Connect with us

Gulf

ദുബൈയില്‍ സന്ദര്‍ശക ബാഹുല്യം; ഫ്‌ളാറ്റുകള്‍ കിട്ടാനില്ല

Published

|

Last Updated

ദുബൈ: ദുബൈലേക്കുള്ള സന്ദര്‍ശകരുടെ എണ്ണം കൂടി. 14 ശതമാനമാണു സന്ദര്‍ശകരുടെ വര്‍ധന. നഗരത്തിലെ അപ്പാര്‍ട്ടുമെന്റുകളിലും ഹോട്ടലുകളിലും വന്‍ തിരക്കാണ്. കുടുംബത്തെ സന്ദര്‍ശക വിസയില്‍ കൊണ്ടുവരുന്നവര്‍ക്ക് ഫഌറ്റുകള്‍ കിട്ടാനില്ല.
സന്ദര്‍ശകരിലുണ്ടാകുന്ന വര്‍ധന കണക്കിലെടുത്തു ഓണ്‍ലൈന്‍ നടപടികള്‍ ഊര്‍ജിതമാക്കിയതായി താമസ കുടിയേറ്റവകുപ്പ് തലവന്‍ മേജര്‍ മുഹമ്മദ് അഹ്മദ് അല്‍ മറി പറഞ്ഞു. യാത്രക്കാരുടെ പെരുപ്പം പരിഗണിച്ചു 120 സ്മാര്‍ട്ട് ഗേറ്റുകള്‍ വിമാനത്താവളങ്ങളില്‍ സജ്ജീകരിച്ചിട്ടുണ്ട്. നിമിഷനേരം കൊണ്ട് യാത്രാപ്രക്രിയകള്‍ പൂര്‍ത്തിയാക്കാനാകുന്ന ഇ-കവാടങ്ങളുടെ എണ്ണം വര്‍ധിപ്പിച്ചു. ഇനിയും വിപുലീകരിക്കും. രാജ്യാന്തര സുരക്ഷാ സേനയായ ഇന്റര്‍പോളുമായി സഹകരിച്ചാണു വിപുലീകരണം പൂര്‍ത്തിയാക്കുക. 15 സെക്കന്‍ഡ് കൊണ്ടു യാത്രികര്‍ക്കു ഇ-കവാടങ്ങളിലൂടെ കടക്കാനാകും. യാത്രികരുടെ നേത്രാടയാളം രേഖപ്പെടുത്തുന്നുണ്ടെങ്കിലും സമയനഷ്ടം വരുന്നില്ലെന്നതാണു സവിശേഷത. ഇമിഗ്രേഷന്‍ കൗണ്ടറുകളില്‍ ക്യാമറ ഘടിപ്പിച്ചിട്ടുണ്ട്.
കഴിഞ്ഞ വര്‍ഷം 53 ലക്ഷം യാത്രക്കാര്‍ വിമാനത്താവളങ്ങളിലൂടെ ദുബൈയിലെത്തിയത്. സ്മാര്‍ട്ട് ഗേറ്റിലൂടെയാണു ഏഴ് ലക്ഷം പേരും കടന്നത്. ഇവരില്‍ മൂന്ന് ലക്ഷം ആളുകള്‍ ഇ-ഗേറ്റില്‍ റജിസ്റ്റര്‍ ചെയ്തവരായിരുന്നു.
യുഎഇ വൈസ്പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായി ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം പ്രഖൃാപിച്ച സ്മാര്‍ട്ട് സര്‍ക്കാര്‍ പദ്ധതി സമയപരിധിക്കു മുന്‍പെ പൂര്‍ത്തിയാക്കുമെന്ന് അല്‍മറി വ്യക്തമാക്കി. കഴിഞ്ഞ അഞ്ച്് വര്‍ഷത്തിനിടെ ഇ-രംഗത്തു വന്‍കുതിപ്പാണു താമസ കുടിയേറ്റവകുപ്പ് നടത്തിയത്. 2007 ല്‍ 65 ശതമാനം മാത്രമായിരുന്നു കാര്യാലയങ്ങളിലെ ഇ-സംവിധാനമെങ്കില്‍ ഇപ്പോള്‍ 95 ശതമാനമായി ഉയര്‍ന്നു. 267 സേവനങ്ങള്‍ ഓണ്‍ലൈന്‍ വഴിയാണു ജനങ്ങള്‍ക്കു ലഭ്യമാക്കുന്നത്.
1.16 കോടി ഇടപാടുകളാണു പോയവര്‍ഷം താമസകുടിയേറ്റ വകുപ്പ് നടത്തിയത്. ഡിപ്പാര്‍ട്ട്‌മെന്റിന്റെ വെബ്‌സൈറ്റ് 64 ലക്ഷം കമ്പനികള്‍ പ്രയോജനപ്പെടുത്തി. 2012 ല്‍ 54 ലക്ഷം കമ്പനികളായിരുന്നു വെബ്‌സൈറ്റ് വഴി ഇടപാട് നടത്തിയിരുന്നത്. വിഷന്‍ 2015 ലെ സ്മാര്‍ട്ട് സര്‍ക്കാറെന്ന പദ്ധതി യാഥാര്‍ഥ്യമാക്കാന്‍ താമസകുടിയേറ്റ വകുപ്പ് സജ്ജമായതായി മേജര്‍ അല്‍മര്‍റി അറിയിച്ചു. അതേസമയം ഷാര്‍ജയില്‍ കഴിഞ്ഞവര്‍ഷം സന്ദര്‍ശകരുടെ എണ്ണത്തില്‍ 15 ശതമാനം വര്‍ധനവുണ്ടായതായി ടൂറിസം അതോറിറ്റി അറിയിച്ചു. യൂറോപ്പില്‍ നിന്നുള്ളവര്‍ ധാരാളമായി എത്തുന്നു.