Connect with us

Kerala

പൂരങ്ങളുടെ പൂരത്തിന് പരിസമാപ്തി

Published

|

Last Updated

തൃശൂര്‍ : മുപ്പത്തിയാറ് മണിക്കൂര്‍ കണ്ണിനും കാതിനും ഇമ്പവും വര്‍ണവിസ്മയവും തീര്‍ത്ത പൂരങ്ങളുടെ പൂരത്തിന് പരിസമാപ്തി. ഇന്നലെ പുലര്‍ച്ചെ 3.20ന് നടന്ന വെടിക്കെട്ടിന് പാറമേക്കാവ്, തിരുവമ്പാടി വിഭാഗങ്ങള്‍ പങ്കെടുത്തു. വര്‍ണവിസ്മയങ്ങളുടെ പുതിയ കാഴ്ചകളുടെ വെടിക്കെട്ട് കാണാനെത്തിയ കാണികളെക്കൊണ്ട് നഗരം വീര്‍പ്പു മുട്ടി.

തദ്ദേശീയരുടെ പൂരമായ പകല്‍പ്പൂരം രാവിലെ എട്ടരയോടെ ആരംഭിച്ചു. ആദ്യം എഴുന്നള്ളിയത് പാറമേക്കാവ് ഭഗവതിയാണ്. മണികണ്ഠനാലില്‍ നിന്ന് വടക്കുന്നാഥനിലേക്ക് പെരുവനം കുട്ടന്‍ മാരാരും സംഘവും തീര്‍ത്ത പാണ്ടി മേളം എഴുന്നള്ളിപ്പിന് അകമ്പടിയായി.
പിന്നാലെ തിരുവമ്പാടി ഭഗവതിയുടെ എഴുന്നള്ളിപ്പ് പുറപ്പെട്ടു. ഇടക്ക് തിരുവമ്പാടി വിഭാഗത്തിലെ രണ്ട് ആനകള്‍ ഇടഞ്ഞത് പരിഭ്രാന്തിപരത്തി. അടിയാട്ട് അയ്യപ്പന്‍, തിരുവമ്പാടി രാമഭദ്രന്‍ എന്നീ ആനകളാണ് ഇടഞ്ഞത്.
തിരുവമ്പാടി രാമഭദ്രന്‍ വിരണ്ട് പിന്നിലേക്ക് തിരിഞ്ഞതോടെ ഓടി മാറിയവര്‍ക്ക് താഴെ വീണ് പരുക്കേറ്റു. പിന്നീട് ആനയെ മയക്കുവെടി വെച്ച് തളക്കുകയായിരുന്നു. പാറമേക്കാവ്, തിരുവമ്പാടി ഭഗവതിമാര്‍ ശ്രീമൂലസ്ഥാനത്ത് എത്തിയതോടെ പകല്‍പ്പൂരത്തിന്റെ വെടിക്കെട്ട് ആരംഭിച്ചു. ഒന്നരയോടെ പാറമേക്കാവ് വിഭാഗത്തിന്റെയും രണ്ടോടെ തിരുവമ്പാടി വിഭാഗത്തിന്റെയും പകല്‍വെടിക്കെട്ട് അരങ്ങേറി.
വെടിക്കെട്ടിന് ശേഷം പാറമേക്കാവ് ഭഗവതി നടുവിലാലില്‍ പോയി തിരിച്ചെത്തി ശ്രീമൂലസ്ഥാനത്ത് തെക്കോട്ട് അഭിമുഖമായി നിലയുറപ്പിച്ചു. ഈ സമയം വടക്കുന്നാഥനെ വണങ്ങി മതില്‍ക്കെട്ടിനകത്ത് കാത്തു നിന്നിരുന്ന തിരുവമ്പാടി ഭഗവതി ശ്രീമൂല സ്ഥാനത്ത് തിരിച്ചെത്തി വടക്കോട്ട് അഭിമുഖമായി നിന്നു. തുടര്‍ന്ന് പടിഞ്ഞാറേ ഗോപുര വാതിലില്‍ തിങ്ങി നിറഞ്ഞ പൂരപ്രേമികളെ സാക്ഷിയാക്കി ഭഗവതിമാര്‍ ഉപചാരം ചൊല്ലി പിരിഞ്ഞു.

Latest