Connect with us

Articles

നിലവാരം ഇല്ലാത്ത രാഷ്ട്രീയ പാര്‍ട്ടികള്‍

Published

|

Last Updated

ബാറിന്റെ നിലവാരത്തകര്‍ച്ചയാണിപ്പോള്‍ നാട്ടുകാരെ ആകെ വിഷമിപ്പിക്കുന്നതെന്നു തോന്നും ഇപ്പോഴത്തെ മാധ്യമവിശകലനങ്ങള്‍ ശ്രദ്ധിച്ചാല്‍. നിലവാരം കുറഞ്ഞ 418 ബാറുകള്‍ പൂട്ടി. ആ നിലക്കു നിലവാരം കുറഞ്ഞ മറ്റു പലതും പൂട്ടിയിരുന്നെങ്കില്‍ എന്നു സാധാരണക്കാരന്‍ ആഗ്രഹിച്ചുപോകും. നിലവാരം കുറഞ്ഞ സ്‌കൂളുകള്‍, കോളജുകള്‍, ബസ്സ്റ്റാന്‍ഡുകള്‍ അങ്ങനെ എന്തെല്ലാം എന്തെല്ലാം. ചുരുങ്ങിയ പക്ഷം നിലവാരം കുറഞ്ഞ നമ്മുടെ രാഷ്ട്രീയ പാര്‍ട്ടികളുടെ ഓഫീസുകളെങ്കിലും പൂട്ടണം എന്ന മുറവിളി ഉയരാന്‍ കാലമായി.
കാത്തിരിപ്പിന്റെ ദിവസങ്ങള്‍ അവസാനിക്കുകയാണ്. രാജ്യം ആര് ഭരിക്കും എന്നറിയാനുള്ള ആകാംക്ഷ പോലെ തന്നെ സാമാന്യജനങ്ങളില്‍ പ്രബലമാണ് ആരു ഭരിച്ചാലും കാര്യങ്ങളൊക്കെ പഴയപടി തന്നെ ആയിരിക്കരുമെന്ന വിശ്വാസം. ഇതാണ് പോയ 67 വര്‍ഷത്തെ നമ്മുടെ ജനാധിപത്യം നമുക്കു നല്‍കിയ പാഠം. ഒപ്പം ഭരണകക്ഷിയും പ്രതിപക്ഷവും തമ്മിലുള്ള വ്യത്യാസം അത്രയൊന്നും വലുതല്ലെന്ന കാര്യവും. ഇതിനകം പല പ്രാവശ്യം ജനങ്ങള്‍ക്ക് ഇത് ബോധ്യപ്പെട്ടതാണ്. ജനാധിപത്യ സംസ്‌കാരത്തിന്റെ പുഴുക്കുത്തുകളായ അഴിമതി സ്വജനപക്ഷപാതം, ശത്രുസംഹാരം അപവാദ പ്രചാരണം, ധനസമ്പാദനാര്‍ത്തി, അധികാര ദുര്‍വിനിയോഗം ഇവയെല്ലാം നമ്മുടെ എല്ലാ രാഷ്ട്രീയ കക്ഷികളിലും ഏറെക്കുറെ സമാനമാണ്. എങ്കിലും അഞ്ച് വര്‍ഷത്തിലൊരിക്കല്‍ ജനങ്ങളുടെ കോടതിയില്‍ വിചാരണക്കു നിന്നു കൊടുക്കാന്‍ എല്ലാവരും തയ്യാറാകുന്നു എന്നതുതന്നെ ഒരു വലിയ കാര്യം. ഈ അവസരം കൂടി ജനങ്ങളില്‍ നിന്നും കവര്‍ന്നെടുക്കപ്പെടുമോ എന്ന ആശങ്കയാണ് ഇപ്പോള്‍ നമ്മെ അലട്ടുന്നത്. നമുക്കു ചുറ്റുമുള്ള പല രാജ്യങ്ങളുടെയും അനുഭവം ഈ ആശങ്കക്കു ആക്കം കൂട്ടുന്നു. 1947 മുതല്‍ 2004 വരെയുള്ള കാലഘട്ടത്തില്‍ 17 പ്രധാനമന്ത്രിമാര്‍ രാജ്യം ഭരിച്ചു. ഇവരില്‍ 11 പേരും കോണ്‍ഗ്രസ് എന്ന ചതുരാക്ഷരിയുടെ വൈകാരിക പ്രാധാന്യത്തെ മുന്‍നിര്‍ത്തി രാജ്യ ഭരണത്തിലെത്തിപ്പെട്ടവരായിരുന്നു. വന്നുവന്നു കോണ്‍ഗ്രസ് ഇപ്പോള്‍ ഇന്ത്യന്‍ ജനതയെ സംബന്ധിച്ചിടത്തോളം യാതൊരു വൈകാരിക പ്രാധാന്യവും ഇല്ലാത്ത ഒരു രാഷ്ട്രീയ കക്ഷിയായിക്കഴിഞ്ഞു. ചുരുക്കം ചില നേതാക്കളുടെ വ്യക്തിപ്രഭാവത്തെ മാത്രം ആ പാര്‍ട്ടിക്കാശ്രയിക്കേണ്ടിവന്നപ്പോള്‍ രാജ്യത്തിന്റെ മറ്റു പാരമ്പര്യങ്ങളേയോ പൊതുവായ ജനക്ഷേമത്തെയോ മാനിക്കുന്ന കാര്യത്തില്‍ അത് ദയനീയമായി പരാജയപ്പെട്ടു.
കോണ്‍ഗ്രസിനുള്ളില്‍ നിന്നു തന്നെ ഉയര്‍ന്നുവന്ന എതിര്‍പ്പുകള്‍ക്കു മുമ്പില്‍ പിടിച്ചുനില്‍ക്കാന്‍ കഴിയാതെ വന്നപ്പോഴാണ് ഇന്ദിരാ ഗാന്ധിക്ക് അടിയന്തരാവസ്ഥ പ്രയോഗിക്കേണ്ടിവന്നത്. കോണ്‍ഗ്രസിന് ബദലായി ഒരു പ്രതിപക്ഷം ഉയര്‍ന്നുവരുന്നതിന് അടിയന്തരാവസ്ഥയിലെ അതിക്രമങ്ങള്‍ സഹായകമായി. കൃത്യമായ ഒരു ദിശാബോധമില്ലാതെ പോയ ആ പ്രതിപക്ഷ ഐക്യനിരയുടെ ചുക്കാന്‍ പിടിച്ചത് അതുവരെ പത്തിതാഴ്ത്തി കിടന്നിരുന്ന ഇന്ത്യന്‍ രാഷ്ട്രീയത്തിലെ വലതുപക്ഷം ആയിരുന്നു. ഇതോടെ കൃത്യമായ ഒരു വലത് ഇടതു വേര്‍തിരിവ് ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ നിന്ന് തിരോഭവിക്കുക തന്നെ ചെയ്തു.
വ്യക്തികളുടെ അമിതാധികാര പ്രവണതയേയും കുടുംബവാഴ്ചയേയും എതിര്‍ത്തുകൊണ്ടു രംഗത്തുവന്നവര്‍ തന്നെ, വ്യക്തികേന്ദ്രീകൃത രാഷ്ട്രീയവും കുടുംബവാഴ്ചയും ഒന്നും സ്വന്തം കാര്യത്തില്‍ ബാധകമല്ലെന്ന് ഭാവിച്ചുകൊണ്ട് തലയെടുപ്പോടെ ജനങ്ങളെ അഭിമുഖീകരിച്ചു തുടങ്ങി. അതോടെ രാഷ്ട്രീയക്കാരോടുള്ള പുച്ഛം ജനങ്ങളില്‍ ശതഗുണീഭവിച്ചു. കോണ്‍ഗ്രസ് അല്ലെങ്കില്‍ ബി ജെ പി രണ്ടിനും എതിരെ, ആണോ പെണ്ണോ ആടോ പട്ടിയോ എന്നും വ്യക്തമല്ലാത്ത ഒരു സാങ്കല്‍പ്പിക മൂന്നാം മുന്നണി തിരഞ്ഞെടുപ്പ് ഫലം വന്നുകഴിഞ്ഞാല്‍ ആര്‍ക്ക് എപ്പോള്‍ വേണെമങ്കിലും എങ്ങോട്ടും മാറാന്‍ കഴിയുന്ന അഴകൊഴമ്പന്‍ നയ പരിപാടികളുമായി അരങ്ങു തകര്‍ക്കുന്ന പ്രാദേശിക പാര്‍ട്ടികളും തനിക്കു ശേഷം പ്രളയം എന്നു കുരുതുന്ന കുറേ നേതാക്കന്മാരും! ഇവരിലാരിലാണ് ജനം പ്രതീക്ഷയര്‍പ്പിക്കേണ്ടത്? ഇവരില്‍ ആര്‍ക്കാണ് സംശുദ്ധമായ ഒരു ട്രാക്ക് റെക്കാര്‍ഡുള്ളത്? “പുലി വരുന്നേ പുലി വരുന്നേ” എന്നു വിളിച്ചുകൂവി ആളെക്കൂട്ടിയ ബാലനെപ്പോലെ “മോദി വരുന്നേ മോദി വരുന്നേ” എന്ന് വിളിച്ചുകൂവലില്‍ മാത്രം മോദിവിരുദ്ധ കക്ഷികള്‍ അവരുടെ പ്രചാരണ തന്ത്രങ്ങള്‍ പരിമിതപ്പെടുത്തുകയായിരുന്നല്ലോ. ഇതുതന്നെ മോദിക്കില്ലാത്ത ഒരു ഇമേജ് ഉണ്ടാക്കിക്കൊടുക്കാന്‍ സഹായകമായിട്ടുണ്ട്. ഇനി മോദി എങ്ങാനും വന്നുപോയാല്‍ എങ്ങനെ നേരിടണം എന്ന കാര്യത്തില്‍ ഈ മോദിവിരുദ്ധന്മാര്‍ എന്തെങ്കിലും ഹോം വര്‍ക്ക് ചെയ്തിട്ടുണ്ടോ? ഉണ്ടെന്നു തോന്നുന്നില്ല.
എല്ലാം അടിച്ചുവാരി വൃത്തിയാക്കികളയുമെന്ന പിടിവാശിയും ആയി ചൂലുമായി ഇറങ്ങിത്തിരിച്ചിരിക്കുന്ന ആം ആദ്മി പാര്‍ട്ടിക്കോ സോഷ്യലിസ്റ്റ് ബദല്‍ സ്വപ്‌നം കാണുന്ന ഇടതുപക്ഷത്തിനോ ചില പ്രദേശങ്ങളിലെ വോട്ടുകളുടെ കണക്കുകൂട്ടലുകളില്‍ ചില ഏറ്റക്കുറച്ചിലുകള്‍ വരുത്താന്‍ കഴിഞ്ഞേക്കും എന്നതിനപ്പുറം യാതൊന്നും ചെയ്യാനുള്ള ശേഷിയില്ല. രാഷ്ട്രീയ വിദ്യാഭ്യാസത്തിന്റെ മേഖലയായി മാറേണ്ട തിരഞ്ഞെടുപ്പ് പ്രചാരണ രംഗം പതിവുപോലെ മാധ്യമ ജ്യോതിഷികളുടെ കവിടി നിരത്തിയുള്ള ഫലപ്രവചനങ്ങളിലും താര പരിവേഷമുള്ള നേതാക്കളുടെ ഊരുചുറ്റലിലും പണത്തിന്റെ കുത്തൊഴുക്കിലും പരിമിതപ്പെട്ടു. എന്തു തന്നെയായാലും ഇന്ത്യാ മഹാരാജ്യത്തെ പൊതുവായ ജനഹിതമോ ജനതാത്പര്യമോ പ്രതിഫലിപ്പിക്കാന്‍ പര്യാപ്തമായ ഒരു തിരഞ്ഞെടുപ്പു ഫലമായിരിക്കില്ല ഇപ്പോള്‍ സ്‌ട്രോംഗ് റൂമുകളില്‍ സൂക്ഷിച്ചിരിക്കുന്ന യന്ത്രപ്പെട്ടികളുടെ പൂട്ട് പൊളിക്കുമ്പോള്‍ ലഭിക്കാന്‍ പോകുന്നത്. സാങ്കേതിക ഭൂരിപക്ഷക്കണക്കുകളെ ആശ്രയിച്ചുകൊണ്ടുള്ള വിലപേശലുകള്‍ക്കും ആയറാം ഗയാറാം വീരന്മാരുടെ ഭാഗ്യാന്വേഷണ പരീക്ഷണങ്ങള്‍ക്കുമായിരിക്കും സമീപ ദിവസങ്ങള്‍ സാക്ഷ്യം വഹിക്കാന്‍ പോകുന്നത്.
തിരഞ്ഞെടുപ്പ് പ്രചാരണ രംഗത്തു നിന്നും മാറ്റൊലി കൊള്ളുന്ന ചില പദപ്രയോഗങ്ങള്‍ ഇപ്പോഴും അന്തരീക്ഷത്തില്‍ നിറഞ്ഞുനില്‍ക്കുന്നു. കേരളത്തില്‍ നിന്നുകേട്ട പരനാറി പ്രയോഗം മുതല്‍“രാജീവ് ഗാന്ധിയാണെന്റെ അച്ഛന്‍ എന്ന പ്രിയങ്കാ ഗാന്ധിയുടെ ശൈലിപ്രയോഗം വരെ നീണ്ടുകിടക്കുന്നു ഈ വാക്പയറ്റ്. സാധാരണഗതിയില്‍ ഒരാള്‍ സ്വന്തം അച്ഛന്‍ ഇന്നാരാണെന്നു പറഞ്ഞു ഊറ്റം കൊള്ളുന്നത് പ്രതിയോഗിയുടെ പിതൃത്വത്തില്‍ സംശയം ആരോപിക്കാനുള്ള അടവുതന്ത്രമായിട്ടാണ്. ഇന്ത്യന്‍, ഇറ്റാലിയന്‍ സമ്മിശ്ര പൈതൃകത്തിന്റെ സന്തതിയായ പ്രിയങ്കാ ഗാന്ധി ശരിയായ ദളിത് പൈതൃകം അവകാശപ്പെടാവുന്ന നരേന്ദ്ര മോദിക്കെതിരെ ഇത്തരം ഒരടവ് പ്രയോഗിക്കേണ്ടിയിരുന്നില്ല. മാറിടത്തിന്റെ വിസ്താരമോ ഹൃദയത്തിന്റെ പരിശുദ്ധിയോ ഏതാണ് രാജ്യഭാരം വഹിക്കാന്‍ ഏറെ പ്രയോജനപ്പെടുക എന്നൊരു ചോദ്യവും പ്രിയങ്കയില്‍ നിന്നുയര്‍ന്നു വന്നിട്ടുണ്ട്. കോണ്‍ഗ്രസുകാര്‍ നിരാശപ്പെടേണ്ട, അഥവാ രാഹുല്‍ ഈ തിരഞ്ഞെടുപ്പോടെ രാഷ്ട്രീയ വനവാസത്തിന് എങ്ങാനും പുറപ്പെട്ടാല്‍ അനന്തരാവകാശിയാകാന്‍ നെഹ്‌റു കുടുംബത്തില്‍ ഇതാ ഒരു നാരീരത്‌നം ഉടുത്തൊരുങ്ങി നില്‍ക്കുന്നു.
മോദിയെ നേതാവായി അംഗീകരിക്കാത്തവര്‍ പാക്കിസ്ഥാനിലേക്ക് പോകണം എന്ന പ്രസ്താവനയുടെ പേരില്‍ ഗിരിരാജ് സിംഗിനെതിരെ പുറപ്പെടുവിച്ച അറസ്റ്റ് വാറണ്ടിനു തത്കാലം സ്റ്റേ ലഭിച്ചു. അത്രയും ആശ്വാസം. മോദിയെ ഗുജറാത്തിലെ കശാപ്പുകാരന്‍ എന്നാദ്യം വിളിച്ചത് മമതാ ബാനര്‍ജിയാണ്. മോദിയെ കശാപ്പുകാരനെന്ന് വിളിച്ചാല്‍ അത് കശാപ്പുകാര്‍ക്ക് നാണക്കേടാകും എന്ന് പറഞ്ഞുകൊണ്ട് സാക്ഷാല്‍ ലാലു പ്രസാദ് യാദവ് രംഗത്തുവന്നിരിക്കുന്നു. ഈ കശാപ്പ് അത്ര മോശെപ്പട്ട പണിയാണെന്നു ഇന്ത്യയിലെ മാംസാഹാരികള്‍ക്കു തോന്നുന്നില്ല. ഭക്ഷണത്തിന് വേണ്ടി കന്നുകാലികളെ കൊല്ലുന്ന കശാപ്പുകാര്‍ യാതൊരു കാരണവും കൂടാതെ മനുഷ്യരെ കൊല്ലുന്ന രാഷ്ട്രീയക്കാരേക്കാള്‍ മാന്യന്മാരാണെന്ന അഭിപ്രായവും അവര്‍ പ്രകടിപ്പിച്ചെന്നു വരും.
ഏതച്ഛന്‍ വന്നാലും അമ്മക്കു കിടക്കപ്പൊറുതിയില്ലന്നു ഏതോ മരുമക്കത്തായ തറവാട്ടിലെ ബാലന്‍ വിലപിച്ചതായി കേട്ടിട്ടുണ്ട്. അതുപോലെയാണിപ്പോള്‍ ഈ ഇന്ത്യാ മഹാരാജ്യത്തിന്റെ കാര്യം. പുറമെ മിനുക്കുപണി ചെയ്തു അണിയിച്ചൊരുക്കി പ്രദര്‍ശിപ്പിച്ചുകിടത്തിയിരിക്കുന്ന ഈ ഭാരത മാതാവിന്റെ അടുക്കള രഹസ്യങ്ങള്‍ വളരെ വിചിത്രമാണ്. ഭരണഘടനയുടെ ആമുഖത്തില്‍ ഉറപ്പ് നല്‍കിയ രാഷ്ട്രീയ നീതി, സാമൂഹികനീതി, സാമ്പത്തിക നീതി ഇവയെല്ലാം ഇപ്പോഴും ഏട്ടിലെ പശു മാത്രം കോണ്‍ഗ്രസിന്റെ ദീര്‍ഘകാല ഭരണത്തിന്‍ കീഴിലും ബി ജെ പിയുടെ ഹ്രസ്വകാല ഭരണത്തിലും ഇന്ത്യയുടെ കാര്‍ഷിക മേഖല പാടെ തകര്‍ന്നു. വ്യവസായ മേഖല കൈവരിച്ച നേട്ടങ്ങളുടെ സദ്ഫലങ്ങള്‍ മേല്‍ത്തട്ടില്‍ മാത്രം ഒതുങ്ങി. 1995 മുതല്‍ 2013 വരെയുള്ള 18 വര്‍ഷങ്ങളില്‍ ഇവിടെ രേഖപ്പെടുത്തപ്പെട്ട കര്‍ഷക ആത്മഹത്യകളുടെ എണ്ണം 2,84,694 എന്ന് കണക്കാക്കപ്പെട്ടിരിക്കുന്നു. അത്യാവശ്യ സാധനങ്ങള്‍ക്കു തീവില. മദ്യവും മയക്കുമരുന്നും ചെറുപ്പക്കാരുടെ അഭയ കേന്ദ്രമായിരിക്കന്നു. അഭ്യസ്തവിദ്യരായ മൂന്ന് കോടിയിലധികം യുവാക്കള്‍ രാജ്യത്തെ എംപ്ലോയ്‌മെന്റ് എക്‌സ്‌ചെയിഞ്ചുകളില്‍ പേര് രജിസ്റ്റര്‍ ചെയ്തു തങ്ങളുടെ ഭാഗ്യനക്ഷത്രം ഉദിക്കുന്ന ദിവസവും കാത്തുകഴിയുന്നു.
തൊണ്ണൂറുകളുടെ തുടക്കത്തില്‍ കേവലം ഒന്‍പത് ശതകോടീശ്വന്മാരാണിന്ത്യയില്‍ ഉണ്ടായിരുന്നത്. ഇവരുടെ എണ്ണം ഇപ്പോള്‍ 83 ആയി ഉയര്‍ന്നിരിക്കുന്നു. ഓരോ വര്‍ഷവും സമ്പന്ന കുടുംബങ്ങള്‍ക്കും കോര്‍പറേറ്റ് മാഫിയകള്‍ക്കും ആനുകൂല്യങ്ങളും കഴിവുകളും വാരിക്കോരി നല്‍കുന്നു. സ്വകാര്യവത്കരണവും ഉദാരവത്കരണവും എന്നൊക്കെ പറഞ്ഞു രാജ്യത്തിന്റെ പൊതു മേഖലകളാകെ അടച്ചുപൂട്ടപ്പെടുന്നു. രാജ്യത്തെ മൊത്തം ജനസംഖ്യയില്‍ പ്രതിദിനം 20 രൂപ മാത്രം വരുമാനമുള്ളവരുടെ സംഖ്യ 83 കോടി ആണത്രെ. 20 രൂപയുടെ മുകളില്‍ വരുമാനമുള്ളവര്‍ ദാരിദ്ര്യരേഖക്കു മുകളിലും അതിന് താഴെയുള്ളവര്‍ ദാരിദ്ര്യ രേഖക്കു കീഴെയും എന്ന് ഭരണാധികാരികള്‍ ഉളുപ്പില്ലാതെ പ്രഖ്യാപിക്കുക കൂടി ചെയ്യുമ്പോള്‍ പൊതുജനം അവരുടെ ശിരോരേഖയെ കുറ്റപ്പെടുത്തിക്കൊണ്ട് അച്ചടക്കമുള്ള പൗരന്മാരായി “ജനഗണമനഅധിനായക ജയഹേ പാടുന്ന കാഴ്ചയാണ് അതിവിചിത്രം.
ആസ്‌ട്രേലിയ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന വാക്ക്ഫ്രീ ഫൗണ്ടേഷന്‍ നടത്തിയ ഒരു പഠനം വെളിപ്പെടുത്തുന്നത് ആധുനിക കാലത്ത് അടിമത്തം അനുഭവിക്കുന്നവരില്‍ പകുതി പേരും ഇന്ത്യയിലാണ് ജീവിക്കുന്നതെന്നാണ്. 2013 ഒക്‌ടോബര്‍ 18നു ടൈംസ് ഓഫ് ഇന്ത്യ പ്രസിദ്ധീകരിച്ച ഒരു പഠനത്തില്‍ നിന്നാണ് ഈ ഉദ്ധരണി. 14 മില്യന്‍ ആളുകള്‍ അടിമകളായി ഇന്ത്യയിലെ പട്ടണങ്ങളിലും ഗ്രാമങ്ങളിലുമായി അധിവസിക്കുന്നു. മാറിമാറി വന്ന സര്‍ക്കാറുകളും അവയെ നയിച്ച നേതാക്കന്മാരും ഇതൊന്നും കണ്ടില്ലെന്നു നടിച്ചുകൊണ്ടോ ഇതിനൊന്നിനും പരിഹാരം തങ്ങളുടെ പക്കലില്ലെന്നു സമ്മതിച്ചുകൊണ്ടോ ആണ് തങ്ങള്‍ ജനങ്ങളെ രക്ഷിക്കാന്‍ അവതരിച്ച അവതാരങ്ങളാണെന്ന മട്ടില്‍ ഓടിനടക്കുന്നത്. അഴിമതികള്‍ മേല്‍ തട്ടുമുതല്‍ താഴെ തലം വരെ ഒരു ജന്മാവകാശം പോലെ പുലര്‍ന്നുപോരുന്നു. ടു ജി സ്‌പ്രെക്ട്രം, കല്‍ക്കരിപ്പാടം, കെ ജി ബസീല്‍ വാതകം, ദില്ലി എയര്‍പോര്‍ട്ട് കോമണ്‍വെല്‍ത്ത് ഗെയിംസ്, ആദര്‍ശ് ഫഌറ്റ്, ട്രാക്ക് ഹെലികോപ്റ്റര്‍ ഇങ്ങനെ ധനകാര്യ വകുപ്പ് മുതല്‍ പ്രതിരോധ വകുപ്പ് വരെ നീണ്ടുകിടക്കുന്ന അഴിമതിക്കഥകളിലെ കത്തി, കരി, താടി, മിനുക്കു വേഷങ്ങളത്രയും ഇപ്പോള്‍ കൊട്ടിക്കലാശം കഴിഞ്ഞ ഈ തിരഞ്ഞെടുപ്പിന്റെ കളിയരങ്ങില്‍ തിമര്‍ത്താടുകയാണ്. അവരെയെല്ലാം ജനം പച്ചപ്പരവതാനി വിരിച്ചുവരവേറ്റു. അപ്പോഴും ചര്‍ച്ചാവിഷയമായത്, മോദിയുടെ മാറിടത്തിന്റെ വിരിവും രാഹുലിന്റെ വലിപ്പക്കുറവും പ്രിയങ്കാ ഗാന്ധിയുടെ ഉടുത്തൊരുക്കവും നെഹ്‌റു തറവാടിന്റെ മഹത്വകീര്‍ത്തനവും മമതയുടെ മാര്‍ക്‌സിസ്റ്റ്‌വിരോധവും ജയലളിതയുടെ പ്രധാനമന്ത്രിമോഹവും മാത്രം. ഇതില്‍ നിന്നൊരു മോചനം- അതായിരിക്കട്ടെ വരും നാളുകളിലെ നമ്മുടെ ചര്‍ച്ചാവിഷയം.
(കെ സി വര്‍ഗീസ് ഫോണ്‍- 9446268581)