Connect with us

Wayanad

ശക്തമായ മഴയും കാറ്റും; നീലഗിരിയില്‍ വ്യാപക നാശം

Published

|

Last Updated

ഗൂഡല്ലൂര്‍: ശക്തമായ മഴയിലും കാറ്റിലും ഗൂഡല്ലൂര്‍-പന്തല്ലൂര്‍ താലൂക്കുകളില്‍ വ്യാപക നാശം. മൂന്ന് ദിവസമായി പെയ്ത കനത്ത മഴയില്‍ നിരവധി പേരുടെ കൃഷികള്‍ നശിച്ചിട്ടുണ്ട്. വൈദ്യുതി തൂണിലേക്ക് മരംവീണ് 150ഓളം ഗ്രാമങ്ങള്‍ ഇരുട്ടിലായി. പാട്ടവയല്‍ മദ് റസക്ക് സമീപത്ത് മരം കടപുഴകി റോഡരികിലെ ട്രാന്‍സ്‌ഫോര്‍മറിലേക്ക് വീണ് വൈദ്യുതി തടസപ്പെട്ടു. ട്രാന്‍സ്‌ഫോര്‍മര്‍ പൂര്‍ണമായും തകര്‍ന്നിട്ടുണ്ട്. നാല് വൈദ്യുതി തൂണുകളും വൈദ്യുതി കമ്പികളും തകര്‍ന്നിട്ടുണ്ട്. കഴിഞ്ഞ ദിവസം രാത്രിയിലാണ് സംഭവം. പ്രദേശത്ത് വൈദ്യുതി ഇനിയും പുനസ്ഥാപിച്ചിട്ടില്ല. അമ്പലമൂല കാരകൊല്ലി സ്വദേശി ഏലിയാസിന്റെ രണ്ടായിരം വാഴകള്‍ നശിച്ചു. മൂച്ചിക്കണ്ടി, പാടന്തറ, കെണിയംവയല്‍ തുടങ്ങിയ സ്ഥലങ്ങളിലെ നിരവധി പേരുടെ പാവക്ക, വാഴ, പൂള, പച്ചക്കറി തുടങ്ങിയ കൃഷികള്‍ നശിച്ചിട്ടുണ്ട്. ഏക്കര്‍ക്കണക്കിന് കൃഷിയാണ് നശിച്ചത്. ലക്ഷങ്ങളുടെ നഷ്ടമാണ് ഇത്കാരണം കര്‍ഷകര്‍ക്ക് സംഭവിച്ചിരിക്കുന്നത്. വിളവെടുപ്പിന് സമയമായ കാര്‍ഷിക വിളകളും നശിച്ചിട്ടുണ്ട്. കനത്ത മഴകാരണം ഊട്ടി-കുന്നൂര്‍ റെയില്‍പാതയില്‍ ഇന്നലെയും തീവണ്ടി സര്‍വീസ് റദ്ദാക്കിയിരുന്നു. അതേസമയം കഴിഞ്ഞ ദിവസം ആല്‍മരം കടപുഴകി വീണ് മരിച്ച നെല്ലിയാളം സ്വദേശിനികളായ മഹേശ്വരിയുടെയും ജാനകിയുടെയും കുടുംബത്തിന് സര്‍ക്കാര്‍ 1.50 ലക്ഷം രൂപ വീതം വിതരണം ചെയ്തിട്ടുണ്ട്. വീടുകള്‍ തകര്‍ന്നവര്‍ക്ക് 5,000 രൂപയും വിതരണം ചെയ്തിട്ടുണ്ട്.