ഫോറസ്റ്റ് ആസ്ഥാനങ്ങളില്‍ പി എസ് സി അഭിമുഖം ഉദ്യോഗാര്‍ഥികള്‍ക്ക് സഹായകമായി

Posted on: May 10, 2014 12:40 am | Last updated: May 9, 2014 at 11:40 pm

തൊടുപുഴ: വനം – വന്യജീവി വകുപ്പില്‍ ട്രൈബല്‍ വാച്ചര്‍മാരെ നിയമിക്കാന്‍ ജില്ലയിലെ ഫോറസ്റ്റ് ഓഫീസ് ആസ്ഥാനങ്ങില്‍ പി എസ് സിയുടെ അഭിമുഖ പരീക്ഷ ഉദ്യോഗാര്‍ഥികള്‍ക്ക് സഹായകമായി. വെളളാപ്പാറ, തേക്കടി, ദേവികുളം എന്നിവിടങ്ങളിലെ ഫോറസ്റ്റ് ആസ്ഥാനങ്ങളില്‍ നടത്തിയ പരീക്ഷയില്‍ 2389 പേര്‍ പങ്കെടുത്തു. ജില്ലയിലെ വിദൂരസ്ഥലങ്ങളിലുള്ള പട്ടികവര്‍ഗ ഉദ്യോഗാര്‍ഥികള്‍ എത്തിച്ചേരുന്നത് പ്രയാസമായതിനാലാണ് അഭിമുഖ പരീക്ഷക്ക് ഇത്തരത്തില്‍ ക്രമീകരണം ഏര്‍പ്പെടുത്തിയത്.
പി എസ് സി, വനം വകുപ്പ്, ട്രൈബല്‍ ഡിപ്പാര്‍ട്ട്‌മെന്റ്, കേരള സ്‌റ്റേറ്റ് ഐ ടി മിഷന്‍, അക്ഷയ എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിലാണ് പരീക്ഷ സംഘടിപ്പിച്ചത്. നേരത്തെ അപേക്ഷ സമര്‍പ്പിച്ച ഉദ്യോഗാര്‍ഥികളെ താലൂക്ക് അടിസ്ഥാനത്തില്‍ വിഭജിച്ചാണ് വിവിധ ഇന്റര്‍വ്യൂ കേന്ദ്രങ്ങളില്‍ എത്തുന്നതിന് അറിയിപ്പ് നല്‍കിയിരുന്നത്. ഉടുമ്പന്‍ചോല, തൊടുപുഴ താലൂക്കുകളിലെ ഉദ്യോഗാര്‍ഥികള്‍ക്ക് മാര്‍ച്ച് 17 മുതല്‍ 22 വരെ ആറ് ദിവസങ്ങളിലായി വെളളാപ്പാറ ഫോറസ്റ്റ് ഇന്‍സ്‌പെക്ഷന്‍ ബംഗ്ലാവിലും, ദേവികുളം താലൂക്കിലെ ഉദ്യോഗാര്‍ഥികള്‍ക്ക് ഈ മാസം ആറ് മുതല്‍ ഒമ്പതു വരെ നാല് ദിവസങ്ങളിലായി ദേവികുളം ഫോറസ്റ്റ് ഇന്‍സ്‌പെക്ഷന്‍ ബംഗ്ലാവിലും, പീരുമേട് താലൂക്കില്‍പ്പെട്ടവര്‍ക്ക് ഈ മാസം ആറ് മുതല്‍ ഒമ്പതു വരെ നാല് ദിവസങ്ങളിലായി തേക്കടിയിലുളള പെരിയാര്‍ ടൈഗര്‍ റിസര്‍വ് ഡെപ്യൂട്ടി ഡയറക്ടറുടെ രാജീവ് ഗാന്ധി ഓഫീസ് കോംപ്ലക്‌സില്‍ വെച്ചുമാണ് അഭിമുഖം നടത്തിയത്.