Connect with us

Malappuram

വിമാനത്താവളത്തെ ഭീതിയിലാക്കിയ പെട്ടി തുറന്നപ്പോള്‍ സ്വര്‍ണക്കട്ടി

Published

|

Last Updated

കൊണ്ടോട്ടി: വിമാനത്തിന്റെ ടോയ്‌ലറ്റില്‍ കണ്ട പെട്ടി കരിപ്പൂര്‍ വിമാനത്താവളത്തെ മണിക്കൂറുകളോളം ഉദ്വേഗത്തിന്റെ മുള്‍മുനയില്‍ നിര്‍ത്തി. ഒടുവില്‍ പെട്ടി പൊളിച്ചു നോക്കിയപ്പോള്‍ കണ്ടത് രണ്ട് കിലോ സ്വര്‍ണം. ഇന്നലെ പുലര്‍ച്ചെ നാലിന് ദുബൈയില്‍ നിന്നെത്തിയ എയര്‍ അറേബ്യാ വിമാനത്തിന്റെ ടോയ്‌ലറ്റിലാണ് സംശയകരമായ നിലയില്‍ രണ്ട് പെട്ടികള്‍ കണ്ടത്. പെട്ടികള്‍ കണ്ടയാള്‍ വിവരം വിമാന ജീവനക്കാരെ അറിയിച്ചു.
പൈലെറ്റ് ഉള്‍പ്പടെയുള്ളവര്‍ ഇത് ബോംബാണെന്ന് “സ്ഥിരീകരിച്ചതോടെ” വിവരം വിമാനത്താവളത്തിലേക്കും കൈമാറി. ഫയര്‍ സര്‍വീസും ആംബുലന്‍സുകളും സി ഐ എസ് എഫ് ഉള്‍പ്പടെ സുരക്ഷാ സേനയും ജാഗരൂകമായി. വിമാനം എയര്‍പോര്‍ട്ടിലെത്തിയതും യാത്രക്കാരെ പെട്ടെന്ന് ഇറക്കി വിമാനം റണ്‍വേയുടെ കിഴക്കെ ഭാഗത്തേക്ക് മാറ്റി. ഇതിനിടെ മലപ്പുറത്ത് നിന്ന് ബോംബ് സ്‌ക്വാഡും പോലീസ് നായയും എത്തി പരിശോധന നടത്തി. ടോയ്‌ലറ്റില്‍ കണ്ട പെട്ടികള്‍ ബോംബ് അല്ലെന്ന് വ്യക്തമായതോടെ പൊളിച്ചു നോക്കിയപ്പോഴാണ് പെട്ടിക്കകത്ത് സ്വര്‍ണക്കട്ടികള്‍ ആണെന്ന് വ്യക്തമായത്. ഓരോ കിലോ തൂക്കം വരുന്ന രണ്ട് സ്വര്‍ണക്കട്ടികള്‍ക്ക് 65 ലക്ഷം രൂപ വില വരും. സ്വര്‍ണം കസ്റ്റംസിനു കൈമാറി.
വിമാനത്താവളത്തിലെ ഏതെങ്കിലും തൊഴിലാളി മുഖേന പുറത്തെത്തിക്കാന്‍ പദ്ധതിയിട്ടായിരിക്കും ഇത് കൊണ്ടുവന്നതെന്ന് കസ്റ്റംസ് സംശയിക്കുന്നു. ടോയ്‌ലറ്റിലെ കടലാസ് മാലിന്യങ്ങള്‍ക്കുള്ളില്‍ ഒളിപ്പിച്ച് പുറത്തുകടത്താനായിരിക്കും ലക്ഷ്യമിട്ടത്. പക്ഷേ, അവിചാരിതമായി ഒരു യാത്രക്കാരന്റെ കണ്ണില്‍പ്പെട്ടതാണ് എല്ലാം തകിടം മറിച്ചത്.
മാസങ്ങള്‍ക്ക് മുമ്പ് ഷാര്‍ജ വിമാനത്തിന്റെ സീറ്റിനടിയിലും ഇതേ പോലെ ഉപേക്ഷിക്കപ്പെട്ട നിലയില്‍ രണ്ട് കിലോ സ്വര്‍ണം കണ്ടെടുത്തിരുന്നു. ഇതേ പോലെ വിമാനത്താവളത്തിലെ താത്കാലിക ജീവനക്കാര്‍വശം കള്ളക്കടത്ത് സ്വര്‍ണം പുറത്തെത്തിക്കാനുള്ള വിഫലശ്രമം പലപ്പോഴായി കസ്റ്റംസ് ഉദേ്യാഗസ്ഥര്‍ പിടികൂടിയിരുന്നു. ഇന്നലെ നടന്ന സംഭവത്തെപ്പറ്റി കസ്റ്റംസും പോലീസും പരിശോധന നടത്തിവരുന്നു.

---- facebook comment plugin here -----

Latest