എമിറേറ്റ്‌സ് എയര്‍ലൈന്‍സിന് 330 കോടിയുടെ ലാഭം

Posted on: May 9, 2014 6:45 pm | Last updated: May 9, 2014 at 6:45 pm
SHARE

New Imageദുബൈ: മാര്‍ച്ച് 31 അവസാനിക്കുന്ന സാമ്പത്തിക വര്‍ഷം എമിറേറ്റ്‌സ് എയര്‍ലൈന്‍സ് 330 കോടി ദിര്‍ഹമിന്റെ ലാഭം കൊയ്തതായി ചെയര്‍മാന്‍ ശൈഖ് അഹ് മദ് ബിന്‍ സഈദ് അല്‍ മക്തൂം വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
മുന്‍വര്‍ഷത്തെക്കാള്‍ 43 ശതമാനമാണ് വര്‍ധന. മുന്‍വര്‍ഷം 230 കോടിയുടേതായിരുന്നു ലാഭം. അതേ സമയം, ദുബൈ വിമാനത്താവളത്തിലെ അറ്റകുറ്റപ്പണി വന്‍ സാമ്പത്തിക ബാധ്യത സൃഷ്ടിക്കുന്നതാണ്. 100 കോടി ദിര്‍ഹമാണ് ചെലവു വരുക. ഈ വര്‍ഷം 777 എക്‌സ് ഇനത്തില്‍പ്പെട്ട ഭീമന്‍ വിമാനങ്ങള്‍ എമിറ്റേറ്റ്‌സ് വാങ്ങുന്നുണ്ട്. 3000 കോടി ഡോളര്‍ ഇതിന് നീക്കിവെക്കേണ്ടതുണ്ട്. നിലവില്‍ ബി 777 എസ് ഇനത്തില്‍പെട്ട 120 വിമാനങ്ങളാണ് ഉള്ളത്. 50 ലധികം വിമാനങ്ങള്‍ക്ക് ഓര്‍ഡര്‍ നല്‍കിയിട്ടുണ്ടെന്നും ശൈഖ് അഹ്മദ് പറഞ്ഞു. എമിറേറ്റ്‌സിന്റെ മുന്നേറ്റത്തെ യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം അഭിനന്ദിച്ചു.