Connect with us

Ongoing News

നന്മ നിറഞ്ഞവന്‍ ആല്‍വസ്‌

Published

|

Last Updated

2013-02-07_GOOGLE_HANGOUT_DANIEL_ALVES_008.v1360257260ഡാനി ആല്‍വസ് ശരിക്കും ആരാണ് ? വിംഗുകളിലൂടെ തുളച്ചു കയറാന്‍ മിടുക്കും ലോംഗ് റേഞ്ചര്‍ പായിക്കാന്‍ കരുത്തുമുള്ള ഒരു ഫുട്‌ബോളര്‍ മാത്രമാണ് ഈ ബ്രസീലുകാരന്‍ എന്ന് പറഞ്ഞാല്‍ അത് നീതികേടാകും. കാരണം, ഒരു കരണത്തടി കൊണ്ടപ്പോള്‍ മറ്റേ കരണവും കാണിച്ചു കൊടുത്ത മഹാത്മാഗാന്ധിയുടെ ലൈനിലാണ് ആല്‍വസ്. സംഭവം ഇതാണ്. സ്പാനിഷ് ലാ ലിഗയില്‍ വിയ്യാറയലിനെതിരെ ബാഴ്‌സലോണ കളിക്കുമ്പോള്‍ ആല്‍വസ് വംശീയമായി അധിക്ഷേപിക്കപ്പെട്ടു. കുരങ്ങാണെന്ന സങ്കല്പത്തില്‍ പഴം എറിഞ്ഞു കൊടുക്കുകയായിരുന്നു ഏതോ ഒരു വിദ്വാന്‍ ചെയ്തത്.
ആല്‍വസാകട്ടെ, ഗ്രൗണ്ടില്‍ വീണ പഴമെടുത്ത് കടിച്ചു തിന്നുകൊണ്ട് അഞ്ജാതന് നന്ദിയറിയിച്ചു. ആല്‍വസിന്റെ വ്യത്യസ്തമാര്‍ന്ന പ്രതിഷേധം ലോകം ശ്രദ്ധിച്ചു; പിന്തുണയര്‍പ്പിച്ചു. സോഷ്യല്‍ മീഡിയകളില്‍ ഇത് സൂപ്പര്‍ ഹിറ്റായി. അധിക്ഷേപിച്ച ആളെ കഴിഞ്ഞ ദിവസം പോലീസ് അറസ്റ്റ് ചെയ്തിരുന്നു. വിയ്യാറയലിന്റെ ജൂനിയര്‍ ടീമിന്റെ സപ്പോര്‍ട്ട് സ്റ്റാഫാണ് പണിയൊപ്പിച്ചത്. വിയ്യാറയല്‍ അയാളെ ജോലിയില്‍ നിന്ന് പിരിച്ചു വിട്ടു. സ്പാനിഷ് പത്രങ്ങളില്‍ ഇത് വലിയ വാര്‍ത്തയായി. തന്നെ അധിക്ഷേപിച്ചവനിട്ട് പണി കിട്ടിയതറിഞ്ഞപ്പോള്‍ ബാഴ്‌സലോണ താരത്തിന് വിഷമം. ജോലിയില്‍ തിരികെ പ്രവേശിപ്പിക്കണമെന്നാണ് ആല്‍വസ് ആവശ്യപ്പെട്ടത്. പഴമെറിഞ്ഞു തന്നെ ആ കൗമാരക്കാരന്‍ ശിക്ഷിക്കപ്പെടണമെന്ന് താനാഗ്രഹിക്കുന്നില്ല. താന്‍ അധിക്ഷേപിക്കപ്പെട്ടതിന്റെ പേരില്‍ ആ ബാലനൊരിക്കലും വിഷമിക്കാനിട വരരുത്. അതൊരു തമാശക്ക് ചെയ്തതായിരിക്കും-കാറ്റലന്‍ റേഡിയോക്ക് നല്‍കിയ അഭിമുഖത്തില്‍ ആല്‍വസ് പറഞ്ഞു.
സ്‌പെയിനില്‍ വംശീയതയുണ്ടെന്ന് പറഞ്ഞത് നേരാണ്. അതു പക്ഷേ ഇവിടെ മുഴുവന്‍ വംശീയതയാണെന്ന അര്‍ഥത്തിലല്ല. ഇത്തരം മോശം പ്രവണതകള്‍ സ്‌പെയിനില്‍ നിലനില്‍ക്കുന്നുവെന്ന് അറിയിക്കുകയായിരുന്നു.
ആല്‍വസ് സംഭവം സ്പാനിഷ് സര്‍ക്കാറിന്റെ കുറ്റകൃത്യ വിരുദ്ധ കമ്മീഷന്‍ ഗൗരവത്തിലെടുത്തു. വിയ്യാറയല്‍ ക്ലബ്ബിന് പന്ത്രണ്ടായിരം യൂറോയാണ് പിഴ ചുമത്തിയത്.
ആല്‍വസ് സംഭവത്തിന് ശേഷം അത്‌ലറ്റിക്കോ മാഡ്രിഡ് കാണികള്‍ ലെവന്റെയുടെ സെനഗല്‍ മിഡ്ഫീല്‍ഡര്‍ പാപെ ദിയൂഫിനെ കുരങ്ങന്‍ എന്ന് വിളിച്ചധിക്ഷേപിച്ചതും സ്‌പെയിനിന് നാണക്കേടായി. കുറ്റക്കാര്‍ക്കെതിരെ മാതൃകാ നടപടി സ്വീകരിക്കുമെന്ന് കുറ്റകൃത്യ വിരുദ്ധ കമ്മീഷന്‍ വ്യക്തമാക്കിയിട്ടുണ്ട്.

Latest