ചോദ്യം ചെയ്യലിന് ഹാജരാകാന്‍ എം എല്‍ എമാര്‍ക്ക് വീണ്ടും നോട്ടീസ്

Posted on: May 10, 2014 8:18 am | Last updated: May 10, 2014 at 8:18 am

കണ്ണൂര്‍: കണ്ണൂരില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്ക് നേരെ കല്ലെറിഞ്ഞ സംഭവവുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ എം എല്‍ എമാര്‍ക്ക് വീണ്ടും നോട്ടീസ്. ധര്‍മടം എം എല്‍ എ. കെ കെ നാരായണന്‍, പയ്യന്നൂര്‍ എം എല്‍ എ. സി കൃഷ്ണന്‍ എന്നിവര്‍ക്കാണ് ഈ മാസം 12ന് തിങ്കളാഴ്ച അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരായി തെളിവ് നല്‍കണമെന്നാവശ്യപ്പെട്ട് നോട്ടീസ് അയച്ചത്.
2013 ഒക്‌ടോബര്‍ 27ന് വൈകീട്ട് കണ്ണൂര്‍ പോലീസ് പരേഡ് ഗ്രൗണ്ടില്‍ സംസ്ഥാന പോലീസ് കായിക മേളയുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യാനെത്തിയ മുഖ്യമന്ത്രിയുടെ ഔദ്യോഗിക വാഹനത്തിനു നേരെയാണ് കല്ലേറുണ്ടായത്. അക്രമത്തില്‍ മുഖ്യമന്ത്രിയുടെ നെറ്റിക്ക് പരുക്കേറ്റിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് വധശ്രമം, അന്യായമായ സംഘം ചേരല്‍, (143, 144, 148, 343, 120 (ബി) തുടങ്ങിയ വകുപ്പുകളാണ് എം എല്‍ എമാര്‍ക്കെതിരെ ചുമത്തിയിരുന്നത്.
ചോദ്യം ചെയ്യലിന് വേണ്ടി കഴിഞ്ഞ ഏപ്രില്‍ 28ന് ഹാജരാകണമെന്നാവശ്യപ്പെട്ട് നേരത്തെ എം എല്‍ എമാര്‍ക്ക് നോട്ടീസ് നല്‍കിയിരുന്നു. എന്നാല്‍ ഇതുസംബന്ധിച്ച് നല്‍കിയ മറുപടിയില്‍ കണ്ണൂരിലെത്തിയ മുഖ്യമന്ത്രിയെ പ്രതിഷേധത്തിന്റെ ഭാഗമായി കരിങ്കൊടി കാണിക്കുക മാത്രമാണ് ചെയ്തതെന്നും പോലീസ് ആരോപിക്കുന്നതുപോലെ സി ആര്‍ പി സി 41 എ വകുപ്പ് പ്രകാരം മുഖ്യമന്ത്രിയെ വധിക്കണമെന്ന ഉദ്ദേശ്യത്തോടെ ഗൂഢാലോചന നടത്തുകയോ സംഘം ചേരുകയോ പരുക്കേല്‍പ്പിക്കുകയോ പൊതുമുതല്‍ നശിപ്പിക്കുകയോ ചെയ്തിട്ടില്ലെന്നും എം എല്‍ എമാര്‍ വ്യക്തമാക്കിയിരുന്നു.
കേസില്‍ ആരോപിക്കുന്നതുപോലെ ഒരു തെളിവും അന്വേഷണ സംഘത്തിന് ലഭിച്ചിട്ടില്ല. തങ്ങള്‍ ഉള്‍പ്പെടുന്ന രാഷ്ട്രീയ പാര്‍ട്ടിയെ അവഹേളിക്കാന്‍ വേണ്ടിയാണ് ദൃശ്യമാധ്യമങ്ങളെ ഉപയോഗിച്ച് മോശക്കാരായി ചിത്രീകരിക്കുന്നതെന്നും എം എല്‍ എമാര്‍ അഡ്വ. സി പി ശശീന്ദ്രന്‍ മുഖേന നല്‍കിയ മറുപടിയില്‍ പറഞ്ഞു.
മുന്‍കൂട്ടി നിശ്ചയിച്ച പരിപാടികളില്‍ പങ്കെടുക്കേണ്ടതുകൊണ്ട് തങ്ങള്‍ക്ക് ഹാജരാകാന്‍ കഴിയില്ലെന്നും ആവശ്യമെങ്കില്‍ മറ്റൊരിക്കല്‍ ഹാജരാകാന്‍ തയ്യാറാണെന്നും വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഈ മാസം 12ന് തളിപ്പറമ്പ് ഡി വൈ എസ് പി. കെ എസ് സുദര്‍ശന്റെ മുമ്പാകെ ഹാജരായി തെളിവ് നല്‍കണമെന്നാവശ്യപ്പെട്ടാണ് വീണ്ടും എം എല്‍ എമാര്‍ക്ക് നോട്ടീസ് നല്‍കിയിരിക്കുന്നത്.
ഇവരുടെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായാല്‍ ഉടന്‍ കുറ്റപത്രം സമര്‍പ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് അന്വേഷണ ഉദ്യോഗസ്ഥര്‍. മുഖ്യമന്ത്രിയെ ആക്രമിച്ച കേസില്‍ കുറ്റപത്രം സമര്‍പ്പിക്കാന്‍ ആറ് മാസം പിന്നിട്ടിട്ടും സാധിക്കാതെ വന്നത് ആഭ്യന്തര വകുപ്പിനെതിരെ കോണ്‍ഗ്രസ് നേതാക്കള്‍ക്കിടയില്‍ പ്രതിഷേധത്തിനിടയാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് ഉടന്‍ നടപടി പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിക്കാന്‍ അന്വേഷണ സംഘം ഒരുങ്ങുന്നത്.