ശാരദ തട്ടിപ്പ്: മമതക്ക് തിരിച്ചടി കേസ് സി ബി ഐക്ക്

Posted on: May 10, 2014 12:23 am | Last updated: May 9, 2014 at 11:24 pm

mamathaന്യൂഡല്‍ഹി: പശ്ചിമ ബംഗാളില്‍ രാഷ്ട്രീയ കൊടുങ്കറ്റുയര്‍ത്തിയ ശാരദ ചിറ്റ് ഫണ്ട് കുംഭകോണ കേസ് സുപ്രീം കോടതി സി ബി ഐക്ക് കൈമാറി. കോടതിയുടെ ഈ തീരുമാനം മമതാ ബാനര്‍ജി സര്‍ക്കാറിനേറ്റ കനത്ത തിരിച്ചടിയാണ്. കുംഭകോണം സംബന്ധിച്ച എല്ലാ രേഖകളും സി ബി ഐക്ക് കൈമാറാനും പശ്ചിമ ബംഗാള്‍ സര്‍ക്കാറിനോട് സുപ്രീം കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. ഒഡീഷ, അസം, ത്രിപുര സംസ്ഥാനങ്ങളിലെ ചിറ്റ് ഫണ്ട് കുംഭകോണങ്ങളും അന്വേഷിക്കണമെന്ന് സുപ്രീം കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. തട്ടിയെടുക്കപ്പെട്ട പണം കണ്ടെത്താന്‍ സി ബി ഐക്കൊപ്പം പ്രവര്‍ത്തിക്കാന്‍ സുപ്രീം കോടതി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റി (ഇ ഡി)നോട് നിര്‍ദേശിച്ചു. വിപണി നിയന്ത്രണ സംവിധാനമായ സെബിയും ആര്‍ ബി ഐയും ഈ കേസില്‍ സംശയത്തിന്റെ നിഴലിലാണ്. കോടിക്കണക്കിന് രൂപയുടെ തട്ടിപ്പ് നടത്തിയ ശാരദാ ഗ്രൂപ്പിന്റെ ചിറ്റ് ഫണ്ട് ഇടപാടുകള്‍ സി ബി ഐ അന്വേഷിക്കണമെന്ന ആവശ്യം ഉയര്‍ന്നപ്പോള്‍ കല്‍ക്കത്ത ഹൈക്കോടതി അനുമതി നിഷേധിച്ചിരുന്നു. ശാരദാ ഗ്രൂപ്പിന്റെ ചെയര്‍മാന്‍ സുധീപ് സെന്‍ അറസ്റ്റ് ചെയ്യപ്പെട്ടിട്ടുണ്ട്. 2013 ഏപ്രില്‍ 23ന് കാശ്മീരിലെ സോന്‍മാര്‍ഗില്‍ വെച്ചാണ് സെന്നിനേയും അദ്ദേഹത്തിന്റെ രണ്ട് വിശ്വസ്തരെയും അറസ്റ്റ് ചെയ്തത്. ഒളിവില്‍ പോകാന്‍ ഇവര്‍ താവളം തേടുകയായിരുന്നു.