Connect with us

Malappuram

അനധികൃത പോളിടെക്‌നിക്ക് കോഴ്‌സുകള്‍ : വഞ്ചിതരാകുന്നവരുടെ എണ്ണം കൂടുന്നു

Published

|

Last Updated

കോട്ടക്കല്‍: അനധികൃത എന്‍ജിനീയറിംഗ് ഡിപ്ലോമ കോഴ്‌സുകള്‍ സംസ്ഥാനത്ത് പെരുകുന്നു. പോളിടെക്‌നിക്ക് ഡിപ്ലോമ കോഴ്‌സുകള്‍ എന്ന പേരിലാണ് ഇവ സംസ്ഥാനത്ത് ചുവടുറപ്പിക്കുന്നത്. ഇത്തരം കോഴ്‌സുകളുടെ പേരില്‍ ആയിരക്കണക്കിന് വിദ്യാര്‍ഥികള്‍ വഞ്ചിക്കപ്പെട്ടതായാണ് വിവരം.

അന്യസംസ്ഥാന സര്‍വകലാശാലകളുടെ പേരിലാണ് ഇത്തരത്തില്‍ കോഴ്‌സുകള്‍ നടത്തുന്നത്. സംസ്ഥാന സാങ്കേതിക വകുപ്പിന് കീഴിലെ പോളികളില്‍ നല്‍കുന്ന കോഴ്‌സുകള്‍ക്ക് തുല്യമെന്ന വ്യാജേന പ്രചാരണം നടത്തിയാണ് ഇവ പിടിമുറുക്കുന്നത്. ഇത്തരം സ്ഥാപനങ്ങളിലേക്ക് വിദ്യാര്‍ഥികളെ ആകര്‍ഷിക്കുന്നതിനായി വ്യാപക പ്രചാരണവും നല്‍കി വരുന്നുണ്ട്.
വഞ്ചിക്കപ്പെട്ട നിരവധി പേര്‍ സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന് ഇതിനകം പരാതികള്‍ നല്‍കിക്കഴിഞ്ഞു. എസ് എസ് എല്‍ സിക്ക് ശേഷം മൂന്ന് വര്‍ഷമാണ് സാങ്കേതിക വകുപ്പിന്റെ പോളിടെക്‌നിക്ക് കോഴ്‌സ്. പാസാകുന്നവര്‍ക്ക് ലെറ്റ്(ലാറ്ററല്‍ എന്‍ട്രി ടെസ്റ്റ്) എഴുതി പാസായാല്‍ ബി ടെകിന് ചേരാം. ഒന്നാം വര്‍ഷം പൂര്‍ത്തിയാക്കാതെ തന്നെ ഇവര്‍ക്ക് രണ്ടാം വര്‍ഷത്തിലിരിക്കാനുമാകും.
സംസ്ഥാനത്ത് സര്‍ക്കാര്‍, എയ്ഡഡ് മേഖലകളിലായി 49 പോളി ടെക്‌നിക്കുകളാണുള്ളത്. തിരുവനന്തപുരം അഞ്ച്, കൊല്ലം മൂന്ന്, പത്തനംതിട്ട നാല്, ആലപ്പുഴ മൂന്ന്, കോട്ടയം മൂന്ന്, ഇടുക്കി നാല്, എറണാകുളം നാല്, തൃശൂര്‍ ഏഴ്, പാലക്കാട് രണ്ട്, മലപ്പുറം നാല്, കോഴിക്കോട് രണ്ട്, കണ്ണൂര്‍ മൂന്ന്, വയനാട് രണ്ട്, കാസര്‍കോട് മൂന്ന് എന്നീ നിലയിലാണ് സ്ഥാപനങ്ങള്‍.
ഇവയില്‍ 11065 സീറ്റുകളാണ് അനുവദിച്ചിരിക്കുന്നത്. ഇതിന് പുറമെ സെല്‍ഫ് ഫിനാന്‍സിംഗ് സെന്ററുകാളായി പത്തെണ്ണവും സംസ്ഥാനത്തുണ്ട്. ആലപ്പുഴ, ഇടുക്കി, മലപ്പുറം, കാസര്‍കോട് ജില്ലകളില്‍ ഒരോന്നും, കോഴിക്കോട്, പാലക്കാട് ജില്ലകളില്‍ മൂന്ന് വീതവുമാണ് അംഗീകൃത പോളികോഴ്‌സുകള്‍ നല്‍കുന്നത്.
ഇവയില്‍ 1207 സീറ്റുകളുമുണ്ട്. എന്നാല്‍ ഇവയിലൊന്നും ഉള്‍പ്പെടാതെയാണ് അനധികൃത സെന്ററുകള്‍ പ്രവര്‍ത്തിക്കുന്നത്. മൂന്ന് വര്‍ഷത്തെ കോഴ്‌സുകള്‍ക്കായി മൂന്ന് ലക്ഷം രൂപ വരെ ഇത്തരം സ്ഥാപനത്തില്‍ ചേരുന്ന വിദ്യാര്‍ഥികളില്‍ നിന്നും ഈടാക്കുന്നുണ്ടെന്നാണ് അറിയുന്നത്. ഇവയില്‍ പഠിച്ചിറങ്ങുന്നവര്‍ക്ക് സര്‍ക്കാറിന്റെയോ സാങ്കേതിക വകുപ്പിന്റെയോ യാതൊരംഗീകാരവും ലഭിക്കില്ലെന്ന് സാങ്കേതിക വിദ്യാഭ്യാസ ഡയരക്ടര്‍ ഡോ. ജെ ലത ഇറക്കിയ ഉത്തരവില്‍ പറയുന്നു. ഇത്തരം കോഴ്‌സുകള്‍ക്കെതിരെ സാങ്കേതിക വകുപ്പ് തന്നെ രംഗത്തിറങ്ങിയിട്ടുണ്ട്. അംഗീകൃത കോഴ്‌സുകള്‍ സംബന്ധിച്ച് വിശദ വിവരങ്ങള്‍ സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന്റെ വെബ്‌സൈറ്റില്‍ നിന്ന് ലഭിക്കും.

 

---- facebook comment plugin here -----

Latest