മദ്യനയം: സുധീരന് വനിതാ കമ്മീഷന്റെ പിന്തുണ

Posted on: May 10, 2014 8:16 am | Last updated: May 10, 2014 at 8:16 am

തിരുവനന്തപുരം: മദ്യലഭ്യതയും അതുവഴി ഉപഭോഗവും പടിപടിയായി കുറക്കാന്‍ ഉതകുന്ന മദ്യനയം സ്വാഗതാര്‍ഹമാണെന്ന് കേരള വനിതാ കമ്മീഷന്‍ അംഗം ഡോ: ലിസി ജോസ്. ഇക്കാര്യത്തില്‍ വി എം സുധീരന്റെ നിലപാട് സാമൂഹികതാത്പര്യത്തിന് അനുഗുണമാണ്.
വ്യക്തികളെ ശാരീരികമായും മാനസികമായും തകര്‍ക്കുന്നതോടൊപ്പം കുടുംബ ഭദ്രതയും സാമൂഹികാന്തരീക്ഷവും നശിപ്പിക്കുന്ന ഈ സാമൂഹിക വിപത്തിനെ നിയന്ത്രിക്കാന്‍ കഴിയുന്ന ഏതു സാധ്യതയും പ്രയോജനപ്പെടുത്തണം. അതിനുതക്ക സാഹചര്യമാണ് ഇപ്പോള്‍ സംജാതമായിരിക്കുന്നത്. സംസ്ഥനത്തെ മദ്യോപയോഗം ഇക്കാലയളവില്‍ കുറഞ്ഞു എന്ന റിപ്പോര്‍ട്ടുകള്‍ ഇതു സാധൂകരിക്കുന്നതാണ്.
മദ്യത്തിനെതിരായ ബോധവത്കരണത്തോടൊപ്പം തന്നെ മദ്യത്തിന്റെ ലഭ്യത കുറക്കുന്നതും പ്രധാനമാണ്. വ്യാജമദ്യം പ്രചരിക്കുന്നില്ലെന്നും മദ്യദുരന്തങ്ങള്‍ ഉണ്ടാകില്ലെന്നും ഉറപ്പാക്കാനും ഔദ്യോഗികസംവിധാനങ്ങള്‍ ശുഷ്‌കാന്തി കാട്ടണം. ഇക്കാര്യത്തിലെ വിരുദ്ധ നിലപാടുകളും വിവാദങ്ങളും സമൂഹത്തിനു ദോഷമേ ചെയ്യൂ എന്നും അവര്‍ പറഞ്ഞു.