Connect with us

Ongoing News

കടുവത്തോലുമായി രണ്ട് പേര്‍ പിടിയില്‍

Published

|

Last Updated

അഗളി: കടുവത്തോലുമായി രണ്ട് പേരെ വനപാലകര്‍ കസ്റ്റഡിയിലെടുത്തു. താവളം ആനയ്ക്കല്‍ രമേശ് (30), താവളം പുതുക്കാട് ശെല്‍വരാജ് (47) എന്നിവരാണ് പിടിയിലായത്.
തിരുവനന്തപുരം സ്റ്റേറ്റ് ഇന്റലിജന്റ്‌സ് വിഭാഗത്തിനു ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് ഒരുക്കിയ കെണിയിലാണ് പ്രതികള്‍ കുടുങ്ങിയത്. പിടിച്ചെടുത്ത കടുവത്തോലിനു എട്ടടിയോളം വലിപ്പമുണ്ട്. ഇന്ത്യയിലുള്ളതായി രേഖപ്പെടുത്തിയിട്ടുള്ള ഏറ്റവും വലിപ്പമേറിയ കടുവയാണ് കൊല്ലപ്പെട്ടിട്ടുള്ളതെന്നും വനപാലകര്‍ പറഞ്ഞു. ഇതിനു അധികം പഴക്കവുമില്ല.
ഇന്റലിജന്റ്‌സ് വിഭാഗം, ഫ്‌ളൈയിംഗ് സ്‌ക്വാഡ്, ഭവാനി ഫോറസ്റ്റ് റെയ്ഞ്ച് വിഭാഗം എന്നിവര്‍ സംയുക്തമായി ഒരുക്കിയ വലയിലാണ് ഇവര്‍ കുടുങ്ങിയത്.
വനപാലകര്‍ കച്ചവടക്കാരെന്ന വ്യാജേനയെത്തി പന്ത്രണ്ട് ലക്ഷം രൂപക്കാണ് കച്ചവടം ഉറപ്പിച്ചത്. ആദ്യം രണ്ട് ലക്ഷവും കടുവത്തോല്‍ നല്‍കുമ്പോള്‍ ബാക്കിതുകയും നല്‍കാമെന്നായിരുന്നു വ്യവസ്ഥ. ഇതുപ്രകാരം വീട്ടില്‍ നിന്ന് കച്ചവടം മറ്റൊരു വീട്ടിലേക്കു മാറ്റി. പൂര്‍ണ സുരക്ഷിതത്വം ഉറപ്പാക്കിയശേഷം തോല്‍ കൈമാറാനുള്ള ശ്രമത്തിനിടെയാണ് ഇവരെ പിടികൂടിയത്.
അട്ടപ്പാടി വനമേഖലയില്‍ നിന്നാണ് കടുവയെ പിടികൂടിയിട്ടുണ്ടാകാന്‍ സാധ്യതയെന്നു ഉദ്യോഗസ്ഥര്‍ പറഞ്ഞു. പതിനാല് വയസ്സ് പ്രായം വരുന്ന കടുവയുടെ തോലില്‍ ഒരു ദ്വാരം മാത്രമേയുള്ളു. കസ്റ്റഡിയിലുള്ളവരെ ചോദ്യം ചെയ്തു വരികയാണെന്നും വനപാലകര്‍ പറഞ്ഞു.
ഫ്‌ളൈയിംഗ് സ്‌ക്വാഡ് ഡി എഫ് ഒ സൈനുലാബുദീന്‍, ഭവാനി റെയ്ഞ്ച് ഓഫീസര്‍ ബി ആര്‍ ജയന്‍, ഫ്‌ളൈയിംഗ് സ്‌ക്വാഡ് റേഞ്ചര്‍ ഷറീഫ്, ഡെപ്യൂട്ടി റേഞ്ചര്‍ സന്ദീപ് കുമാര്‍, കെ എം മുഹമ്മദ് ബഷീര്‍, മണ്ണാര്‍ക്കാട് ഡി എഫ് ഒ എന്‍ ത്യാഗരാജ്, സെക്്ഷന്‍ ഓഫീസര്‍മാരായ കെ വിനൂപ്, വിജേഷ്, ഷമീര്‍, ബിനു, ജെ ഉണ്ണികൃഷ്ണന്‍ നായര്‍, എം ഉണ്ണികൃഷ്ണന്‍ എന്നിവര്‍ ചേര്‍ന്നാണ് പ്രതികളെ പിടികൂടിയത്.

 

Latest