Connect with us

Ongoing News

വര്‍ണവിസ്മയം തീര്‍ത്ത് പൂരം പെയ്തിറിങ്ങി

Published

|

Last Updated

തൃശൂര്‍: തേക്കിന്‍കാടില്‍ തിങ്ങി നിറഞ്ഞ പുരുഷാരം കുളിര്‍ക്കാറ്റില്‍ ആലവട്ടവും വെഞ്ചാമരവും നെറ്റിപ്പട്ടവും കെട്ടിയ ഗജവീരന്മാരുടെ മുന്നില്‍ തുള്ളിക്കളിച്ചപ്പോള്‍ താളപ്പെരുക്കങ്ങള്‍ക്കിടയില്‍ പൂരം പെയ്തിറിങ്ങി. ഇലഞ്ഞിത്തറയിലും മഠത്തില്‍ വരവിലും പാണ്ടിയുടെയും പഞ്ചവാദ്യത്തിന്റെയും താളങ്ങള്‍ പൊഴിഞ്ഞലിഞ്ഞപ്പോള്‍ വടക്കുന്നാഥന്റെ വാനില്‍ ഉറഞ്ഞു കൂടിയ മേഘങ്ങള്‍ പോലും പെയ്‌തൊഴിയാന്‍ മറന്നു പോയി.

ഇലഞ്ഞിത്തറ മേളം കൊട്ടിക്കയറിയപ്പോള്‍ അലിയാനെന്ന വണ്ണം മഴ ആവേശത്തോടെയെത്തി, പൂരപ്രേമികളും മേളക്കാരും അതേറ്റുവാങ്ങി. മേളങ്ങള്‍ തീര്‍ത്ത താളപ്രപഞ്ചത്തിലും വെടിമരുന്നിന്റെ വര്‍ണവിസ്മയത്തിലും അലിഞ്ഞു ചേരാന്‍ ശക്തന്റെ ഇടവഴികളിലൂടെ ജനസഹസ്രങ്ങള്‍ പൂരപ്പറമ്പിലേക്ക് ചേക്കേറി. വര്‍ണവിസ്മയം തീര്‍ത്ത് മുന്നേറിയ കുടമാറ്റത്തെ അലകടല്‍ പോലെ അവര്‍ എതിരേറ്റു.
ആചാരങ്ങള്‍ക്ക് വ്യത്യാസമില്ലാതെ പതിവ് പോലെ പൂരദിവസം കണിമംഗലം ശാസ്താവ്, തെക്കേ ഗോപുരനട കടന്ന് വടക്കുന്നാഥ സന്നിധിയിലെത്തി. അതോടെ ഘടക പൂരങ്ങള്‍ ഓരോന്നായി വന്ന് തുടങ്ങി. പനമുക്കംപിള്ളി, ചെമ്പൂക്കാവ്, കാരമുക്ക്, ലാലൂര്‍, ചൂരക്കോട്ടുകാവ്, അയ്യന്തോള്‍, നൈതലക്കാവ് എഴുന്നള്ളിപ്പുകള്‍ വടക്കുന്നാഥന്റെ തിരുമുറ്റത്തെത്തി.
രാവിലെ തിരുവമ്പാടി ഭഗവതിയുടെ മഠത്തിലേക്കുള്ള പുറപ്പാട് ബ്രഹ്മസ്വം മഠത്തിലെ പൂജക്കുശേഷം പ്രശസ്തമായ മഠത്തില്‍ വരവ്, ഭഗവതി വടക്കുന്നാഥന്റെ തിരുമുറ്റത്തേക്ക്. തിരുവമ്പാടി ശിവസുന്ദറാണ് തിടമ്പേറ്റിയത്. ആസ്വാദകവൃന്ദത്തിന് മുന്നില്‍ വാദ്യഗോപുരം തീര്‍ത്ത് അന്നമനട പരമേശ്വര മാരാര്‍ തിമിലയില്‍ ആദ്യ വിരല്‍ പതിപ്പിച്ചപ്പോള്‍ത്തന്നെ പരിസരങ്ങളിലും ചുറ്റുമുള്ള കെട്ടിടങ്ങളിലുമായി നിറഞ്ഞുനിന്ന സ്ത്രീകളടക്കമുള്ള ആയിരങ്ങള്‍ ആരവമിട്ടു. നാദവിസ്മയത്തില്‍ പുരുഷാരം സ്വരാജ് റൗണ്ടിലും കലാശ സ്ഥലമായ നായ്ക്കനാലിലും തിങ്ങി നിറഞ്ഞു.
നായ്ക്കനാലില്‍ നിന്നും കിഴക്കൂട്ട് അനിയന്‍ മാരാരുടെ പ്രമാണിത്വത്തില്‍ പാണ്ടിമേളത്തോടെ തിരുവമ്പാടിക്കാര്‍. വടക്കുന്നാഥന്റെ തിരുമുറ്റത്തെത്തിയ പൂരപ്പുരുഷാരത്തെ താള ലഹരിയിലാക്കി പെരുവനം കുട്ടന്‍ മാരാരുടെ പ്രമാണിത്വത്തില്‍ മുന്നൂറോളം കലാകാരന്മാര്‍ അണി നിരന്ന പാണ്ടിപ്പെരുക്കത്തിന്റെ രൗദ്ര ഭാവം വിടര്‍ത്തിയ ഇലഞ്ഞിത്തറ മേളം. ഇടക്ക് പെയ്ത മഴയെയും അവര്‍ കൂടെ കൂട്ടി. പതികാലത്തിന്റെ പെരുക്കത്തിനൊപ്പം മേളപ്രേമികള്‍ കൈകളുയര്‍ത്തി വായുവില്‍ താളം പിടിച്ചുതുടങ്ങി. പെരുവനവും കൂട്ടരും പെരുക്കി ഉയര്‍ത്തിയ മേളഗോപുരം കുഴമറിഞ്ഞ് ഓരോ കാലവും കടന്നു മുന്നേറിയപ്പോള്‍ താളാവേശത്തില്‍ ജനം ആവേശത്തിലായി. വൈകീട്ട് 4.35ന് പാറമേക്കാവ് ഭഗവതി തെക്കേ ഗോപുര നടയിറങ്ങുമ്പോള്‍ തെക്കേചെരിവ് ജനസാഗരമായിക്കഴിഞ്ഞിരുന്നു. കോര്‍പറേഷന്‍ ഓഫീസിന് മുന്‍വശത്തെ രാജാവിന്റെ പ്രതിമ വരെ പോയി തിരികെ തെക്കെ ചെരുവിലേക്ക്. ഭഗവതിയുടെ തിടമ്പേറ്റിയ പാറമേക്കാവ് പത്മനാഭന്‍, മറ്റാനകളോടൊപ്പം അക്ഷമയോടെ കാത്തു നിന്നു.
5.25 ഓടെ തിരുവമ്പാടി ഭഗവതിയുടെ തിടമ്പേറ്റിയ തിരുവമ്പാടി ശിവസുന്ദര്‍ തെക്കേഗോപുര്യൂനടയിറങ്ങി. പുരുഷാരം ആര്‍ത്തു വിളിച്ചു. ദേവിമാര്‍ തമ്മിലുള്ള കൂടിക്കാഴ്ച (ദൈവിക സദസ്സ്). തുടര്‍ന്ന് പൂരപ്രേമികളെ ആവേശത്തിന്റെ കൊടുമുടിയിലെത്തിച്ച് കുടമാറ്റം. പുള്ളിക്കുടകളും ഇരുനിലകളും മൂന്ന് നിലകളുമുള്ള കുടകള്‍ വാനിലുയര്‍ന്നപ്പോള്‍ മെക്‌സിക്കന്‍ തിരമാല പോലെ ആവേശം വാനോളമായി. രാത്രി പൂരങ്ങളുടെ തനിയാവര്‍ത്തനം. പുലര്‍ച്ചെയുള്ള വെടിക്കെട്ട് കാത്ത് രാത്രി മുഴുവന്‍ ഒഴുകി നടക്കുകയായിരുന്നു പൂരപ്രേമികള്‍. ഇന്ന് പകല്‍പ്പൂരത്തിന് ശേഷം ഭഗവതിമാര്‍ ഉപചാരം ചൊല്ലി പിരിയുന്നതോടെ തൃശൂര്‍ പൂരത്തിന് പരിസമാപ്തിയാകും.