Connect with us

Editorial

നടപ്പാക്കലാണ് പ്രധാനം

Published

|

Last Updated

അടുത്ത രണ്ട് വര്‍ഷത്തേക്കുള്ള പദ്ധതികള്‍ സമയബന്ധിതമായി നടപ്പാക്കാന്‍ തീരുമാനിച്ചിരിക്കയാണ് സംസ്ഥാന സര്‍ക്കാര്‍. എല്ലാവര്‍ക്കും കുടിവെള്ളവും വീടും ആരോഗ്യസുരക്ഷയും, സമ്പൂര്‍ണ വൈദ്യുതീകരണം , സമ്പൂര്‍ണ ഡിജിറ്റല്‍ കേരളം, ഭൂരഹിതരില്ലാത്ത കേരളം, നിര്‍ഭയ കേരളം – സുരക്ഷിത കേരളം, നിത്യോപയോഗ സാധനങ്ങള്‍ ന്യായമായ വിലക്ക് തുടങ്ങിയ ക്ഷേമ പദ്ധതികളുടെയും കൊച്ചി മെട്രോ, സ്മാര്‍ട്ട് സിറ്റി, വിഴിഞ്ഞം തുറമുഖം, കണ്ണൂര്‍ വിമാനത്താവളം, ദേശീയ ജലപാത, തിരുവനന്തപുരം- കോഴിക്കോട് മോണോ റെയില്‍ തുടങ്ങി നവരത്‌ന പദ്ധതികളുടെയും പൂര്‍ത്തീകരണമാണ് പ്രധാനമായും മിഷന്‍ 676 എന്നു പേരിട്ട പുതിയ കര്‍മ പദ്ധതി കൊണ്ടുദ്ദേശിക്കുന്നതെന്നാണ് മുഖ്യമന്ത്രി അറിയിച്ചത്.
“അതിവേഗം ബഹുദൂരം” മുദ്രാവാക്യവുമായാണ് സര്‍ക്കാര്‍ അധികാരത്തിലേറിയത്. അഞ്ച് വര്‍ഷം കൊണ്ട് സംസ്ഥാനത്തിന്റെ വികസനത്തില്‍ പുതിയൊരധ്യായം രചിക്കുമെന്നും യു ഡി എഫ് അവകാശപ്പെട്ടിരുന്നു. എന്നാല്‍ ഗണേഷ് പ്രശ്‌നം, ചെന്നിത്തലയുടെ മന്ത്രിസഭാ പ്രവേശം, സോളാര്‍ തട്ടിപ്പ് കേസ്, ചീഫ് വിപ്പുമായി ബന്ധപ്പെട്ട ബഹളങ്ങള്‍, ബാര്‍ ലൈസന്‍സിനെച്ചൊല്ലിയുള്ള ഭിന്നത തുടങ്ങി നിരവധി വിഷയങ്ങളില്‍ യു ഡി എഫിലും ഭരണ മേഖലയിലും ഉളവായ പ്രതിസന്ധികള്‍ കാരണം പ്രഖ്യാപിച്ച പദ്ധതികള്‍ പ്രാവര്‍ത്തികമാക്കാനോ വികസന പ്രവര്‍ത്തനങ്ങളില്‍ ശ്രദ്ധ പതിപ്പിക്കാനോ സര്‍ക്കാറിനായില്ല. ഈ പ്രശ്‌നങ്ങളോടൊപ്പം തന്നെ സാമ്പത്തിക പ്രതിസന്ധിയും ഒരു തടസ്സം തന്നെയായിരുന്നു. കഴിഞ്ഞ ബജറ്റിലെ പദ്ധതികളില്‍ പകുതി പോലും നടപ്പിലായിട്ടില്ല. പ്രഖ്യാപിച്ച 389 പദ്ധതികളില്‍ 146 എണ്ണത്തിന് മാത്രമാണ് ഭരണാനുമതി പോലും ലഭിച്ചത്. ഇത് ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചാരണ വേദികളില്‍ പ്രതിപക്ഷം ആയുധമാക്കുകയുണ്ടായി. മാത്രമല്ല, നിയമസഭാ തിരഞ്ഞെടുപ്പിന് അവശേഷിക്കുന്നത് രണ്ട് വര്‍ഷത്തില്‍ താഴെ കാലമാണെന്നിരിക്കെ, പ്രതിച്ഛായ മെച്ചപ്പെടുത്തേണ്ടത് അനിവാര്യമാണെന്ന തിരിച്ചറിവ് കൂടിയായിരിക്കണം മിഷന്‍ 676 പ്രഖ്യാപനത്തിന് പ്രേരകം.
എന്നാല്‍ മിഷന്‍ 676 നടപ്പാക്കാന്‍ സര്‍ക്കാറിന്റെ മടിശ്ശീലയിലെന്തുണ്ട്? സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെന്ന് മന്ത്രി ആര്യാടന്‍ മുഹമ്മദ് ആവര്‍ത്തിച്ചാവര്‍ച്ചു പറയുന്നു. സാമ്പത്തിക ഞെരുക്കമാണ് ധനകാര്യ മന്ത്രിയുടെ ഭാഷയില്‍. രണ്ടായാലും ദൈനംദിന ഭരണ ചെലവുകള്‍ക്കു പോലും പൊതുഖജനാവില്‍ പണമില്ല. പ്രതിസന്ധി മറികടക്കാന്‍ ട്രഷറികള്‍ക്കു നിയന്ത്രണം ഏര്‍പ്പെടുത്തേണ്ടി വന്നു. പദ്ധതി പ്രവര്‍ത്തനങ്ങളുടെ നടത്തിപ്പിനായി വിവിധ വകുപ്പുകള്‍ക്ക് കൈമാറിയ പണവും വാണിജ്യ ബേങ്കുകളിലെ നിക്ഷേപവും ട്രഷറിയിലേക്ക് തിരിച്ചെത്തിച്ചിട്ടും സമയത്തിന് ശമ്പളവും പെന്‍ഷനും നല്‍കാനാകുന്നില്ല. നികുതി പിരിവ് ഊര്‍ജിതമാക്കാന്‍ പദ്ധതികളാവിഷ്‌കരിച്ചെങ്കിലും നികുതി വരുമാനം കുറയുകയാണ്. കഴിഞ്ഞ വര്‍ഷത്തെ ബജറ്റില്‍ എല്ലാ സാധനങ്ങള്‍ക്കും മൂല്യവര്‍ധിത നികുതി വര്‍ധിപ്പിച്ചതുള്‍പ്പെടെ 1200 കോടി രൂപയുടെ അധിക നികുതി വരുമാനം വിഭാവനം ചെയ്തിരുന്നെങ്കിലും വരുമാനത്തില്‍ മുന്‍ വര്‍ഷത്തേക്കാള്‍ കമ്മിയാണുണ്ടായത്. 2012-2013 സാമ്പത്തിക വാര്‍ഷാവസാനം 17 ശതമാനമായിരുന്ന വളര്‍ച്ചാ നിരക്ക് ഈ സാമ്പത്തിക വര്‍ഷത്തിന്റെ അവസാനമെത്തിയപ്പോള്‍ 10 ശതമാനമായി കുറഞ്ഞു. കൂടാതെ ശമ്പള പരിഷ്‌കരണത്തിന് പുതിയ കമ്മീഷനെ നിയമിച്ചിട്ടുണ്ട്. കമ്മീഷന്റെ റിപ്പോര്‍ട്ട് ലഭിക്കുന്നതോടെ അത് നടപ്പാക്കാനുള്ള ബാധ്യത കൂടി വന്നുചേരും. ഈ സാഹചര്യത്തില്‍ പദ്ധതികളുടെ സമയബന്ധിത പൂര്‍ത്തീകരണം എങ്ങനെ സാധ്യമാകും?
പൊള്ളയായ വാഗ്ദാനങ്ങളല്ല, സാമ്പത്തിക പ്രതിസന്ധിയെ അതിജീവിക്കാനുള്ള പ്രായോഗിക പദ്ധതികളാണ് സംസ്ഥാനത്തിന് ഇന്നാവശ്യം. നികുതി പിരിവ് ശക്തിപ്പെടുത്തുമെന്ന പ്രഖ്യാപനമല്ലാതെ അത് നടപ്പില്‍ വരുത്താനുള്ള ഊര്‍ജിത ശ്രമങ്ങളുണ്ടാകുന്നില്ല. അതിരൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയുടെ വാര്‍ത്ത കഴിഞ്ഞ സെപ്തംബറില്‍ പുറത്തു വന്നപ്പോള്‍, റവന്യൂ വരുമാനം കുറഞ്ഞതും പ്രതീക്ഷിച്ചത്ര നികുതി വരുമാനം വര്‍ദ്ധിക്കാത്തതുമാണിതിന് കാരണമെന്ന് വിശദീകരിച്ച ധനമന്ത്രി പ്രതിസന്ധി മറി കടക്കാന്‍ നിരവധി നടപടികള്‍ പ്രഖ്യാപിച്ചിരുന്നു. എന്നിട്ടും നില മെച്ചപ്പെട്ടില്ലെന്ന് മാത്രമല്ല, ട്രഷറികള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തേണ്ട ഗതികേട് വരെയുണ്ടായി. വന്‍കിട വ്യാപാരികളുടെയും വ്യവസായികളുടെയും സമ്മര്‍ദ ഫലമായി നികുതി ചട്ടങ്ങളില്‍ ഇളവനുവദിക്കുന്നതും പിരിവിലെ ഉദാസീനതയും ഭരണ മേഖലയിലെ സാമ്പത്തിക അച്ചടക്കമില്ലായ്മയുമാണ് വരുമാനക്കുറവിന് സാമ്പത്തിക വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്ന ഘടകങ്ങള്‍. രാഷ്ട്രീയക്കാരും വ്യാപാര, വ്യവസായ പ്രമുഖരുമായുള്ള പിന്നാമ്പുറ ബന്ധങ്ങളും അഴിമതിക്കാരായ ഉദ്യോഗസ്ഥരുടെ കളികളുമാണിതിന് കാരണം. അധികാരത്തിന്റെ ഇടനാഴികളെ ഇത്തരക്കാരുടെ സ്വാധീനത്തില്‍ നിന്ന് മോചിപ്പിക്കാനും ഭരണ മേഖലയില്‍ സാമ്പത്തിക അച്ചടക്കം കര്‍ശനമാക്കാനുമുള്ള ആര്‍ജവം കാണിച്ചെങ്കില്‍ മാത്രമേ സാമ്പത്തിക തകര്‍ച്ചയില്‍ നിന്ന് സംസ്ഥാനം രക്ഷപ്പെടുകയുള്ളു.

---- facebook comment plugin here -----

Latest