Connect with us

Ongoing News

വേനല്‍മഴ: പഞ്ചായത്തുകളില്‍ ദുരിതാശ്വാസ സമിതി രൂപവത്കരിക്കാന്‍ നിര്‍ദേശം

Published

|

Last Updated

തിരുവനന്തപുരം: വേനല്‍ മഴക്കെടുതിമൂലമുള്ള പ്രതിസന്ധി തരണം ചെയ്യുന്നതിനും നാശനഷ്ടങ്ങള്‍ പരമാവധി കുറയ്ക്കുന്നതിനും ഗ്രാമപഞ്ചായത്തുകള്‍ അടിയന്തിരമായി ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനും തദ്ദേശസ്വയം‘ഭരണ വകുപ്പ് മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചു.
ഇതനുസരിച്ച് സെക്രട്ടറി പ്രസിഡന്റുമായി കൂടിയാലോചിച്ച് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അധ്യക്ഷനായും സെക്രട്ടറി കണ്‍വീനറായും ദുരിതാശ്വാസ സമിതി രൂപീകരിക്കണം. ഈ സമിതിയില്‍ വില്ലേജ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍, അസിസ്റ്റന്റ് എഞ്ചിനീയര്‍, കൃഷി ഓഫീസര്‍ തുടങ്ങിയ എല്ലാ നിര്‍വഹണ ഉദ്യോഗസ്ഥരും പഞ്ചായത്ത് അംഗങ്ങളും ഗ്രാമപഞ്ചായത്ത് ജൂനിയര്‍ സൂപ്രണ്ട്/ അസിസ്റ്റന്റ് സെക്രട്ടറി/ ഹെഡ് ക്ലാര്‍ക്ക് എന്നിവരെയും ഉള്‍പ്പെടുത്താം.
കൂടാതെ വില്ലേജ് ഓഫീസറെയും കെ എസ് ഇ ബി അസിസ്റ്റന്റ് എഞ്ചിനീയറെയും സ്ഥലത്തെ പോലീസ് അധികാരികളെയും പ്രത്യേക ക്ഷണിതാക്കളായി പങ്കെടുപ്പിക്കണം.
ഡിസാസ്റ്റര്‍ മാനേജ്‌മെന്റിന്റെ ‘ഭാഗമായി റവന്യൂ വകുപ്പ് സ്വീകരിക്കുന്ന നടപടികള്‍ യോഗത്തില്‍ ചര്‍ച്ച ചെയ്യുകയും അതിനു പൂര്‍ണ പിന്തുണ നല്‍കുകയും ചെയ്യേണ്ടതാണ്. മറിഞ്ഞുവീഴാന്‍ സാധ്യതയുളള വൃക്ഷങ്ങള്‍ എത്രയും പെട്ടെന്ന് മുറിച്ച് മാറ്റണം. പൊതുഗതാഗതത്തിന് തടസ്സമുണ്ടാക്കുന്ന മറിഞ്ഞ് വീണ് കിടക്കുന്ന വൃക്ഷങ്ങള്‍ മുറിച്ചുമാറ്റി ഗതാഗതം പുന:സ്ഥാപിക്കണം.
വെളളപ്പൊക്കമുണ്ടാകുന്ന പക്ഷം ദുരിതബാധിതരെ എത്രയും പെട്ടെന്ന് ദുരിതാശ്വാസ ക്യാമ്പില്‍ എത്തിക്കാന്‍ നടപടി സ്വീകരിക്കണം. ദുരിതാശ്വാസ ക്യാമ്പിന്റെ നടത്തിപ്പിനും മറ്റു സൗകര്യങ്ങളൊരുക്കുന്നതിനും റവന്യൂ അധികൃതരുമായി കൂടിയാലോചിച്ച് വേണ്ട നടപടികള്‍ സ്വീകരിക്കേണ്ടതാണ്.
കാര്‍ഷികമേഖലയുടെ നഷ്ടം വിലയിരുത്തുന്നതിനായി കൃഷി ഓഫീസറുടെ സഹായത്തോടെ അടിയന്തിര നടപടി സ്വീകരിക്കണം. നീരുറവകള്‍, ജലസംഭരണികള്‍ എന്നിവ സംരക്ഷിക്കുകയും പേമാരികള്‍ മൂലമുണ്ടാകുന്ന വെളളക്കെട്ട് ഒഴിവാക്കാന്‍ നേരിട്ട് നടപടികള്‍ സ്വീകരിക്കുകയും വേണം. പഞ്ചായത്ത് ഓഫീസില്‍ ഒരു ദുരിത നിവാരണ സെല്‍ തുറക്കണം. ഇതിന്റെ സേവനം പൊതുജനങ്ങള്‍ക്ക് ലഭ്യമാകത്തക്ക വിധത്തില്‍ മാധ്യമങ്ങളില്‍ വാര്‍ത്ത നല്‍കണം. മഴക്കാല രോഗങ്ങളും പകര്‍ച്ച വ്യാധികളും പൊട്ടിപുറപ്പെടാതിരിക്കാന്‍ പഞ്ചായത്തിലെ മെഡിക്കല്‍ ഓഫീസര്‍മാരുടെ സേവനം ഉപയോഗപ്പെടുത്തണം.
കൂടാതെ ഓടകളും തോടുകളും മറ്റ് ജലനിര്‍ഗ്ഗമന മാര്‍ഗ്ഗങ്ങളും വൃത്തിയാക്കുകയും പൊതുനിരത്തുകളില്‍ നിന്നും മാലിന്യങ്ങള്‍ അടിയന്തിരമായി ഒഴുകിപ്പോകുന്നതിനുളള നടപടികള്‍ സ്വികരിക്കേണ്ടതുമാണ്.
ഇതുമായി ബന്ധപ്പെട്ട അധിക ചെലവുകള്‍ക്കായി പ്രത്യേക ഉത്തരവ് സര്‍ക്കാര്‍ തലത്തില്‍ പുറപ്പെടുവിക്കും.
ചെലവാകുന്ന തുകയുടെ കണക്കുകള്‍ യഥാവിധി സൂക്ഷിക്കേണ്ടതാണ്. ഗ്രാമപഞ്ചായത്തിലെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന് ജില്ലാതലങ്ങളില്‍ പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍മാരുടെ നേതൃത്വത്തില്‍ ഒരു സെല്‍ രൂപവത്ക്കരിക്കുകയും ഗ്രാമപഞ്ചായത്തുകളിലെ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച റിപ്പോര്‍ട്ട് ഈ ഓഫീസില്‍ ലഭ്യമാക്കുകയും വേണം. പഞ്ചായത്ത് വകുപ്പിലെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ച് നടത്തുന്നതിനുള്ള ഒരു ഹെല്‍പ്പ് ഡെസ്‌ക് പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. ഫോണ്‍ നമ്പര്‍: 0471 2321054 (ഓഫീസ്), മൊബെല്‍: 9496040608 (അഡ്മിനിസ്‌ട്രേറ്റീവ് അസിസ്റ്റന്റ്), 9496040602 (ജോയിന്റ് ഡയറക്ടര്‍, വികസനം).