നേതാക്കള്‍ക്കെതിരെ ആരോപണവുമായി ഇടുക്കിയിലെ ആം ആദ്മി സ്ഥാനാര്‍ഥി

Posted on: May 10, 2014 12:39 am | Last updated: May 9, 2014 at 11:39 pm

കൊച്ചി: തിരഞ്ഞെടുപ്പ് ഫലം പുറത്തുവരുന്നതിന് മുമ്പേ ആം ആദ്മി പാര്‍ട്ടിയില്‍ പൊട്ടിത്തെറി. ആം ആംദ്മി നേതാക്കള്‍ പീഡിപ്പിച്ചെന്നാരോപിച്ച് ആം ആദ്മി പാര്‍ട്ടിയുടെ ഇടുക്കിയിലെ സ്ഥാനാര്‍ഥി സില്‍വി സുനില്‍ എറണാകുളം സിറ്റി പോലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കി. സില്‍വി നല്‍കിയ പരാതിയും സില്‍വിക്കെതിരെ ഇടുക്കിയിലെ ആം ആദ്മി നേതാക്കള്‍ നല്‍കിയ പരാതിയും അന്വേഷിക്കാന്‍ ആം ആദ്മി സംസ്ഥാന കമ്മിറ്റി മൂന്നംഗ സമിതിയെ നിയോഗിച്ചു.
പ്രാദേശിക നേതാക്കള്‍ തന്നെ അധിക്ഷേപിക്കുന്നത് നേരില്‍ക്കണ്ടിട്ടും നേതൃത്വം നടപടി സ്വീകരിക്കാത്തതുകൊണ്ടാണ് നിയമ നടപിക്ക് പോകുന്നത് പെയിന്‍ ആന്റ് പാലിയേറ്റീവ് കെയര്‍ രംഗത്ത് പ്രവര്‍ത്തിക്കുന്ന സാമൂഹിക പ്രവര്‍ത്തകയായ സില്‍വി പറയുന്നു. തിരഞ്ഞെടുപ്പ് പ്രചാരണ സമയത്ത് ജില്ലയിലെ ആം ആദ്മിയുടെ പ്രാദേശിക നേതാക്കളായ വിനോജ്, ഷൈബു ആഗസ്റ്റിന്‍, സജി, തന്‍സീര്‍, സുനീര്‍ എന്നിവര്‍ തന്നെ മോശക്കാരിയായി ചിത്രീകരിക്കുകയും മാനസികമായി പീഡിപ്പിക്കുകയും ചെയ്തുവെന്ന് അവര്‍ ആരോപിച്ചു. ലൈംഗിക ചുവയുള്ള വാക്കുകളും പ്രവൃത്തികളുമുണ്ടായി. ഹോട്ടലിലേക്ക് വരാന്‍ പറ്റുമോ എന്നുവരെ ചോദിച്ചുവെന്നും സില്‍വി പറഞ്ഞു.
എറണാകുളം മണ്ഡലത്തിലെ കളമശേരി ബൂത്തിലെ റീ പോളിംഗ് ദിവസം തന്നെ പരസ്യമായി അപമാനിച്ചു. സജി, തന്‍സീര്‍, സുനീര്‍ എന്നിവര്‍ പരസ്യമായി അപമാനിക്കുകയും അശ്ലീലച്ചുവയോടെ സംസാരിക്കുകയും ചെയ്‌തെന്ന് സില്‍വി ആരോപിച്ചു. 27ന് പാര്‍ട്ടി എറണാകുളം അധ്യാപക ഭവനില്‍ ചേര്‍ന്ന് പാര്‍ട്ടി സംസ്ഥാന കമ്മിറ്റിയിലേക്ക് ഷൈബു അഗസ്റ്റിന്റെ നേതൃത്വത്തില്‍ 25ഓളം പേര്‍ എത്തുകയും തന്നെ പരസ്യമായി അധിക്ഷേപിക്കുകയും ചെയ്തു. പാര്‍ട്ടി നേതൃത്വത്തിന്റെ കണ്‍മുന്നില്‍ നടന്ന സംഭവമായിട്ടും പിന്നീട് ഇവര്‍ക്കെതിരെ നടപടിയുണ്ടായില്ല. കാരണം കാണിക്കല്‍നോട്ടീസ് നല്‍കുമെന്ന് പാര്‍ട്ടി നേതൃത്വം അറിയിച്ചെങ്കിലും പിന്നീട് നടപടിയുണ്ടായില്ലെന്നും അവര്‍ പറയുന്നു.
എന്നാല്‍ സില്‍വിക്കെതിരെ പീഡനമുണ്ടായെന്ന ആരോപണം അടിസ്ഥാന രഹിതമാണെന്ന് ആം ആദ്മി നേതാക്കള്‍ വ്യക്തമാക്കി. ഇടുക്കിയിലെ പാര്‍ട്ടി പ്രവര്‍ത്തകരുടെ താത്പര്യത്തിന് വിരുദ്ധമായ സ്ഥാനാര്‍ഥി നിര്‍ണയം നടന്നതുമായി ബന്ധപ്പെട്ടുണ്ടായ നിസ്സഹകരണവും ഈഗോ പ്രശ്‌നങ്ങളുമാണ് തര്‍ക്കത്തിന് കാരണം. സില്‍വിക്കെതിരെ പാര്‍ട്ടി പ്രവര്‍ത്തകരും പ്രവര്‍ത്തകര്‍ക്കെതിരെ സില്‍വിയും നല്‍കിയ പരാതികള്‍ പരിശോധിക്കാന്‍ നിയോഗിച്ചിരിക്കുന്ന മൂന്നംഗ സമിതി രണ്ട് ദിവസത്തിനകം റിപ്പോര്‍ട്ട് നല്‍കുമെന്നും പാര്‍ട്ടി വൃത്തങ്ങള്‍ അറിയിച്ചു.