വിവാഹവേദിയില്‍ വധുവിനെ മുന്‍ കാമുകന്‍ വെടിവെച്ചു കൊന്നു

Posted on: May 9, 2014 12:13 pm | Last updated: May 9, 2014 at 12:13 pm

thumb-1252513273future-crime-gun

ഭോപാല്‍: വരനൊപ്പം അതിഥികളില്‍ നിന്നും ആശംസകള്‍ ഏറ്റുവാങ്ങവെ വധുവിനെ സ്‌റ്റേജില്‍ കയറി മുന്‍ കാമുകന്‍ വെടിവെച്ചു കൊന്നു. ഭോപാലിലെ ലാല്‍ഘട്ട് മേഖലയില്‍ ആണ് സംഭവം. ഡോക്ടര്‍ ജയശ്രീ നാംദിയോ ആണ് ദാരുണമായി കൊല്ലപ്പെട്ടത്. സ്‌റ്റേജിലേക്ക് കയറിവന്ന് ‘ഇവള്‍ എന്നെ വഞ്ചിച്ചു’ എന്ന് പറഞ്ഞ് യുവതിയുടെ മുന്‍ കാമുകനായിരുന്ന അനുരാഗ് സിങ് ജയശ്രീയുടെ കഴുത്തില്‍ തോക്കിന്റെ അറ്റം അമര്‍ത്തി വെടിവെക്കുകയായിരുന്നു. അവരെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു. പ്രതിശ്രുത വരനും വെടിയേറ്റതായി റിപ്പോര്‍ട്ടുണ്ട്.

വധുവിന്റെ ബന്ധുക്കള്‍ അക്രമിയെ പിടികൂടി കൈകാര്യം ചെയ്തതിനുശേഷം പൊലീസില്‍ ഏല്‍പിച്ചു. ഇരുവരും ഒരുമിച്ച് പഠിച്ചവരാണെന്നും ജയശ്രീ തന്നെ വഞ്ചിച്ചുവെന്നും അനുരാഗ് മൊഴി നല്‍കിയതായി പൊലീസ് പറഞ്ഞു. ശിശുരോഗ വിദഗ്ധ ആയ ജയശ്രീയും ശസ്ത്രക്രിയാ വിദഗ്ധന്‍ ആയ രോഹിതുമായുള്ള വിവാഹമാണ് നടന്നത്.