Connect with us

Eranakulam

തൃപ്പൂണിത്തുറക്ക് നീട്ടുന്നതിന് കേന്ദ്രാനുമതി ഉടന്‍

Published

|

Last Updated

കൊച്ചി: കൊച്ചി മെട്രോ റെയില്‍ തൃപ്പൂണിത്തുറ ഉള്‍പ്പെടെയുള്ള സ്ഥലങ്ങളിലേക്ക് ദീര്‍ഘിപ്പിക്കുന്ന കാര്യത്തില്‍ കേന്ദ്ര സര്‍ക്കാറിന്റെ തീരുമാനം താമസിയാതെയുണ്ടാകുമെന്ന് കെ എം ആര്‍ എല്‍ മാനേജിംഗ് ഡയറക്ടര്‍ ഏലിയാസ് ജോര്‍ജ്. തൃപ്പൂണിത്തുറയിലേക്ക് മെട്രോ റൂട്ട് ദീര്‍ഘിപ്പിക്കുന്നതിന് സംസ്ഥാന സര്‍ക്കാറിന്റെ അനുമതി ലഭിച്ചു കഴിഞ്ഞു. ഇക്കാര്യം കേന്ദ്രസര്‍ക്കാറിന്റെ അനുമതിക്കായി അയച്ചിരിക്കുകയാണ്.
മെട്രോയുടെ അനുബന്ധ ഗതാഗത വികസനത്തിന്റെ ഭാഗമായി ജനറം പദ്ധതിയിലുള്‍പ്പെടുത്തി കൂടുതല്‍ ബോട്ടുകള്‍ കൊച്ചിക്ക് അനുവദിക്കുമെന്ന് കേന്ദ്ര നഗരവികസന സെക്രട്ടറി സുധീര്‍ കൃഷ്ണ പറഞ്ഞു. ഫോര്‍ട്ടുകൊച്ചി ഉള്‍പ്പെടെയുള്ള സ്ഥലങ്ങളിലേക്കാണ് മെട്രോയുടെ ഭാഗമായ സിറ്റി വാട്ടര്‍ബസ് ആരംഭിക്കാന്‍ ഉദ്ദേശിക്കുന്നത്. ജനറം രണ്ടാംഘട്ടത്തിലുള്‍പ്പെടുത്തി ഇതിനുള്ള ബോട്ടുകള്‍ അനുവദിക്കും. ജില്ലയിലെ ഗതാഗതസൗകര്യങ്ങള്‍ സുഗമമാകുന്നതിന് മെട്രോക്ക് പുറമെയുള്ള ആധുനിക ഗതാഗതസംവിധാനങ്ങളും പരിഗണിക്കണമെന്ന് അദ്ദേഹം പറഞ്ഞു.
കൊച്ചി മെട്രോയുടെ കോച്ചുകളുടെ ടെന്‍ഡര്‍ സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി ജൂണ്‍ നാലാണ്. ഇതിന്റെ തീരുമാനവും വൈകാതെയുണ്ടാകും. മുട്ടത്തെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനുള്ള കമ്മിറ്റിയുടെ ആദ്യയോഗം ശനിയാഴ്ച ചേരും. മെട്രോ നിര്‍മാണവുമായി ബന്ധപ്പെട്ട് മുട്ടത്ത് നിലനില്‍ക്കുന്ന പ്രശ്‌നങ്ങളെല്ലാം കമ്മിറ്റിയുടെ പരിഗണനയില്‍ വരും.
കെ എം ആര്‍ എല്‍ ഓഫീസില്‍ ചേര്‍ന്ന യോഗത്തില്‍ ചീഫ് സെക്രട്ടറി ഇ കെ ഭരത് ഭൂഷണ്‍, ജില്ലാകലക്ടര്‍ എം ജി രാജമാണിക്യം, ഡയറക്ടര്‍ ബോര്‍ഡംഗങ്ങളായ സുധീര്‍ മിത്തല്‍, മുകുന്ദ് കുമാര്‍ സിന്‍ഹ, വി ജെ കുര്യന്‍, മഹേഷ്‌കുമാര്‍, വേദ്മണി തിവാരി തുടങ്ങിയവര്‍ പങ്കെടുത്തു.