കെ ബി ഗണേഷ് കുമാര്‍ വിശാഖപട്ടണത്ത് ‘ടി ഡി പി സ്ഥാനാര്‍ത്ഥി’

Posted on: May 9, 2014 10:59 am | Last updated: May 9, 2014 at 10:59 am

 vishakha pattanam

വിശാഖപട്ടണം: കേരള കോണ്‍ഗ്രസ് നേതാവ് കെ ബി ഗണേഷ് കുമാര്‍ വിശാഖപട്ടണത്ത് ടി ഡി പി-ബി ജെ പി സഖ്യത്തിന്റെ സ്ഥാനാര്‍ത്ഥിയായി മല്‍സരിക്കുന്നു. ബി ജെ പി ടി ഡി പി സഖ്യത്തിന്റെ തെരഞ്ഞെടുപ്പു പോസ്റ്റര്‍ കണ്ട് ഞെട്ടിയിരിക്കുകയാണ് വിശാഖപട്ടണത്തെ മലയാളികള്‍ . ടി ഡി പിയുടെ തെരഞ്ഞെടുപ്പു ചിഹ്നമായ സൈക്കിള്‍ ചിഹ്നത്തില്‍ ഗണേഷ്‌കുമാറിന് വോട്ടു ചെയ്യണമെന്നാണ് പോസ്റ്ററില്‍ അഭ്യര്‍ത്ഥിച്ചിരിക്കുന്നത്.

പോസ്റ്ററടിച്ച പ്രസ്സുകാരാണ് ടി ഡി പിയെ വെട്ടിലാക്കിയിരിക്കുന്നത്. വിശാഖപട്ടണം സൗത്ത് മണ്ഡലത്തില്‍ ടി ഡി പി സ്ഥാനാര്‍ത്ഥി വി ഗണേഷ്‌കുമാറാണ് മല്‍സരിക്കുന്നത്. പോസ്റ്ററടിക്കാന്‍ നല്‍കിയ വിശാഖ സമാചാരം പ്രസ്സുകാര്‍ വി ഗണേഷ്‌കുമാറിന് പകരം പോസ്റ്ററില്‍ നല്‍കിയത് കേരളത്തിലെ മുന്‍ മന്ത്രി കെ ബി ഗണേഷ്‌കുമാറിന്റെ ഫോട്ടോ.

പോസ്റ്റര്‍ ചുമരുകളിലൊട്ടിക്കുക മാത്രമല്ല, ദിനപത്രങ്ങളില്‍ പരസ്യമായി നല്‍കുകയും ചെയ്തു. പരസ്യം കണ്ട മലയാളികള്‍ ടി ഡി പി നേതാക്കളെയും ബി ജെ പി നേതാക്കളെയും വിളിച്ച് കാര്യം പറഞ്ഞപ്പോഴാണ് അബദ്ധം മനസ്സിലായത്.