്ടിച്ചേര്‍ത്തു. നേതാക്കളുടെ ചര്‍ച്ചയില്‍ കൈമാറ്റ സര്‍ക്കാറിനുള്ള സാധ്യതയുമുണ്ടെന്ന് നോര്‍വീജിയന്‍ വിദേശകാര്യ മന്ത്രി ബോര്‍ഷെ ബ്രന്റെ പറഞ്ഞു. ദക്ഷിണ സുഡാനിലെ പ്രശ്‌നങ്ങള്‍ക്ക് നയതന്ത്ര പരിഹാരമുണ്ടാക്കാനുള്ള മധ്യസ്ഥ ശ്രമത്തില്‍ നോര്‍വേയുമുണ്ടായിരുന്നു. ഈ ചര്‍ച്ചയിലൂടെ സമവായമുണ്ടായില്ലെങ്കില്‍ അനന്തരഫലം അനുഭവിക്കേണ്ടി വരുമെന്ന് പാശ്ചാത്യ ശക്തികള്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
ഒരാഴ്ച മുമ്പ് സംഘര്‍ഷത്തിലേര്‍പ്പെട്ട രണ്ട് വ്യക്തികള്‍ക്കെതിരെ യു എസ് ഉപരോധം ഏര്‍പ്പെടുത്തിയിരുന്നു. ഇവരിലൊരാള്‍ കീറിനെ പിന്തുണക്കുന്നയാളും മറ്റേയാള്‍ മച്ചര്‍ പക്ഷക്കാരനുമാണ്. സംഘര്‍ഷം അവസാനിപ്പിക്കുക എന്നതാണ് സര്‍ക്കാറിന്റെ പ്രഥമ പരിഗണനയെന്ന് ദക്ഷിണ സുഡാന്‍ വിവര പ്രക്ഷേപണ മന്ത്രി മൈക്കല്‍ ല്യൂത്ത് പറഞ്ഞിരുന്നു.