Connect with us

Ongoing News

തമിഴ്‌നാടുമായി കേരളം ചര്‍ച്ചക്ക്

Published

|

Last Updated

mulla mnewwതിരുവനന്തപുരം: മുല്ലപ്പെരിയാര്‍ കേസില്‍ സുപ്രീം കോടതിയില്‍ നിന്ന് നേരിട്ട തിരിച്ചടിയുടെ പശ്ചാത്തലത്തില്‍ തമിഴ്‌നാടുമായി സമവായമുണ്ടാക്കാന്‍ സംസ്ഥാന ഭരണതലത്തില്‍ ആലോചന. കേരള, തമിഴ്‌നാട് സര്‍ക്കാറുകള്‍ ചര്‍ച്ചയിലൂടെ പ്രശ്‌നപരിഹാരത്തിന് ശ്രമിക്കണമെന്ന സുപ്രീം കോടതി ഉത്തരവില്‍ നിര്‍ദേശിച്ചതിന്റെ ചുവടുപിടിച്ചാണ് ഈ നീക്കം. തിങ്കളാഴ്ച ചേരുന്ന സര്‍വകക്ഷി യോഗത്തിലെ പൊതുവികാരം കൂടി പരിഗണിച്ചാകും ഇക്കാര്യത്തില്‍ അന്തിമ തീരുമാനം.
പുനഃപരിശോധനാ ഹരജിയിലൂടെ നിയമപരമായ സാധ്യതകള്‍ തേടുന്നതിനൊപ്പം തമിഴ്‌നാട് സര്‍ക്കാറുമായി രമ്യതയിലെത്തുകയാണ് ലക്ഷ്യം. അതേസമയം, നദീജല തര്‍ക്കങ്ങളിലെല്ലാം കേരളത്തിന്റെ ആവശ്യങ്ങളോട് മുഖംതിരിക്കാറുള്ള തമിഴ്‌നാട് ഈ നീക്കത്തോട് അനുകൂലമായി പ്രതികരിക്കുമോയെന്ന് കണ്ടറിയണം. തമിഴ്‌നാട് സമവായ സന്നദ്ധത അറിയിച്ചാല്‍ത്തന്നെ നെയ്യാര്‍ ഉള്‍പ്പെടെ മറ്റ് തര്‍ക്ക വിഷയങ്ങളില്‍ കേരളം വിട്ടുവീഴ്ച ചെയ്യേണ്ടിവരും.
ഡാം സുരക്ഷാ നിയമം റദ്ദാക്കി ജലനിരപ്പ് 142 അടിയാക്കാമെന്ന് പറയുകയും പുതിയ ഡാമിനുള്ള അനുമതി നിഷേധിക്കുകയും ചെയ്യുന്ന സുപ്രീം കോടതി ഭരണഘടനാ ബഞ്ചിന്റെ ഉത്തരവോടെ സമ്പൂര്‍ണ വിജയം തമിഴ്‌നാടിനൊപ്പമാണ്. സുപ്രീം കോടതിയിലെ മുതിര്‍ന്ന അഭിഭാഷകന്‍ മോഹന്‍ കത്താര്‍ക്കി നല്‍കിയ നിയമോപദേശം അനുസരിച്ച് പുനഃപരിശോധനാ ഹരജി നല്‍കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ടെങ്കിലും പരിഗണിക്കപ്പെടാനുള്ള സാധ്യത അതിവിദൂരമാണ്. ജലനിരപ്പ് ഉയര്‍ത്തുന്ന കാര്യത്തില്‍ തീരുമാനമെടുക്കാന്‍ സുപ്രീം കോടതി നിര്‍ദേശിച്ച മൂന്നംഗ സമിതിയിലും പ്രതീക്ഷക്ക് വകയില്ല. കേന്ദ്ര ജല കമ്മീഷന്റെ നേതൃത്വത്തിലുള്ള സമിതിയെയാണ് കോടതി നിര്‍ദേശിച്ചിരിക്കുന്നത്.
മുല്ലപ്പെരിയാര്‍ വിഷയത്തി ല്‍ തമിഴ്‌നാടിന് അനുകൂല നിലപാട് സ്വീകരിച്ചതാണ് ജല കമ്മീഷന്റെ ചരിത്രം. 2001ലെ എം പവേര്‍ഡ് കമ്മിറ്റിയുടെയും 2006ലെ ഡിവിഷന്‍ ബഞ്ചിന്റെയും വിധികള്‍ക്കും ഇപ്പോ
ഴുണ്ടായ വിധിക്കുമെല്ലാം ആധാരം ജല കമ്മീഷന്‍ നല്‍കിയ റിപ്പോര്‍ട്ടുകളാണ്. ഈ സാഹചര്യത്തില്‍ ഒത്തുതീര്‍പ്പല്ലാതെ മറ്റു വഴികളില്ലെന്നതാണ് വസ്തുത.
1886ലെ പാട്ടക്കരാര്‍ റദ്ദാക്കണമെന്ന ആവശ്യം മുന്‍ ജലവിഭവ മന്ത്രി എന്‍ കെ പ്രേമചന്ദ്രന്‍ ഉള്‍പ്പെടെയുള്ളവര്‍ ഉയര്‍ത്തിയിട്ടുണ്ടെങ്കിലും ഇതുണ്ടാക്കുന്ന പ്രത്യാഘാതം ഗുരുതരമായതിനാല്‍ ഇത്തരം ചര്‍ച്ചകളിലേക്ക് തത്കാലം സര്‍ക്കാറിന് കടക്കാനുമാകില്ല. ഇതെല്ലാം പരിഗണിച്ചാണ് ഒത്തുതീര്‍പ്പ് സന്നദ്ധതയുമായി തമിഴ്‌നാടിനെ സമീപിക്കാനുള്ള നീക്കം. രാഷ്ട്രീയ വിവാദങ്ങള്‍ക്ക് വഴിവെക്കുമെന്ന ഭയമുള്ളതിനാല്‍ തിങ്കളാഴ്ച ചേരുന്ന സര്‍വകക്ഷി യോഗത്തിന്റെ അഭിപ്രായം കൂടി മാനിച്ചാകും തീരുമാനം. ജലനിരപ്പ് 120 അടിയിലേക്ക് താഴ്ത്തണമെന്നാണ് മുമ്പ് മുല്ലപ്പെരിയാര്‍ വിവാദം കത്തിനില്‍ക്കെ ചേര്‍ന്ന സര്‍വകക്ഷി യോഗം ആവശ്യപ്പെട്ടത്. ജലനിരപ്പ് 142 അടിയാക്കാമെന്ന സുപ്രീം കോടതിയുടെ പുതിയ ഉത്തരവിന്റെ പശ്ചാത്തലത്തില്‍ തത്സ്ഥിതി നിലനിര്‍ത്തണമെന്നാകും കേരളം ആവശ്യപ്പെടുക.
അതേസമയം, കോടതിയില്‍ നിന്ന് സമ്പൂര്‍ണ വിജയം നേടിയ തമിഴ്‌നാട് ഇതിനോട് എങ്ങനെ പ്രതികരിക്കുമെന്ന് കണ്ടറിയണം. പറമ്പിക്കുളം ആളിയാര്‍ കരാര്‍ അനുസരിച്ചുള്ള വെള്ളം കിട്ടാതെ വന്നപ്പോള്‍ കേരളം പലതവണ കത്തയച്ചിട്ടും പ്രതികരിക്കാന്‍ പോലും തമിഴ്‌നാട് സന്നദ്ധമായിരുന്നില്ല. ഒടുവില്‍ മുഖ്യമന്ത്രി തന്നെ വിഷയത്തില്‍ ഇടപെട്ടപ്പോഴാണ് ചര്‍ച്ചക്ക് മുതിര്‍ന്നത്.
മുല്ലപ്പെരിയാര്‍ വിഷയത്തില്‍ കേരളം നടത്തുന്ന അഭ്യര്‍ഥന മാനിച്ചാല്‍ത്തന്നെ വലിയ വിട്ടുവീഴ്ചകള്‍ കേരളം നടത്തേണ്ടിവരും. നെയ്യാര്‍ ജലത്തിനായി നടത്തുന്ന കേസില്‍ തന്നെയാകും തമിഴ്‌നാട് ആദ്യം പിടിക്കുക. നെയ്യാറിലെ വെള്ളം തമിഴ്‌നാടിന് നല്‍കുന്നത് നിര്‍ത്തിയതിനെ തുടര്‍ന്ന് അന്തര്‍സംസ്ഥാന നദിയാണെന്ന് ചൂണ്ടിക്കാട്ടി തമിഴ്‌നാട് നല്‍കിയ കേസ് സുപ്രീം കോടതിയുടെ പരിഗണനയിലാണ്. കരാര്‍ ഉണ്ടാക്കി വെള്ളം നല്‍കാന്‍ കേരളം സന്നദ്ധമായിട്ടു പോലും അതിന് തയ്യാറാകാതെയാണ് തമിഴ്‌നാട് സുപ്രീം കോടതിയെ സമീപിച്ചത്.

 

---- facebook comment plugin here -----

Latest